നിധിവേട്ടക്കാര്‍ക്ക് കോടികള്‍ സമ്പാദിക്കാന്‍ ഒരു അവസരം; ഇദ്ദേഹത്തിന്‍റെ കവിത വായിച്ചാല്‍ നിധി കണ്ടെത്താം  

 

 

മെക്‌സിക്കോ :പുരാതന കാലത്തെ നാണയങ്ങളും വിലപിടിപ്പുള്ള സ്വര്‍ണ്ണാഭരണങ്ങളും കണ്ടെത്താന്‍ രാവും പകലും കഷ്ടപ്പെടുന്ന നിധിവേട്ടക്കാര്‍ വിദേശ രാജ്യങ്ങളില്‍ നിരവധിയാണ്. കൗശലതയ്ക്കും ബുദ്ധി കൂര്‍മ്മതയ്ക്കും ഒപ്പം പലപ്പോഴും സാഹസികതയും കൂട്ടിന് വേണ്ട മേഖലയാണ് ഇത്. നിധികള്‍ക്കായി ദുര്‍ഘടമായ പാതകളിലൂടെയും നിബിഢ വനങ്ങളിലൂടെയും അലഞ്ഞ് തിരയേണ്ടി വരും. അത്തരക്കാരായ സാഹസിക നിധി വേട്ടക്കാര്‍ക്കായി ഒരു കലക്കന്‍ ഓഫര്‍ ഒരുക്കി വെച്ച് കാത്തിരിക്കുകയാണ് മെക്‌സിക്കോയിലെ ഒരു ശതകോടിശ്വരന്‍. പുരാവസ്തു വില്‍പ്പന മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മെക്‌സിക്കോ സ്വദേശിയായ ഫോറസ്റ്റ് ഫെന്നാണ് ഒരു ഉഗ്രന്‍ ഓഫര്‍ സാഹസിക വേട്ടക്കാര്‍ക്ക് മുമ്പില്‍ നീക്കി വെച്ച് കാത്തിരിക്കുന്നത്. സാന്റാ ഫെയ്ക്കും കനേഡിയന്‍ അതിര്‍ത്തിക്കും ഇടയിലായുള്ള റോക്കി മലയില്‍ താനൊരു പെട്ടിയില്‍ രത്‌നങ്ങളും സ്വര്‍ണ്ണനാണയങ്ങളും ഒളിപ്പിച്ച് വെച്ചിട്ടുണ്ടെന്നും അത് കണ്ടെത്തുന്നവര്‍ക്ക് അവ സ്വന്തമാക്കാമെന്നുമാണ് ഫെന്‍ പറയുന്നത്. 12 കോടിയോളം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ നാണയങ്ങളും രത്‌നങ്ങളും ആ പെട്ടിയിലുണ്ടെന്നാണ് ഫെന്നിന്റെ അവകാശ വാദം. ഇവ കണ്ടെത്താനുള്ള സൂചന നല്‍കുന്ന ഒരു കവിതയും അദ്ദേഹം എഴുതിയിട്ടുണ്ട്. ഈ കവിതകളില്‍ നിന്നും സൂചനകള്‍ കണ്ട് പിടിച്ചാല്‍ ഈ നിധി കൈക്കലാക്കാന്‍ എളുപ്പമാണെന്നാണ് അദ്ദേഹം പറയുന്നത്. തുരങ്കത്തിലൊന്നുമല്ല ഇവ ഒളിപ്പിച്ച് വെച്ചിരിക്കുന്നതെന്നും പഴയ ഒരു സെമിത്തേരിക്ക് സമീപമാണെന്ന തെളിവ് കൂടി ഫെന്‍ നല്‍കിയിട്ടുണ്ട്.2010 മുതലാണ് അദ്ദേഹം ഈ വെല്ലുവിളി സാഹസിക നിധി വേട്ടക്കാര്‍ക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ കരുതും പോലെ അത്ര എളുപ്പമല്ല ഈ നിധിവേട്ട. ഇവ സ്വന്തമാക്കാനായി റോക്കി മലയിലേക്ക് കയറിയവരില്‍ രണ്ട് പേര്‍ക്ക് ഇതിനോടകം ജീവഹാനി സംഭവിച്ചിട്ടുണ്ട്. നിരവധി പേര്‍ ശ്രമം പാതിവഴിയില്‍ ഉപേക്ഷിച്ച് തിരിച്ച് വന്നു.

Top