കൊച്ചി: മൈക്രോഫിനാന്‍സിന്റെ പേരില്‍ മൂന്ന് കോടിയുടെ തട്ടിപ്പ് നടത്തിയ കേസില്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പളളി നടേശന്‍ വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. ചെങ്ങനൂര്‍ പോലീസാണ് മൂന്ന് കോടിയുടെ തട്ടിപ്പ് നടത്തിയതിന് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തിരിക്കുന്നത്. വാദികളെ ബോധപൂര്‍വ്വം ചതിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി വ്യാജ രേഖകള്‍ ഉണ്ടാക്കി കോടികള്‍ തട്ടിയെടുത്തുവെന്ന പരാതിയിലാണ് നടപടി.
ചെങ്ങന്നൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ എസ് എന്‍ ഡിപി അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ച് ചെങ്ങന്നൂര്‍ പോലീസ് അന്വേഷണം നടത്തി കേസെടുക്കുകയായിരുന്നു.
വെള്ളാപ്പള്ളി നടേശനും മകനുമെതിരെ നേരത്തെ നിരവധി പേര്‍ പരാതിയുമായി രംഗത്തെത്തിയിരുന്നു. കോടികളുടെ തട്ടിപ്പാണ് മൈക്രോ ഫിനാന്‍സിന്റെ പേരില്‍ എസ് എന്‍ ഡി പി നേതൃത്വം നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ചെങ്ങന്നൂര്‍ സ്വദേശി സുനില്‍ നല്‍കിയ പരാതിയിലാണ് നടപടി. വെള്ളാപ്പള്ളിള്ളിയേയും മകനെയും കൂടാതെ മറ്റ് 12 പേരെയും പോലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. മൂന്ന് കോടി രൂപ തട്ടിപ്പ് നടത്തിയ പ്രതികള്‍ വിശ്വാസ വഞ്ചനയിലൂടെ ചതിച്ച് അന്യായമായ നഷ്ടം വരുത്തിവയ്ക്കുക. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകളും മണിലെഡേഴ്‌സ് ആക്ടിലെ വകുപ്പുകളുമാണ് ചുമത്തിയിരിക്കുന്നത്. പരാതിക്കാരന്റെയും സാക്ഷികളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി.