
പാലിൽ മായം കണ്ടെത്താൻ ഇനി മൊബൈൽ ഫോണ്‍ മതി. ഹൈദരാബാദ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി)യിലെ ഗവേഷകരാണ് പാലിലെ മായം കണ്ടെത്താൻ സ്മാർട്ട്ഫോണ്‍ അധിഷ്ഠിത സെൻസർ വികസിപ്പിച്ചത്. പാലിന്‍റെ പിഎച്ച് അളന്നാണ് മായം കണ്ടെത്തുന്നത്. നിരവധി മലിനീകാരകങ്ങൾ ഉപയോഗിച്ചുള്ള പിഎച്ച് വേരിയേഷനുകൾ ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ 99.71 ശതമാനം കൃത്യതയോടെ മായം കണ്ടെത്താനാകുമെന്നാണ് ഗവേഷകർ പറയുന്നത്. ഇലക്‌ട്രിക്കൽ എൻജിനിയറിംഗിലെ പ്രഫ. ശിവ് ഗോവിന്ദ് സിംഗിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കണ്ടെത്തലിനു പിന്നിൽ. ഇലക്‌ട്രോസ്പിന്നിംഗ് എന്ന പ്രക്രിയയിലൂടെ പേപ്പർ പോലുള്ള ഒരു വസ്തു വികസിപ്പിച്ചെടുത്തിട്ടുണ്ട്.
നൈലോണിന്‍റെ നാനോ വലുപ്പത്തിലുള്ള ഇഴകൾ ഉപയോഗിച്ചു നിർമിച്ച ഇതിൽ മൂന്നു നിറങ്ങൾ (ഡൈ) ഉൾപ്പെടുത്തിയിരിക്കുന്നു. പാലിൽ മുക്കിയാൽ അതിലെ അമ്ലഗുണത്തിലെ വ്യത്യാസമനുസരിച്ച് ഈ പേപ്പറിന് നിറമാറ്റമുണ്ടാകും. ഈ പേപ്പർ സ്ട്രിപ്പിൽ തെളിയുന്ന നിറമനുസരിച്ച് പിഎച്ച് നിശ്ചയിക്കുന്നതിന് സ്മാർട്ട്ഫോണ്‍ അധിഷ്ഠിത ആൽഗരിതവും വികസിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് പാലിൽ മുക്കി നിറം മാറിയ പേപ്പർ സ്ട്രിപ്പിന്‍റെ ഫോട്ടോ മൊബൈൽ ആപ് ഉപയോഗിച്ച് എടുക്കണം. ശേഷിക്കുന്ന വിവരങ്ങൾ മൊബൈൽ ആപ് നല്കും. ഐഐടി ഹൈദരാബാദിലെ അസോസ്യേറ്റ് പ്രഫസർമാരായ സൗമ്യ ജന, ശിവരാമകൃഷ്ണ വഞ്ജാരി എന്നിവരാണ് ഗവേഷകസംഘത്തിലുള്ളത്. ഫുഡ് അനലിറ്റിക്കൽ മെത്തേഡ് എന്ന ജേർണലിന്‍റെ ഈ മാസത്തെ പതിപ്പിലാണ് ഇവരുടെ റിസർച്ച് പബ്ലിഷ് ചെയ്തിരിക്കുന്നത്.