സംസ്ഥാനത്ത് വേനല്‍ കടുത്തതോടെ കുപ്പിവെള്ള വിപണിയിലെ ചൂഷണമില്ലാതാക്കാന്‍ സപ്ലൈകോയുടെ ഇടപെടല്‍. വെള്ളിയാഴ്ച മുതല്‍ സപ്ലൈകോയുടെ 1560 ഔട്ട്ലെറ്റുകള്‍ വഴി ലിറ്ററിന് 11 രൂപയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കും.
കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ ചൂഷണം അവസാനിപ്പിക്കാന്‍ കുറഞ്ഞ വിലയില്‍ കുപ്പിവെള്ളമെത്തിക്കണമെന്ന സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശത്തെതുടര്‍ന്നാണ് സപ്ലൈകോ നടപടി.20 രൂപയാണ് വിപണിയില്‍ ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന്റെ വില.
റെയില്‍വേയില്‍ 15 രൂപയും. ആദ്യഘട്ടത്തില്‍ മാവേലി സ്‌റ്റോറുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, മെഡിക്കല്‍ സ്‌റ്റോറുകള്‍ എന്നിവ വഴിയാണ് കുപ്പിവെള്ള വിതരണം. അംഗീകൃത സ്വകാര്യ കമ്പനികളില്‍ നിന്ന് കുപ്പിവെള്ളം വാങ്ങി വില്‍പ്പന നടത്തുന്നതിന് കരാറായി. ഇവര്‍ സപ്ലൈകോയുടെ ഔട്ട്ലെറ്റുകളില്‍ വെള്ളമെത്തിക്കും. യുഡിഎഫ് കാലത്ത് സ്വകാര്യ കമ്പനികളുമായി ചേര്‍ന്ന് ശബരി ബ്രാന്‍ഡില്‍ കുപ്പിവെള്ള വിതരണം നടത്താന്‍ തീരുമാനിച്ചിരുന്നുവെങ്കിലും വിലയേറിയതിനാല്‍ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിച്ചു. കുറഞ്ഞ വിലയ്ക്ക് കുപ്പി വെള്ളമെത്തിക്കുന്നതിന് ജലസേചന വകുപ്പിന് കീഴിലുള്ള കമ്പനിയുമായി ചര്‍ച്ച നടക്കുകയാണ്.
കുപ്പിവെള്ള വില്‍പ്പനയുടെ സംസ്ഥാനതല ഉദ്ഘാടനം ഗാന്ധിനഗറിലെ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ സപ്ലൈകോ മാനേജിങ് ഡയറക്ടര്‍ എം എസ് ജയ ആര്‍റ്റിഐ കേരള ഫെഡറേഷന്‍ പ്രസിഡന്റ് അഡ്വ. ഡി ബി ബിനുവിന് കുപ്പിവെള്ളം നല്‍കി ഉദ്ഘാടനം ചെയ്തു.