ചരിത്രം സൃഷ്ടിച്ച് മന്ത്രി രാജേഷ് ! വിവാഹമോചിതരുടെ 19 വർഷം മുൻപിലെ വിവാഹം രജിസ്റ്റർ ചെയ്തുകൊടുത്തു !രാജ്യത്ത് തന്നെ അപൂര്‍വമായ നടപടി

തിരുവനന്തപുരം :വിവാഹമോചിതരുടെ 19 വർഷം മുൻപിലെ വിവാഹം രജിസ്റ്റർ ചെയ്തുകൊടുത്തു !രാജ്യത്ത് തന്നെ അപൂര്‍വമായ നടപടി സ്വീകരിച്ച മന്ത്രി രാജേഷിന് കയ്യടി ! വിവാഹ മോചിതയായ ,19 വർഷം മുൻപ് വിവാഹം കഴിച്ച വിവാഹമാണിപ്പോൾ അപൂർവമായ നടപടിയിലൂടെ സർക്കാരിന്റെ പ്രത്യക ഉത്തരവ് പ്രകാരം രജിസ്റ്റർ ചെയ്തു കൊടുത്തത് .മന്ത്രിയുടെ അസാധാരണവും മനുഷ്യത്വപരവുമായ നടപടിക്ക് ഇപ്പോൾ വമ്പൻ സ്വീകാരിതയാണ് ഉണ്ടായിരിക്കുന്നത് . 19 വർഷത്തിന് ശേഷം നടത്തിയ അപൂർവ നടപടിയെക്കുറിച്ച് മന്ത്രി തന്നെ സോഷ്യൽ മീഡിയായിൽ വിവരങ്ങൾ പങ്കുവെച്ചു .

മന്ത്രിയുടെ പോസ്റ്റ് പൂർണ്ണമായി :

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വിവാഹമോചിതയാണ്. സൈനികനായിരുന്ന അച്ഛന്‍റെ കുടുംബപെൻഷന് വേണ്ടി അപേക്ഷയ്ക്കൊപ്പം‍ വിവാഹമോചന സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചപ്പോള്‍, വിവാഹ സര്‍ട്ടിഫിക്കറ്റും ആവശ്യമായി വന്നു. വിവാഹം നടക്കുന്ന കാലത്ത്, രജിസ്ട്രേഷൻ നിര്‍ബന്ധമല്ലാത്തതിനാല്‍ അന്ന് രജിസ്റ്റര്‍ ചെയ്തിരുന്നില്ല. വീണ്ടും രജിസ്റ്റര്‍ ചെയ്യണമെങ്കിലും ചട്ടമില്ല. മുൻഭര്‍ത്താവിന്‍റെ സഹകരണവുമില്ല. എന്ത് ചെയ്യും? ഈ പ്രശ്നവുമായാണ് ആലപ്പുഴ സ്വദേശിനിയായ അപേക്ഷകയുടെ സഹോദരൻ ഓഫീസിലെത്തുന്നത്.

നിലവിലെ ചട്ടത്തിലോ നിയമങ്ങളിലോ ദമ്പതികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കില്‍, വിവാഹമോചനത്തിന് ശേഷം രജിസ്റ്റര്‍ ചെയ്തുനല്‍കുന്നതിനെക്കുറിച്ച് പരാമര്‍ശമില്ല. എങ്കിലും നിയമവും ചട്ടവുമെല്ലാം മനുഷ്യരുടെ സുഗമമായ ജീവിതത്തിന് വേണ്ടിയാണല്ലോ. അതിനാല്‍ പ്രത്യേക ഉത്തരവിലൂടെ വിവാഹമോചിതരായി 15 വര്‍ഷത്തിന് ശേഷം, 19 വര്‍ഷം മുൻപുള്ള വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കാൻ അനുമതി നല്‍കി. രാജ്യത്ത് തന്നെ ഇത്തരമൊരു നടപടി അപൂര്‍വമായിരിക്കും. മനുഷ്യത്വപരമായ ഈ ഇടപെടലിലൂടെ ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ് തദ്ദേശ സ്വയം ഭരണ വകുപ്പ്.

2003ല്‍ വിവാഹിതരായ ദമ്പതികള്‍ 2007ല്‍ വിവാഹമോചിതരായിരുന്നു. സൈനികനായ പിതാവിന്‍റെ കുടുംബ പെൻഷൻ ലഭിക്കാൻ മകള്‍ക്ക് വിവാഹമോചന സര്‍ട്ടിഫിക്കറ്റിനൊപ്പം വിവാഹസര്‍ട്ടിഫിക്കറ്റും സമര്‍പ്പിക്കേണ്ടതായി വന്നു. ഈ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ഇന്ന് രാവിലെ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് ഓഫീസിലെത്തി അപേക്ഷ നല്‍കുകയും, വൈകിട്ടോടെ തന്നെ വിവാഹ സര്‍ട്ടിഫിക്കറ്റ് ഓൺലൈനില്‍ ലഭ്യമാക്കുകയും ചെയ്തു. ജനപക്ഷത്ത് നിന്നുള്ള സര്‍ക്കാര്‍ ഇടപെടലിന്‍റെ ഭാഗമാണ് നടപടി. വിവാഹമോചിതയായ മകള്‍ക്ക് തുടര്‍ജീവിതത്തിന്‍റെ പിതാവിന്‍റെ കുടുംബപെൻഷൻ സഹായകരമാണ്. ഇത് പരിഗണിച്ചാണ് അനുകൂല നടപടി സ്വീകരിച്ചത്.

വണ്ടാനം എസ്എൻഡിപി കമ്യൂണിറ്റി ഹാളില്‍വെച്ച് 2003 ഫെബ്രുവരി രണ്ടിന് വിവാഹിതരായ ദമ്പതികള്‍ ഏറ്റുമാനൂര്‍ കുടുംബകോടതി വിധി പ്രകാരം 2007 സെപ്റ്റംബര്‍ 14ന് വിവാഹമോചിതരായി. വിവാഹം 2003ല്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ല. സൈനികനായിരുന്ന പിതാവിന്‍റെ കുടുംബപെൻഷന്‍ ലഭിക്കുന്നതിനായി മകള്‍ ആര്‍മി റെക്കോര്‍ഡ്സില്‍ വിവാഹമോചനം നടന്നതിന്‍റെ രേഖ ഹാജരാക്കിയപ്പോള്‍, വിവാഹം നടന്നതിന്‍റെ രേഖയും ആവശ്യപ്പെടുകയായിരുന്നു.

2008ലെ ചട്ടങ്ങള്‍ പ്രകാരം വിവാഹത്തിലേര്‍പ്പെടുന്ന ഇരുകക്ഷികളും രജിസ്ട്രേഷനുള്ള അപേക്ഷയില്‍ ഒപ്പിടേണ്ടതുണ്ട്. വിവാഹമോചനം നടന്നതിന് ശേഷമായിരുന്നതിനാല്‍, മുൻഭര്‍ത്താവ് നേരിട്ട് ഹാജരാകാനോ, രേഖകള്‍ സമര്‍പ്പിക്കാനോ തയ്യാറായില്ല. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പഞ്ചായത്ത് രജിസ്ട്രാര്‍ രജിസ്ട്രേഷനുള്ള അപേക്ഷ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് അപേക്ഷകയുടെ സഹോദരൻ വിവാഹപൊതു മുഖ്യരജിസ്ട്രാര്‍ ജനറലായ തദ്ദേശ സ്വയം ഭരണ (റൂറല്‍) വകുപ്പ് ഡയറക്ടര്‍ക്ക് അപേക്ഷ നല്‍കുകയായിരുന്നു.
ദമ്പതികളില്‍ ഒരാള്‍ മരിച്ചെങ്കില്‍ ജിവിച്ചിരിക്കുന്ന വ്യക്തിയുടെ ഒപ്പ് രേഖപ്പെടുത്തി വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാനാകും.

വിവാഹമോചനം നേടിയവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കുന്നത് സംബന്ധിച്ച് നിയമങ്ങളോ ചട്ടങ്ങളോ കീഴ്വഴക്കങ്ങളോ ഇല്ല. ഈ സാഹചര്യത്തിലാണ് സര്‍ക്കാരിനോട് വിഷയത്തില്‍ സ്വീകരിക്കേണ്ട നടപടി തേടിയത്. വിവാഹം നടന്നുവെന്നും സാധുവാണെന്നും തെളിഞ്ഞതിന്‍റെയും അംഗീകരിച്ചതിന്‍റെയും അടിസ്ഥാനത്തിലാണ് കോടതി വിവാഹമോചനം അനുവദിച്ചത്. ഈ വസ്തുത വിലയിരുത്തിയാണ് വിവാഹം രജിസ്റ്റര്‍ ചെയ്തുനല്‍കാൻ, പ്രത്യേക ഉത്തരവിലൂടെ സര്‍ക്കാര്‍ നിര്‍ദേശിച്ചത്. 2008ലെ ചട്ടങ്ങളിൽ ഇത്‌ സംബന്ധിച്ച്‌ വ്യവസ്ഥകൾ നിലവിലില്ലാത്തതും, വിവാഹം നടന്ന കാലത്ത്‌ രജിസ്ട്രേഷൻ നിർബന്ധമല്ല എന്ന വസ്തുതയും പരിഗണിച്ചാണ്‌ തീരുമാനം. നിലവിലുള്ള ഒരു നിയമത്തിലും വിവാഹമോചിതരായ ദമ്പതികള്‍ക്ക് അവരുടെ മുൻ വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്ന കാരണത്താല്‍ മുൻവിവാഹം രജിസ്റ്റര്‍ ചെയ്യുന്നതു തടയുന്ന വ്യവസ്ഥകള്‍ നിലവിലില്ല.

നിയമങ്ങളും ചട്ടങ്ങളും ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ ജീവൽപ്രശ്നങ്ങൾ പരിഹരിക്കുവാനും ആവശ്യങ്ങൾ നിറവേറ്റുവാനും വേണ്ടിയാണ്. ആവശ്യമായ സാഹചര്യങ്ങളിൽ മാനുഷിക പരിഗണനയ്ക്ക് മുൻഗണന നൽകിക്കൊണ്ട് നിയമപരമായിത്തന്നെ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന്റെ ഭാഗമായാണ്‌ ഈ നടപടിയും. മുൻപ് പരേതരായ ദമ്പതികളുടെ വിവാഹം 53 വർഷത്തിന്‌ ശേഷം രജിസ്റ്റർ ചെയ്തുനല്‍കാൻ തദ്ദേശ സ്വയം ഭരണ വകുപ്പ് പ്രത്യേക അനുവാദം നല്‍കിയിരുന്നു.

പാലക്കാട്‌ ശേഖരിപുരം സ്വദേശികളായ ദമ്പതികളുടെ വിവാഹമായിരുന്നു മാനസിക വൈകല്യമുള്ള ഏകമകന്‍റെ അപേക്ഷ പരിഗണിച്ച് അന്ന് അനുവദിച്ചത്. കോവിഡ്‌ മഹാമാരിയുടെ സാഹചര്യത്തിൽ ഇന്ത്യയ്ക്ക്‌ പുറത്ത്‌ താമസിക്കുന്ന ദമ്പതികൾക്ക്‌ നേരിൽ ഹാജരാകാതെ തന്നെ വിവാഹം രജിസ്റ്റർ ചെയ്യാൻ പ്രത്യേക അനുമതി നൽകിയിരുന്നു. ഈ സൗകര്യം ഇപ്പോളും തുടരുന്നുണ്ട്‌.

ആധുനിക ‌ വിവര സാങ്കേതിക വിദ്യയുടെ കാലത്ത്‌ നേരിൽ ഹാജരാകാതെ വിവാഹം രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം സ്ഥിരമായി ലഭ്യമാക്കുന്നതിന്‌ ചട്ടഭേദഗതി നടത്താൻ നടപടികൾ ആരംഭിച്ചുകഴിഞ്ഞു. കൂടാതെ വിവാഹമോചനം നേടുന്നവരുടെ വിവരങ്ങൾ വിവാഹരജിസ്റ്ററിൽ ചേർക്കപ്പെടുന്നില്ല എന്ന ഗൗരവമായ വിഷയവും ഉയർന്നുവന്നിട്ടുണ്ട്. ഇത്‌ പരിഗണിച്ച്‌ വിവാഹമോചനവും യഥാവിധി രേഖപ്പെടുത്തുന്നതിന്‌ നിയമനിർമ്മാണം നടത്തുന്നതിനുള്ള നടപടിയും ആരംഭിച്ചിട്ടുണ്ട്.
ജനപക്ഷത്ത് നിലയുറപ്പിച്ചുള്ള ഇത്തരം നടപടികള്‍ സര്‍ക്കാര്‍ തുടരും, ഓരോ ഫയലും ഓരോ ജീവിതമാണ്.

Top