ബിജെപി നടത്തിയ മാര്‍ച്ച് ജനാധിപത്യ മര്യാദയില്ലാത്തത്!.ആര്‍എസ്എസിനെതിരെ പറഞ്ഞാല്‍ സ്പീക്കറായാലും വീട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കില്ലെന്ന് ഭീഷണി

കൊച്ചി: സ്പീക്കര്‍ എംബി രാജേഷിന്റെ വീട്ടിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ജനാധിപത്യ മര്യാദയില്ലാത്തതാണെന്ന് എകെ ബാലന്‍. മലബാര്‍ കലാപത്തെയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും കുറിച്ച് അഭിപ്രായം പറഞ്ഞതിനാൻ സ്പീക്കറുടെ വീട്ടിലേക്ക് മാർച്ച് നടത്തിയത് .മലബാര്‍ കലാപത്തെക്കുറിച്ച് രാജേഷ് പറഞ്ഞത് സിപിഐഎമ്മിന്റെ അഭിപ്രായമാണെന്നും രാഷ്ട്രീയ അഭിപ്രായങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ തയ്യാറാകണമെന്ന് ബിജെപിയോട് എകെ ബാലന്‍ ആവശ്യപ്പെട്ടു. രാജേഷിന് നേരെ ഉയരുന്ന ഭീഷണികളെ നിസാരമായ കാണാന്‍ സാധിക്കില്ല. സ്പീക്കര്‍ക്കെതിരായ നീക്കത്തില്‍ ജനാധിപത്യ വിശ്വാസികളും സാംസ്‌കാരിക രംഗത്തുള്ളവരും ശക്തമായി പ്രതിഷേധിക്കണം. അഭിപ്രായം പ്രകടിപ്പിച്ചു എന്നതിന്റെ പേരില്‍ വീട്ടിലേക്കുള്ള കടന്നുകയറ്റം തനി ഫാസിസ്റ്റ് രീതിയാണെന്നും എകെ ബാലന്‍ വ്യക്തമാക്കി.

മലബാര്‍ കലാപത്തെയും വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെയും കുറിച്ച് അഭിപ്രായം പറഞ്ഞതിന് സ്പീക്കര്‍ ശ്രീ. എം ബി രാജേഷിന്റെ വീട്ടിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് ജനാധിപത്യ മര്യാദയില്ലാത്തതാണ്. മലബാര്‍ കലാപത്തെക്കുറിച്ച് എം ബി രാജേഷ് പറഞ്ഞത് സിപിഐ എമ്മിന്റെ അഭിപ്രായമാണ്. രാഷ്ട്രീയ അഭിപ്രായങ്ങളെ രാഷ്ട്രീയമായി നേരിടണം. വീട്ടിലേക്ക് മാര്‍ച്ച് നടത്തി അക്രമം നടത്തുകയായിരുന്നു ബിജെപി ലക്ഷ്യം. ആര്‍എസ്എസിനെതിരെ പറഞ്ഞാല്‍ സ്പീക്കറായാലും വീട്ടില്‍ കിടന്നുറങ്ങാന്‍ അനുവദിക്കില്ല എന്ന ഭീഷണിയാണിത്. സംഭവത്തില്‍ ബിജെപി നേതൃത്വം നിലപാട് വ്യക്തമാക്കണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മധ്യപ്രദേശിലെ ആര്‍എസ്എസ് നേതാവ് കുന്തന്‍ ചന്താവത്ത് മുഖ്യന്ത്രി പിണറായി വിജയന്റെ തലകൊയ്താല്‍ ഒരു കോടി രൂപ നല്‍കാമെന്ന് വാഗ്ദാനം ചെയ്തിരുന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രിയെ അടിക്കുമെന്ന് ഒരു കേന്ദ്രമന്ത്രി പറഞ്ഞതും അതിന്റെ തുടര്‍ച്ചയാണ്. എം ബി രാജേഷിന് ഗുജറാത്തില്‍ നിന്നടക്കം വീട്ടിലേക്ക് ഭീഷണി വരുന്നു. ഇത് നിസാരമായി കാണാനാവില്ല. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ രാജ്യസ്‌നേഹത്തെക്കുറിച്ച് പറഞ്ഞ ചരിത്രകാരന്‍ എം ജി എസ് നാരായണന്‍, എ ബി വാജ്‌പേയ് സര്‍ക്കാരിന്റെ കാലത്ത് ചരിത്ര ഗവേഷണ കൗണ്‍സില്‍ ചെയര്‍മാനായിരുന്നു. എം ജി എസ് നാരായണന്റെ ചില നിലപാടുകളോട് സിപിഐ എമ്മിന് വിയോജിപ്പുണ്ട്. എന്നാല്‍ ചരിത്രത്തോട് അദ്ദേഹം നീതിപുലര്‍ത്തിയിട്ടുണ്ട്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ഭഗത്‌സിങ്ങും മരണത്തെ സ്വീകരിച്ച രീതിയാണ് എം ബി രാജേഷ് പ്രതിപാദിച്ചത്. അവരുടെ ധീരതയ്ക്ക് സമാന സ്വഭാവമുണ്ടായിരുന്നു. നേരിട്ടുനിന്ന് വെടിവച്ച് കൊല്ലാനാണ് ഇരുവരും ബ്രിട്ടീഷുകാരോട് ആവശ്യപ്പെട്ടത്.

സ്പീക്കര്‍ക്കെതിരായ നീക്കത്തില്‍ ജനാധിപത്യ വിശ്വാസികളും സാംസ്‌കാരിക രംഗത്തുള്ളവരും ശക്തമായി പ്രതിഷേധിക്കണം. ഇത് സ്പീക്കര്‍ക്കെതിരായ ഒറ്റപ്പെട്ട നീക്കമായി കാണാനാവില്ല. എം ബി രാജേഷിന് ഇതിനു മുമ്പ് നിരവധി വധ ഭീഷണികളും ഊമക്കത്തുകളും കിട്ടിയിട്ടുണ്ട്. എവിടേക്കാണ് നമ്മുടെ രാജ്യത്തെ സംഘപരിവാര്‍ കൊണ്ടുപോകാന്‍ ശ്രമിക്കുന്നത് എന്നതിന്റെ തെളിവാണിത്. ഒരു അഭിപ്രായം പ്രകടിപ്പിച്ചു എന്നതിന്റെ പേരില്‍ വീട്ടിലേക്കുള്ള കടന്നുകയറ്റം തനി ഫാസിസ്റ്റ് രീതിയാണ്. 1921 ലെ മലബാര്‍ കലാപത്തെ കുറിച്ച് സി പി ഐ എമ്മിന്റെ കാഴ്ചപ്പാട് സ. ഇ എം എസ് എഴുതിയ ആഹ്വാനവും താക്കീതും എന്ന പുസ്തകത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അതില്‍ നിന്ന് മാറി ചിന്തിക്കേണ്ട കാര്യം ഞങ്ങള്‍ക്കില്ല. ഏതു പ്രസ്ഥാനവുമായി ബന്ധപ്പെട്ടും ഒറ്റപ്പെട്ട ചില വ്യതിയാനങ്ങള്‍ ഉണ്ടാകാം.

ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവല്‍കരിക്കാനാണ് ബി ജെ പി ശ്രമിച്ചത്. ഇക്കാര്യത്തില്‍ മുസ്ലിം ലീഗ് അമിതാവേശം കാട്ടുന്നത് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വിശ്വാസ്യതയെ ബാധിക്കും. കാരണം, ഇന്നത്തെ മുസ്ലിം ലീഗിനെ നിയന്ത്രിക്കുന്നത് ജമാഅത്തെ ആണെന്നതുകൊണ്ട് ലീഗിന്റെ ഒരു പരാമര്‍ശവും പൊതുസമൂഹം മുഖവിലക്കെടുക്കില്ല. മുസ്ലിം സമൂഹത്തിലെ ബഹുഭൂരിപക്ഷവും മതനിരപേക്ഷതയിലും ജനാധിപത്യത്തിലും വിശ്വസിക്കുന്നവരാണ്, മുസ്ലിം ലീഗിന്റെ തലതിരിഞ്ഞ നേതൃത്വത്തോട് അമര്‍ഷമുള്ളവരാണ്. തീവ്ര വര്‍ഗീയ നിലപാടുള്ള ചിലരോട് പ്രതിസന്ധി ഘട്ടങ്ങളില്‍ ലീഗ് നേതൃത്വം സഹായം ആവശ്യപ്പെടാറുണ്ട്. ജമാ അത്തെ മുസ്ലിം ലീഗ് നേതൃത്വത്തെ സ്വാധീനിക്കാന്‍ കഴിയുന്ന ശക്തിയാണ്. വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെക്കുറിച്ച് ഒന്നും പറയാതിരിക്കുകയെന്നതാണ് ചരിത്രത്തോട് മുസ്ലിം ലീഗിന് ചെയ്യാവുന്ന നീതി.

Top