തിരുവനന്തപുരം : പോലീസിന്റേത് മികച്ച പ്രവര്‍ത്തനമെന്നും ഒറ്റപ്പെട്ട സംഭവങ്ങളെ വിലയിരുത്തി പോലീസിനെ വിമര്‍ശിക്കരുതെന്ന പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു എന്നുമുള്ള മന്ത്രി വി ശിവന്‍ കുട്ടിയുടെ പ്രതികരണത്തിനെയും തള്ളി മന്ത്രിയും മുഖ്യമന്ത്രി പിണറായിയുടെ മരുമകനായ മുഖമെദ് റിയാസ്. കോവളത്ത് സ്വീഡിഷ് പൗരന്റെ പക്കല്‍ ഉണ്ടായിരുന്ന മദ്യം ഒഴുക്കികളഞ്ഞ സംഭവത്തില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനം ആവര്‍ത്തിച്ച് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് വരുകയായിരുന്നു .
ഒറ്റപ്പെട്ട സംഭവങ്ങളെ വിലയിരുത്തി സംസ്ഥാനത്തെ പോലീസ് സേനയെ ആകെ വിമര്‍ശിക്കരുതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളത്തിലെ പോലീസ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കൊല്ലം ജില്ലാ സമ്മേളന പൊതുചര്‍ച്ചയിലാണ് കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കൊല്ലം, പാലക്കാട് ജില്ലാ സമ്മേളനങ്ങളില്‍ സംസ്ഥാന പൊലീസിനെതിരെ വ്യാപക വിമര്‍ശനം ഉയരുകയും കോവളത്ത് വിദേശ പൗരനോടുള്ള പെരുമാറ്റവും വിവാദമായ പശ്ചാത്തലത്തില്‍ കൂടിയാണ് കോടിയേരിയുടെ പ്രതികരണം.
കോവളത്തേത് ഒറ്റപ്പെട്ട സംഭവമാണെന്നും സര്‍ക്കാര്‍ നടപടി സ്വീകരിച്ചു എന്നുമുള്ള മന്ത്രി വി ശിവന്‍ കുട്ടിയുടെ പ്രതികരണത്തിന് പിന്നാലെയാണ് ടൂറിസം മന്ത്രിയുടെ പ്രതികരണം. ഒറ്റുപ്പെട്ട സംഭവങ്ങള്‍ പോലും ഉണ്ടാവാന്‍ പാടില്ലായിരുന്നു എന്ന് ചൂണ്ടിക്കാട്ടിയ മുഹമ്മദ് റിയാസ് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ പൊലീസ് കൂടുതല്‍ വിനയത്തോടെ പെരുമാറണം എന്നും മന്ത്രി ചൂണ്ടിക്കാട്ടി.
കോവളത്ത് എന്താണ് നടന്നത് എന്നും മന്ത്രി പ്രതികരിച്ചു. വിഷയത്തില്‍ ഇത് രണ്ടാം തവണയാണ് പൊലീസിനെ പരസ്യമായി വിമര്‍ശിച്ച് മന്ത്രി മുഹമ്മദ് റിയാസ് രംഗത്ത് എത്തുന്നത്. സര്‍ക്കാരിനൊപ്പം നിന്ന് സര്‍ക്കാരിനെ അള്ള് വയ്ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നായിരുന്നു ടൂറിസം മന്ത്രിയുടെ ആദ്യ പ്രതികരണം. ഇത്തരം സംഭവങ്ങള്‍ ടൂറിസം രംഗത്തിന് തിരിച്ചടി നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. ആര് തകര്‍ക്കാന്‍ ശ്രമിച്ചാലും ടൂറിസം വകുപ്പ് തകരില്ലെന്നും മന്ത്രി പറഞ്ഞു. കോവളത്ത് വിദേശിയോട് മോശമായി പെരുമാറിയ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. സംഭവം ബന്ധപ്പെട്ട വകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
സ്വീഡിഷ് പൗരനെ പൊലീസ് തടഞ്ഞു നിര്‍ത്തി അപമാനിച്ച വിഷയം വ്യാപകമായി ചര്‍ച്ചയായതിന് പിന്നാലെ ഉദ്യോഗസ്ഥന് എതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. ഗ്രേഡ് എസ്‌ഐ ഷാജിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ഡിജിപിയോട് മുഖ്യമന്ത്രി പിണറായി വിജയന്‍ റിപ്പോര്‍ട്ട് തേടിയിരുന്നു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അനില്‍കാന്ത് താഴേത്തട്ടിലേക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കോവളത്തെ സംഭവം പരിശോധിക്കുകയാണെന്നും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍ കുമാര്‍ നല്‍കുന്ന സൂചന. കോവളത്തെ സംഭവം പരിശോധിച്ച് വരികയാണ്, പരിശോധനയ്ക്ക് എത്തിയ ടീമിലുണ്ടായിരുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകുനമെന്ന സൂചനയും അദ്ദേഹം നല്‍കിയിരുന്നു.
ഇതിന് പിന്നാലെയാണ് വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിച്ചതായി മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചത്. കോവളം സംഭവം ഒറ്റപ്പെട്ട വിഷയമാണെന്നും മന്ത്രി പ്രതികരിച്ചു. സ്വീഡിഷ് പൗരന്‍ സ്റ്റീഫനെ കോവളത്ത് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കേരളത്തിലെത്തുന്ന ടൂറിസ്റ്റുകള്‍ക്ക് മോശം അനുഭവം ഉണ്ടാകാന്‍ പാടില്ല. എന്നാല്‍ ഈ ഒരു വിഷയത്തിന്റെ പേരില്‍ പൊലീസിനെ ഒന്നടങ്കം മോശമാക്കുന്നത് ശരിയല്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.