ഭോപ്പാല്‍: വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി വോട്ട് നേടാന്‍ ശ്രമിക്കുന്ന ബിജെപി മന്ത്രി. മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബിജെപിയുടെ വനിതാ മന്ത്രി വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയത്. കോണ്‍ഗ്രസിന് വോട്ട് ചെയ്യുന്നത് അവസാനിപ്പിച്ച ശേഷമേ നിങ്ങള്‍ക്ക് കുടിവെള്ളം അടക്കമുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നല്‍കൂവെന്നാണ് സംസ്ഥാന വാണിജ്യ മന്ത്രി യശോദര രാജെ സിന്ധ്യയുടെ ഭീഷണി. ഈ മാസം 24നാണ് കോലാറസ് മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ്.
സിന്ധ്യയുടെ പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. സിന്ധ്യ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്നാണ് കോണ്‍ഗ്രസിന്റെ പരാതി. ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കോലാറസ്.
ബി.ജെ.പി സ്ഥാനാര്‍ത്ഥിയെ തെരഞ്ഞെടുത്തില്ലെങ്കില്‍ നിങ്ങള്‍ ഇനിയും പിന്നാക്കം പോകുമെന്ന് രാജെ സിന്ധ്യ ഭീഷണിപ്പെടുത്തുന്നു. നിങ്ങള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ ആണ് വിജയിപ്പിക്കുന്നതെങ്കില്‍ നിങ്ങളുടെ ആവശ്യങ്ങളുമായി അയാള്‍ തന്റെ പക്കല്‍ എത്തുമ്പോള്‍ താന്‍ സംസാരിക്കാന്‍ പോലും കൂട്ടാക്കില്ല. മന്ത്രി താനാണ്. തന്റെ മന്ത്രിസഭ അയാളുടെ ഒരു കാര്യവും ചെയ്തുകൊടുക്കില്ലെന്നും അവര്‍ ഭീഷണിപ്പെടുത്തി.
കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളില്‍ ഈ സീറ്റ് കോണ്‍ഗ്രസ് ആണ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തിലാണ് ഇവിടെ പ്രചാരണം. സിന്ധ്യയെ നേരിടാനാണ് ബി.ജെ.പി യശോദര രാജെ സിന്ധ്യയെ പ്രചാരണത്തിനിറക്കിയത്.
ശനിയാഴ്ച പ്രചാരണത്തിനിടെ, തങ്ങള്‍ക്ക് വെള്ളം കിട്ടുന്നില്ലെന്ന് പരാതിപ്പെട്ട നാട്ടുകാരോടാണ് അവര്‍ ഇങ്ങനെ പറഞ്ഞത്. കോണ്‍ഗ്രസിന്റെ ‘കൈ’യില്‍ വോട്ട് ചെയ്യുന്നത് അവസാനിപ്പിച്ചാലെ നിങ്ങള്‍ക്ക് വെള്ളം ലഭിക്കൂ. രണ്ടു തവണ നിങ്ങള്‍ ‘കൈ’യ്ക്ക് വോട്ട് ചെയ്തു. കൈയ്ക്ക് വോട്ട് ചെയ്യുന്ന കാലത്തോളം വെള്ളമില്ലാതെ നിങ്ങള്‍ കഴിഞ്ഞാല്‍ മതിയെന്നായിരുന്നു അവരുടെ മറുപടി.