തിരുവനന്തപുരം: കേരളത്തില്‍ വര്‍ധിച്ചു വരുന്ന ഡെങ്കി, എലിപ്പനി വിഷയത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. കേരളത്തില്‍ പനി ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ട്. പനിയുടെ കാര്യത്തില്‍ സ്വയം ചികിത്സ പാടില്ല എന്ന മുന്നറിയിപ്പും മന്ത്രി നല്‍കി. ആശുപത്രികളില്‍ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചു. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് വേണ്ട മുന്‍കരുതല്‍ നല്‍കിയിട്ടുണ്ട് എന്ന് അവര്‍ വ്യക്തമാക്കി.
കൊവിഡ് കേസുകളുടെ കാര്യത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. എലിപ്പനി, ഡെങ്കി പനി എന്നിവയിലാണ് ജാഗ്രത വേണ്ടത് എന്ന് വീണ ജോര്‍ജ് അറിയിച്ചു.
സംസ്ഥാനത്ത് ഡെങ്കിപ്പനി വ്യാപനം ജൂലൈയില്‍ ശക്തമാകാനും രോഗികളുടെ എണ്ണത്തില്‍ വര്‍ധനവിനും സാധ്യത. ഇന്നലെ ഏറ്റവും കൂടുതല്‍ പേര്‍ ചികില്‍സ തേടിയത് മലപ്പുറം ജില്ലയിലാണ് . 2095 പേര്‍. കോഴിക്കോട് 1529 ഉം എറണാകുളത്ത് 1217 ഉം തിരുവനന്തപുരത്ത് 1156 ഉം പേര്‍ ചികില്‍സ തേടി. ആകെ 12876 പേരാണ് പനിബാധിച്ച് ആശുപത്രികളിലെത്തിയത്. 20 ദിവസത്തിനിടെ ഒന്നേ മുക്കാല്‍ ലക്ഷം പേര്‍ക്ക് പനി ബാധിച്ചു.