
തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാര്‍ത്ഥി സ്‌കോളര്‍ഷിപ്പിനുള്ള 80:20 അനുപാതം മാറ്റി ജനസംഖ്യാടിസ്ഥാനത്തില്‍ പുന:ക്രമീകരിക്കാന്‍ മന്ത്രിസഭാ തീരുമാനം. 2011 ലെ സെന്‍സസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തില്‍ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ പുന:ക്രമീകരിക്കാനാണ് തീരുമാനം. മന്ത്രി സഭാ യോഗത്തിലാണ് നിർണായക തീരുമാനം. ഹൈക്കോടതി വിധി അനുസരിച്ച് 2011 ലെ സെൻസസ് പ്രകാരം ജനസംഖ്യാടിസ്ഥാനത്തിൽ ഒരു കമ്മ്യൂണിറ്റിക്കും ആനുകൂല്യം നഷ്ടപ്പെടാതെ ഇത് അനുവദിക്കാനാണ് തീരുമാനം. ക്രിസ്ത്യൻ 18.38%, മുസ്ലീം 26.56%, ബുദ്ധർ 0.01%, ജൈൻ 0.01%, സിഖ് 0.01% എന്നിങ്ങനെയാണിത്. മേൽപ്പറഞ്ഞ ന്യൂനപക്ഷ സമുദായങ്ങളിൽ അപേക്ഷകർ ഉള്ളപ്പോൾ നിലവിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന വിഭാഗങ്ങൾക്ക് ഇപ്പോൾ ലഭിക്കുന്ന എണ്ണത്തിലോ തുകയിലോ കുറവുണ്ടാവില്ല. സ്കോളർഷിപ്പിനായി 23.51 കോടി രൂപ ആവശ്യമുള്ളതിൽ ബജറ്റ് വിഹിതം കഴിച്ച് 6.2 കോടി രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചു.
വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ ജനസംഖ്യാനുപാതികമായി നല്‍കണമെന്നാണ് നേരത്തെ ഹൈക്കോടതി വിധിച്ചിരുന്നു. 80 ശതമാനം സ്‌കോളര്‍ഷിപ്പുകള്‍ മുസ്ലീംങ്ങള്‍ക്കും 20 ശതമാനം ക്രിസ്ത്യാനികള്‍ക്കും എന്ന രീതിയിലായിരുന്നു ഇതുവരെയും സ്‌കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തിരുന്നത്. ഈ അനുപാതം കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്ന് ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ അനുപാതം നിശ്ചയിക്കുന്നതിനു വേണ്ടി സര്‍ക്കാര്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു.
ന്യൂനപക്ഷ സമുദായാംഗങ്ങളായ വിദ്യാര്‍ഥികള്‍ക്ക് മെറിറ്റ് സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനായി ഇറക്കിയ മൂന്ന് ഉത്തരവുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. നത്ത് ന്യൂനപക്ഷങ്ങള്‍ക്കുള്ള മെറിറ്റ് സ്‌കോളര്‍ഷിപ്പില്‍ മുസ്ലിങ്ങളെയും ലത്തീന്‍ കത്തോലിക്ക പരിവര്‍ത്തിത ക്രിസ്ത്യന്‍ വിഭാഗങ്ങളെയും മാത്രമാണ് ഉള്‍പ്പെടുത്തിയത്. ഇത് വിവേചനമാണെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.
2011-ലെ സെന്‍സസ് അനുസരിച്ച് നോക്കുമ്പോള്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ 45.27 ശതമാനമാണ്. ഇതില്‍ മുസ്ലിങ്ങള്‍ 58.67 ശതമാനം വരും. 40.6 ശതമാനമാണ് ക്രിസ്ത്യാനികള്‍. മറ്റുള്ളവര്‍ 0.73 ശതമാനവും. സ്‌കോളര്‍ഷിപ്പ് നല്‍കുന്നതില്‍ വിവേചനമുണ്ടെന്നാരോപിച്ച് ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ സര്‍ക്കാരിനും സംസ്ഥാന ന്യൂനപക്ഷ കമ്മിഷനും പരാതിനല്‍കിയിരുന്നു. ഇതില്‍ ഒരു നടപടിയുമുണ്ടായില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
കോവിഡിൻറെ പശ്ചാത്തലത്തിൽ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പളത്തിൽ നിന്ന് മാറ്റിവെച്ച വിഹിതം തിരികെ നൽകി പുറപ്പെടുവിച്ച ഉത്തരവിൽ ഭേദഗതി വരുത്തും. ദേശീയ പെൻഷൻ പദ്ധതിയുടെ പരിധിയിൽ വരുന്ന ജീവനക്കാരുടെയും അദ്ധ്യാപകരുടെയും തിരികെ നൽകുന്ന മാറ്റിവെച്ച ശമ്പളത്തിൽ നിന്ന് ജീവനക്കാരൻറെ ദേശീയ പെൻഷൻ പദ്ധതി വിഹിതം കുറവു ചെയ്യേണ്ടതില്ല എന്ന് ഫെബ്രുവരി 26 ലെ സർക്കാർ വിജ്ഞാപനത്തിൽ നിഷ്കർഷിച്ചിരുന്നു. ഈ നിബന്ധന ഒഴിവാക്കി പുതിയ വിജ്ഞാപനം പുറപ്പെടുവിക്കും.
കണ്ണൂർ സിറ്റി, കണ്ണൂർ റൂറൽ ജില്ലാ പോലീസ് ഓഫീസുകളുടെയും വനിതാ ബറ്റാലിയൻറെയും സുഗമമായ പ്രവർത്തനത്തിന് സംസ്ഥാന പോലീസിലെ മിനിസ്റ്റീരിയൽ വിഭാഗത്തിൽ 49 തസ്തികകൾ സൃഷ്ടിക്കും. ക്രൈംബ്രാഞ്ചിൽ നിലവിലുള്ള അഞ്ച് ജൂനിയർ സൂപ്രണ്ട് തസ്തികകൾ സീനിയർ സൂപ്രണ്ട് തസ്തികകളായി ഉയർത്തും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലുള്ള അഗതിരഹിത കേരളം പദ്ധതിയിൽ നിന്നും ഒഴിവാക്കപ്പെട്ട അതി ദരിദ്രരെ കണ്ടെത്തുന്നതിന് തയ്യാറാക്കിയ മാർഗരേഖ അംഗീകരിച്ചു. നാലര മാസത്തിനുള്ളിൽ ഇതിന്റെ സർവ്വേ പൂർത്തീകരിക്കും. പ്രക്രിയ സമയബന്ധിതമായി പൂർത്തീകരിക്കാൻ ഗ്രാമവികസന കമ്മീഷണറേറ്റിലെ അഡീഷണൽ ഡവലപ്പ്മെൻറ് കമ്മീഷണർ സന്തോഷ് കുമാറിനെ സംസ്ഥാനതല നോഡൽ ഓഫീസറായി നിശ്ചയിച്ചു.