ലോ അക്കാദമി സമരം; നാളെ വിദ്യാര്‍ത്ഥികളുമായി വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച

തിരുവനന്തപുരം: ലോ അക്കാദമി വിദ്യാര്‍ത്ഥികളുടെ ആവശ്യം അംഗീകരിച്ച് നാള ചര്‍ച്ച നടത്താന്‍ വിദ്യാഭ്യാസ മന്ത്രിയുടെ തീരുമാനം. ഇനിയുള്ള ചര്‍ച്ചകള്‍ വിദ്യാഭ്യാസ മന്ത്രിയുമായിട്ടുമാത്രമെന്ന് വിദ്യാര്‍ത്ഥികളുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് മന്ത്രി തീരുമാനം പ്രഖ്യാപിച്ചത്.

ലക്ഷ്മി നായരെ ലോ അക്കാദമി പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു മാറ്റിയെന്നു വ്യക്തമാക്കുന്ന രേഖകള്‍ കോളജ് അധികൃതര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ജോണ്‍ പി. സാമുവലിനു ഇന്ന് കൈമാറിയിരുന്നു. കോളജ് ഗവേണിങ് കൗണ്‍സില്‍ യോഗത്തിന്റെ മിനിട്‌സ് ആണ് കൈമാറിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സമരം ഒത്തു തീര്‍ക്കാനായി നാളെ ഉച്ചയ്ക്ക് മൂന്നിനാണ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് ചര്‍ച്ചയ്ക്കു വിളിച്ചത്. വിദ്യാര്‍ത്ഥി സംഘടനകളെയും മാനേജ്മെന്റിനെയുമാണ് ചര്‍ച്ചയ്ക്ക ക്ഷണിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്ന് ലക്ഷ്മി നായരെ മാറ്റിയതിന്റെ ഒറിജിനല്‍ രേഖകള്‍ കാണിച്ചാല്‍ സമരം പിന്‍വലിക്കാമെന്ന് സംയൂക്ത ഭരണസമിതി വ്യക്തമാക്കിയ പശ്ചാത്തലത്തിലാണ് കോളജ് അധികൃതര്‍ മിനിട്‌സ് എഡിഎമ്മിനു കൈമാറിയിരിക്കുന്നത്. തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ്. അയ്യരും എഡിഎമ്മും നേതൃത്വം നല്കിയ ചര്‍ച്ചയിലാണ് വിദ്യാര്‍ത്ഥി സംഘടനകള്‍ ഇക്കാര്യം വ്യക്തമാക്കിയത്. രേഖ ഹാജരാക്കിയാല്‍ സമരം പിന്‍വലിക്കാന്‍ വിദ്യാര്‍ത്ഥികള്‍ തയാറാകണമെന്നും ചര്‍ച്ചയില്‍ എംഡിഎം ആവശ്യപ്പെട്ടിരുന്നു.

ലക്ഷ്മി നായരെ അഞ്ചു വര്‍ഷത്തേക്കു പ്രിന്‍സിപ്പല്‍ സ്ഥാനത്തുനിന്നു മാറ്റി നിര്‍ത്താമെന്ന ധാരണയുടെ അടിസ്ഥാനത്തില്‍ എസ്എഫ്‌ഐ സമരത്തില്‍നിന്ന് പിന്മാറിയെങ്കിലും മറ്റു വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭം തുടരുന്ന പശ്ചാത്തലത്തിലായിരുന്നു കളക്ടറുടെയും എഡിഎമ്മിന്റെയും നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയത്. ലക്ഷ്മി നായരെ മാറ്റിനിര്‍ത്താനുള്ള തീരുമാനത്തിന് നിയമപരമായ സാധുതയുണ്ടെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത കോളജ് ഡയറക്ടറും ലക്ഷ്മിയുടെ പിതാവുമായ നാരണയന്‍ നായര്‍ വ്യക്തമാക്കി. തുടര്‍ന്ന് ഇത് തെളിയിക്കുന്ന കോളജ് ഗവേണിങ് കൗണ്‍സിലിന്റെ മിനിട്‌സ് ഹാജരാക്കാമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.

ഇതിനു പിന്നാലെയാണ് രേഖകള്‍ എഡിഎമ്മിനു കൈമാറിയിരിക്കുന്നത്. വിഷയത്തില്‍ ഇനി എഡിഎമ്മുമായി ചര്‍ച്ചയ്ക്കില്ലെന്നാണ് കെഎസ്യു, എഐഎസ്എഫ്, എംഎസ്എഫ്, എബിവിപി എന്നീ സംഘടനകള്‍ അടങ്ങിയ സംയൂക്ത സമരസമിതി ഇതിനു പിന്നാലെ വ്യക്തമാക്കിയിരുന്നു. മന്ത്രി വിളിച്ചാലേ ഇനി ചര്‍ച്ചയ്ക്കുള്ളൂ എന്നാണ് സംയൂക്ത സമര സമിതി നേതാക്കള്‍ പറഞ്ഞത്. ഇതിനെത്തുടര്‍ന്നാണ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്ര നാഥ് ചര്‍ച്ചയ്ക്കു വിളിച്ചത്. എസ്എഫ്ഐയും ചര്‍ച്ചയില്‍ പങ്കെടുക്കും.

Top