കൊച്ചി: മിഷേല്‍ ഷാജിയുടെ മരണത്തില്‍ പരാതിയുയര്‍ന്നതിനെ തുടര്‍ന്ന് സെട്രല്‍ പോലീസ് സ്റ്റേഷനിലെ പോലീസുകാരന് സസ്‌പെന്‍ഷന്‍. എസ് ഐക്കെതിരെ വകുപ്പുതല നടപടി സ്വീകരിക്കാനും തീരുമാനമായി. മിഷേലിനെ കാണാതായെന്ന പരാതിയില്‍ കേസെടുക്കാന്‍ വൈകിയതിന് സെന്‍ട്രല്‍ സ്റ്റേഷനില്‍ ജിഡി (ജനറല്‍ ഡയറി) ചുമതലയുണ്ടായിരുന്ന സീനിയര്‍ സിപിഒ അബ്ദുല്‍ ജലീലിനെയാണു സസ്‌പെന്‍ഡ് ചെയ്തത്. കേസന്വേഷണത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുരുതരമായ വീഴ്ച്ചപറ്റിയത് ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡ് പുറത്ത് കൊണ്ടുവന്നിരുന്നു. സെട്രല്‍ പോലീസിനെ വിര്‍ശിച്ച് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
സെന്‍ട്രല്‍ എസ്‌ഐ എസ്. വിജയശങ്കറിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കാനും കമ്മിഷണര്‍ നിര്‍ദേശിച്ചു. ശിവസേനക്കാര്‍ നടത്തിയ സദാചാര ഗുണ്ടായിസത്തില്‍ നടപടിയെടുത്തില്ലെന്ന ആരോപണത്തില്‍ സസ്‌പെന്‍ഷനിലായ എസ് ഐക്കെതിരെയാണ് വീണ്ടും നടപടി ഇതോടെ അടുത്ത മാസം സി ഐ പ്രമോഷന്‍ പട്ടികയില്‍ ഉള്‍പ്പെട്ട് വിജയ ശങ്കറിന് തിരിച്ചടിയായി. അതേ സമയം പെണ്‍കുട്ടിയുടെ മരണത്തില്‍ അന്വേഷണം വൈകിപ്പിച്ച സെട്രല്‍ സ്റ്റേഷന്‍ സി ഐ അനന്തലാലിനെതിരെ നടപടിവേണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്. ശിവസേനക്കാരുടെ ഗുണ്ടായിസത്തിന് ഒത്താശ ചെയ്തതിന്റെ പേരില്‍ എസ് ഐക്കെതിരെ നടപടിയെടുത്തപ്പോഴും സി ഐയെ സംരക്ഷിക്കാന്‍ ഒരു വിഭാഗം പോലീസ് ഉദ്യോഗസ്ഥര്‍ മുന്നില്‍ നില്‍ക്കുകയായിരുന്നു.
മിഷേലിനെ കാണാതായ അഞ്ചിനു രാത്രി 11ന് മാതാപിതാക്കള്‍ സെന്‍ട്രല്‍ സ്റ്റേഷനില്‍ പരാതിയുമായെത്തിയിരുന്നു. അപ്പോള്‍ ജിഡി ചുമതലയിലുണ്ടായിരുന്നത് അബ്ദുല്‍ ജലീലാണ്. എന്നാല്‍ ആറിനു വൈകിട്ട് അഞ്ചരയോടെയാണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. ആറിനു രാവിലെ തന്നെ ഡ്യൂട്ടിക്കെത്തിയിട്ടും ഈ പരാതിയില്‍ കേസെടുക്കാന്‍ താമസമുണ്ടായെന്നതാണ് എസ്‌ഐക്കെതിരെയും ആരോപിച്ചിരിക്കുന്ന കുറ്റം.
സെന്‍ട്രല്‍ അസി. കമ്മിഷണര്‍ കെ. ലാല്‍ജിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കമ്മിഷണര്‍ എം.പി. ദിനേശാണ് അച്ചടക്ക നടപടിയെടുത്തത്. ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ കേസിലെ ഇതുവരെയുള്ള അന്വേഷണത്തിന്റെ മുഴുവന്‍ ഫയലുകളും സെന്‍ട്രല്‍ പൊലീസ് ക്രൈംബ്രാഞ്ചിനു കൈമാറി.