ബെയ്ജിങ്: ഹരിയാന സ്വദേശി മാനുഷി ഛില്ലര്‍ക്ക് 2017 ലെ ലോക സുന്ദരിപ്പട്ടം. 17 വര്‍ഷത്തിന് ശേഷമാണ് ഇന്ത്യയിലേക്ക് ലോക സുന്ദരിപ്പട്ടം എത്തുന്നത്. മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് മാനുഷി ഛില്ലര്‍. 108 മത്സരാര്‍ഥികളെ പിന്തള്ളിയാണ് മാനുഷിയുടെ കിരീട നേട്ടം. ലോക സുന്ദരിപ്പട്ടം ചൂടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.
ഒന്‍പതു വര്‍ഷം മുന്‍പ് ഏതാനും പോയിന്റുകളുടെ വ്യത്യാസത്തിലാണ് ഇന്ത്യയ്ക്ക് ലോകസുന്ദരിപ്പട്ടം നഷ്ടമാകുന്നത്. അന്ന് മലയാളി പാര്‍വതി ഓമനക്കുട്ടന്‍ ഫസ്റ്റ് റണ്ണറപ്പായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരി ലോകസുന്ദരി മത്സര വേദിയില്‍ അഭിമാന നേട്ടത്തിന് അര്‍ഹയാകുന്നത്.
ആദ്യമായി ലോകസുന്ദരിപ്പട്ടം ഇന്ത്യയ്ക്കു വേണ്ടി നേടിയ റീത്ത ഫാരിയ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു. വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനിയിലൂടെ ഇന്ത്യയ്ക്കു കിരീടനേട്ടം. മിസ് വേള്‍ഡ് പട്ടം നേടുന്ന ആറാമത്തെ ഇന്ത്യക്കാരിയാണ് മാനുഷി.
‘ലോകത്തിലെ ഏറ്റവും അധികം പ്രതിഫലം അര്‍ഹിക്കുന്ന ജോലി? എന്തുകൊണ്ട്?’ എന്ന അവസാന റൗണ്ടുകളിലൊന്നിലെ കുഴപ്പിക്കുന്ന ചോദ്യത്തിനുള്ള ഉത്തരമാണ് മാനുഷിയുടെ കിരീടനേട്ടത്തിലേക്കുള്ള വഴികാട്ടിയായത്. ‘അമ്മ’ എന്നായിരുന്നു അതിനുള്ള ഉത്തരം. ‘എന്റെ ഏറ്റവും വലിയ പ്രചോദനം അമ്മയാണ്. പണമായെന്നല്ല, സ്‌നേഹമായും ആദരവായും ഏറ്റവുമധികം പ്രതിഫലം ലഭിക്കേണ്ട ജോലി അമ്മയുടേതാണ്’- ഇതായിരുന്നു മാനുഷിയുടെ മറുപടി. വിജയിയെ പ്രഖ്യാപിക്കാന്‍ വിധികര്‍ത്താക്കള്‍ക്കു രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.
1966ല്‍ റീത്ത ഫാരിയയാണ് ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി ലോകസുന്ദരിപ്പട്ടം സ്വന്തമാക്കുന്നത്. അതിനു ശേഷം ഐശ്വര്യ റായ്(1994), ഡയാന ഹെയ്ഡന്‍(1997), യുക്താമുഖി (1999), പ്രിയങ്ക ചോപ്ര(2000) എന്നിവര്‍ ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്കെത്തിച്ചു.
അറുപത്തിയേഴാമത് മിസ് വേള്‍ഡ് കിരീടമാണ് മാനുഷി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തെ ലോകസുന്ദരി മിസ് പ്യൂര്‍ട്ടറിക്ക സ്റ്റെഫാനിയാണ് മാനുഷിയെ കിരീടം ചൂടിച്ചത്. കുടുംബാംഗങ്ങളെ ഉള്‍പ്പെടെ സാക്ഷിയാക്കിയായിരുന്നു മാനുഷിയുടെ കിരീടനേട്ടം.
ഡോക്ടര്‍മാരാണ് മാനുഷിയുടെ മാതാപിതാക്കള്‍. ഡല്‍ഹിയിലെ സെന്റ് തോമസ് സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. നിലവില്‍ ഭഗത് ഫൂല്‍ സിങ് ഗവ.മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥിയാണ്.