കന്യാസ്ത്രീ പീഡനക്കേസില്‍ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി മിഷണറീസ് ഓഫ് ജീസസ് രംഗത്ത്. ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കാന്‍ അന്വേഷണ സംഘം ഭീഷണിപ്പെടുത്തുന്നതായി സന്യാസിനി സഭ ആരോപിച്ചു. മഠങ്ങളില്‍ അസമയത്തും പോലിസ് തങ്ങുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പരാതി. ബിഷപ്പിനെ കേസില്‍ കുടുക്കിയതാണെന്നും സന്യാസിനി സഭ ആരോപിച്ചു.
പീഡനക്കേസില്‍ ജയിലിലായ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ മൊഴി നല്‍കണമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നെന്നാണ് മിഷണറീസ് ഒഫ് ജീസസ് സന്യാസിനി സഭ ആരോപിച്ചിരിക്കുന്നത്. മൊഴി നല്‍കിയില്ലെങ്കില്‍ കൂട്ടുപ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുന്നതായും മിഷനറീസ് ഓഫ് ജീസസ് പറയുന്നു. അസമയത്ത് പോലീസ് മഠങ്ങളില്‍ വരുന്നത് ചട്ടവിരുദ്ധമാണെന്നും ആരോപണമുണ്ട്.
മിഷണറീസ് ഓഫ് ജീസസ് അംഗമാണ് ബിഷപ്പിനെതിരെ പീഡനപരാതി ഉന്നയിച്ച കന്യാസ്ത്രീ. നീതി തേടിയുള്ള കന്യാസ്ത്രീകളുടെ സമരത്തെ സഭ തള്ളിപ്പറഞ്ഞിരുന്നു. ബിഷപ്പിനെതിരായ ആരോപണം വാസ്തവ വിരുദ്ധമാണെന്നും വിശ്വാസത്തിനെതിരെയുള്ള സമരമാണിതെന്നും സഭ പ്രസ്താവനയില്‍ പറഞ്ഞിരുന്നു. ഇരയാക്കപ്പെട്ട കന്യാസ്ത്രീയുടെ ചിത്രം സഭ പുറത്തുവിട്ടിരുന്നു.