കൊച്ചി: ലോട്ടറി തട്ടിപ്പ് പ്രതി സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് കോടതിയില്‍ ഹാജരായത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. രണ്ടാമതും മര്‍ട്ടിനുവേണ്ടി ദാമോദരന്‍ ഹാജരായിരുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേശകനായിരിക്കെ ദാമോദരന്‍ ചെയ്യുന്ന നടപടി പിണറായി വിജയന്റെ അറിവോടുകൂടിയാണെന്നായിരുന്നു ആരോപണം.
അതേസമയം, കശുവണ്ടി കേസിലും സര്‍ക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ് എംകെ ദാമോദരന്‍. കശുവണ്ടി വികസന കോര്‍പ്പറേഷനിലെ അഴിമതിക്കേസിലും മുഖ്യ പ്രതിക്കായി എം.കെ ദാമോദരന്‍ രംഗത്ത്. ഐഎന്‍ടിയുസി പ്രസിഡന്റായ ആര്‍. ചന്ദ്രശേഖരനാണ് കേസിലെ മുഖ്യ പ്രതി. ഇദ്ദേഹം കശുവണ്ടി കോര്‍പ്പറേഷന്റെ അദ്ധ്യക്ഷനായ കാലത്ത് നടന്ന അഴിമതികളില്‍ നേരത്തെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു.
ഈ വിജിലന്‍സ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് എം.കെ ദാമോദരന്‍ ഹാജരായത്. ജസ്റ്റിസ് കമാല്‍ പാഷയുടെ ബെഞ്ച് ഹര്‍ജി പരിഗണിക്കുകയും കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. സാന്റിയാഗോ മാര്‍ട്ടിന്റെ ലോട്ടറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് സ്വത്ത് കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നീക്കത്തിനെതിരെയാണ് എം.കെ ദാമോദരന്‍ ഹാജരായത്.
മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ആയിരിക്കെ സാന്റിയാഗോ മാര്‍ട്ടിന്‍ ലോട്ടറി വില്‍പ്പനക്കാരനായി കോടതിയില്‍ ഹാജരായതിനെതിരെ കടുത്ത വിമര്‍ശനവുമായി പ്രതിപക്ഷം രംഗത്ത് എത്തിയിരുന്നു. തുടര്‍ന്ന് ദാമോരന്‍ ഉപദേശക സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഇന്നലെ വീണ്ടും മാര്‍ട്ടിനായി കോടതിയില്‍ ഹാജരായി. പിന്നാലെയാണ് ഇന്ന് മറ്റൊരു അഴിമതിക്കേസിലെ പ്രതിക്കായി കോടതിയിലേക്ക് ദാമോദരന്‍ വീണ്ടും എത്തിയത്.