ചെന്നൈ: ഡിഎംകെയുടെ അധ്യക്ഷനായി എം.കെ. സ്റ്റാലിന്‍ തെരഞ്ഞെടുക്കപ്പെട്ടു. 49 വര്‍ഷത്തിന് ശേഷമാണ് പാര്‍ട്ടിക്ക് പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നത്. 94ാം വയസ്സില്‍ എം.കരുണാനിധി മരിച്ചതിനെത്തുടര്‍ന്നാണ് മകനും ആക്ടിങ് പ്രസിഡന്റുമായ സ്റ്റാലിന്‍ പാര്‍ട്ടിയുടെ നേതൃത്വത്തിലേക്ക് എത്തുന്നത്. ചെന്നൈയില്‍ ചേര്‍ന്ന ഡിഎംകെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. വൈകീട്ട് ചുമതല ഏറ്റെടുക്കും.
രാവിലെ 9ന് അണ്ണാ അറിവാലയത്തിലായിരുന്നു യോഗം ചേര്‍ന്നത്. സ്റ്റാലിന്‍ ചുമതലയേല്‍ക്കുന്നതോടെ അരനൂറ്റാണ്ട് കാലം എം.കരുണാനിധി വഹിച്ച പദവികളെല്ലാം അദ്ദേഹം പിന്‍ഗാമിയായി കണ്ട മകന്റെ ചുമലിലായി.കരുണാനിധിക്ക് ശേഷം ഡിഎംകെയെ ആര് നയിക്കുമെന്ന തര്‍ക്കത്തിനാണ് ഇതോടെ വിരാമമാകുന്നത്.
ഞായറാഴ്ച പത്രിക സമര്‍പ്പിക്കും മുമ്പ് സ്റ്റാലിന്‍ അമ്മയെ കണ്ട് ആശിര്‍വാദം വാങ്ങി. മുതിര്‍ന്ന പാര്‍ട്ടി നേതാവ് അന്‍പഴകനെയും സന്ദര്‍ശിച്ചിരുന്നു. കരുണാനിധിയുടെ സമാധി സ്ഥലത്ത് അല്‍പ്പനേരം പ്രാര്‍ഥിച്ച ശേഷമാണ് പത്രിക സമര്‍പ്പിക്കാന്‍ സ്റ്റാലിന്‍ പുറപ്പെട്ടത്.
സ്റ്റാലിന്‍ പണിയെടുക്കാത്ത നേതാവാണെന്ന് മൂത്ത സഹോദരന്‍ എം.കെ.അഴഗിരി നേരത്തെ കുറ്റപ്പെടുത്തിയിരുന്നു. പാര്‍ട്ടിയിലെ പ്രധാന പദവികളില്‍ അഴഗിരിക്കും നോട്ടമുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അട്ടിമറി നടക്കുമോ എന്ന് നേതാക്കള്‍ക്ക് ആശങ്കയുണ്ടായിരുന്നു. അഴഗിരി പാര്‍ട്ടിക്ക് പുറത്താണിപ്പോള്‍. അച്ചടക്ക ലംഘനം നടത്തിയ കുറ്റത്തിനാണ് അദ്ദേഹത്തെ നാല് വര്‍ഷം മുമ്പ് പുറത്താക്കിയത്.