ജയ്പുര്‍: പഠനത്തിന് പ്രായ പരിധി ഒന്നും തന്നെ ഇല്ല എന്ന് തെളിയിച്ചിരിക്കുകയാണ് ഈ നേതാവ്. ഏഴാംക്ലാസ് യോഗ്യതയുമായി രാഷ്ട്രീയത്തിലിറങ്ങിയ രാജസ്ഥാനിലെ ഉദയ്പുര്‍ എംഎല്‍എ ഫൂല്‍ സിങ് മീന ഇപ്പോള്‍ ബിരുദ വിദ്യാര്‍ഥിയാണ്. രാജ്യത്തെ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസമുറപ്പാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പദ്ധതിയാണ് 59കാരനായ ഫൂല്‍ സിങ്ങിനും ഗുണം ചെയ്തത്. അച്ഛന്റെ മരണത്തോടെ പഠനം ഉപേക്ഷിച്ച് കൃഷിയിലേക്ക് ഇറങ്ങേണ്ടിവന്നതിനാലാണ് ഫൂല്‍ സിങ്ങിന് പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടിവന്നത്.
‘ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ’ പ്രചാരണത്തിന്റെ ഭാഗമായി മണ്ഡലത്തിലെ പെണ്‍കുട്ടികള്‍ക്ക് പഠനം ഉറപ്പാക്കാന്‍ ഒട്ടേറെ പദ്ധതികളാണ് ബിജെപി എംഎല്‍എയായ ഫൂല്‍ സിങ് നടത്തുന്നത്. മറ്റുള്ളവരെ പഠിക്കാന്‍ പ്രചോദിപ്പിക്കുമ്പോള്‍ സ്വന്തം വിദ്യാഭ്യാസം പൂര്‍ത്തിയാക്കാനായില്ലല്ലോ എന്ന ദുഃഖം സിങ്ങിനെ അലട്ടി. തുടര്‍ന്ന് പഠിക്കാനുള്ള അച്ഛന്റെ മോഹം നാല് പെണ്‍മക്കളാണ് തിരിച്ചറിഞ്ഞത്. അവര്‍ തന്നെയാണ് അച്ഛനെ പഠിക്കാന്‍ സഹായിച്ചതും. 2013ല്‍ ഓപ്പണ്‍ സ്‌കൂളിലൂടെ പത്താംക്ലാസിലെത്തിയെങ്കിലും ഔദ്യോഗിക തിരക്കുമൂലം പരീക്ഷയെഴുതാനായത് മൂന്നുവര്‍ഷത്തിനുശേഷമാണ്. 2017ല്‍ പ്ലസ്ടു പാസായി. ഏതാനുംമാസങ്ങള്‍ക്ക് മുമ്പാണ് ബി.എ. ഒന്നാംവര്‍ഷ പരീക്ഷ എഴുതിയത്. ഇതിന്റെ ഫലം കാത്തിരിക്കുകയാണ് ഫൂല്‍ സിങ് മീന.