ഉന്നാവോ അപകടം ആസൂത്രിതം..!! ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് മറച്ച നിലയില്‍

റായ്ബറേലി: ബി.ജെ.പി എം.എല്‍.എ കുല്‍ദീപ് സിങ് പ്രതിയായ ഉന്നാവോ ബലാത്സംഗ കേസിലെ പരാതിക്കാരിയെയും കുടുംബത്തെയും അപകടപ്പെടുത്തിയത് ആസൂത്രിതമായെന്ന് തെളിയുന്നു. ഇവരുടെ കാറിലിടിച്ച ട്രക്കിന്റെ നമ്പര്‍ പ്ലേറ്റ് കറുത്ത പെയിന്റടിച്ച് മറച്ച നിലയിലായിരുന്നു. ഇവര്‍ക്ക് നല്‍കിവന്ന പോലീസ് സുരക്ഷ സംഭവ ദിവസം ഉണ്ടായിരുന്നില്ലയെന്നതും ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടുന്നു.

അപകടത്തില്‍ പെണ്‍കുട്ടിയുടെ രണ്ടു ബന്ധുക്കള്‍ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെയും അഭിഭാഷകനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഡ്രൈവറും വാഹന ഉടമയും അറസ്റ്റിലായിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജീവന് ഭീഷണിയുണ്ടെന്ന പരാതിയുമായി പെണ്‍കുട്ടിയുടെ കുടുംബം നേരത്തേ രംഗത്തെത്തിയിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ റായ്ബറേലി-ഫതേപുര്‍ റോഡിലായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു.

പ്രഥമദൃഷ്ട്യാ ഗൂഡാലോചനകളൊന്നും നടന്നതായി സൂചനയില്ലെന്ന് ജില്ലാ പോലീസ് മേധാവി സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിക്കും കുടുംബത്തിനും സുരക്ഷയൊരുക്കിയിരുന്നു. എന്നാല്‍, അപകടം നടന്ന ദിവസം അവര്‍ക്ക് സുരക്ഷയുണ്ടായിരുന്നില്ല. അത് കുടുംബം പറഞ്ഞതിനെ തുടര്‍ന്നാണെന്നാണ് സൂചന. ഇതേക്കുറിച്ച് അന്വേഷണം നടത്തി വരികയാണെന്നും മറ്റൊരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഉന്നവോ ബലാത്സംഗ കേസിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളം ബി.ജെ.പി. എം.എല്‍.എ കുല്‍ദീപ് സിങ് ജയിലില്‍ കിടന്നിരുന്നു. 2017 ജൂണ്‍ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലി അഭ്യര്‍ഥിച്ച് ഒരു ബന്ധുവിനൊപ്പം എം.എല്‍.എയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ സിങ് ബലാത്സംഗം ചെയതുവെന്നായിരുന്നു പരാതി. നീതി തേടി പെണ്‍കുട്ടിയും അച്ഛനും യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍ ആത്മഹത്യശ്രമം നടത്തിയതോടെയാണ് സംഭവം ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്.

Top