‘ആണ്‍ സുഹൃത്തുക്കളൈ ഉണ്ടാക്കാതിരുന്നാല്‍ നിങ്ങള്‍ സുരക്ഷിതര്‍’, പെണ്‍കുട്ടികള്‍ക്ക് ഉപദേശവുമായി ബിജെപി എംഎല്‍എ

മധ്യപ്രദേശ്: പെണ്‍കുട്ടികള്‍ക്ക് വിവാദ ഉപദേശവുമായി മധ്യപ്രദേശ് ഗുണയിലെ ബിജെപി എംഎല്‍എ പന്നലാല്‍ ശാക്യ. ആണ്‍സുഹൃത്തുക്കളെ ഉണ്ടാക്കാതിരുന്നാല്‍ പെണ്‍കുട്ടികള്‍ സുരക്ഷിതരായിരിക്കുമെന്നാണ് ശാക്യ പറയുന്നത്. പെണ്‍കുട്ടികള്‍ എന്തിനാണ് ആണ്‍സുഹൃത്തുക്കളെ ഉണ്ടാക്കുന്നതെന്നും, അവരത് അവസാനിപ്പിച്ചാല്‍ അവര്‍ക്കെതിരെ നടക്കുന്ന എല്ലാ അതിക്രമങ്ങളും അവസാനിക്കുമെന്നും എംഎല്‍എ പറയുന്നു. ഗുണ സര്‍ക്കാര്‍ കോളേജിലെ പൊതുചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശാക്യ. പെണ്‍കുട്ടികള്‍ക്കു മാത്രമല്ല ആണ്‍കുട്ടികള്‍ക്കുമുണ്ട് ശാക്യയുടെ വക ഉപദേശം. പെണ്‍ സുഹൃത്തുക്കളൈ ഉണ്ടാക്കുന്ന പാശ്ചാത്യന്‍ സംസ്‌കാരം സ്വീകരിക്കരുതെന്നാണ് ആണ്‍കുട്ടികളോട് ശാക്യക്കുള്ള ഉപദേശം. മധ്യപ്രദേശില്‍ സ്ത്രീകള്‍ക്കെതിരായി നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചുള്ള പ്രതികരണം അടുത്തിടെ ഒരു ടിവി ചാനല്‍ ചോദിച്ചു, നിങ്ങളോട് പറഞ്ഞതാണ് ഞാനന്ന് അവരോടും പറഞ്ഞതെന്നും ശാക്യ കൂട്ടിച്ചേര്‍ത്തു. വര്‍ഷത്തില്‍ നാല് തവണയെങ്കിലും വനിതാദിനം ആഘോഷിക്കണമെന്നാണ് ശാക്യ പറയുന്നത്. ഇന്ത്യന്‍ തത്വശാസ്ത്രം അനുസരിച്ച് സ്ത്രീകളെ ഉയര്‍ന്ന നിലയിലാണ് കാണുന്നത്. രാജ്യാന്തര വനിതാദിനം ആചരിക്കുന്നത് വിദേശ പാരമ്പര്യമാണെന്നും ശാക്യ പറയുന്നുണ്ട്. വിവാദ പ്രസ്താവനകളുമായി നേരത്തെയും വാര്‍ത്തകളില്‍ ഇടം പിടിച്ചയാളാണ് ശാക്യ. വിരാട് കോഹ്ലി ഇറ്റലിയില്‍ വെച്ച് അനുഷ്‌കയുമായുള്ള വിവാഹം നടത്തിയപ്പോള്‍ കോഹ്ലിയുടെ രാജ്യ സ്‌നേഹം ചോദ്യം ചെയ്തും ശാക്യ രംഗത്തെത്തിയിരുന്നു

Top