ഉന്നാവോ പെണ്‍കുട്ടിയ്ക്ക് 25 ലക്ഷം, കുടുംബത്തിന് സിആര്‍പിഎഫ് സുരക്ഷ..!! ശക്തമായ നടപടികളുമായി സുപ്രീം കോടതി

ന്യൂഡല്‍ഹി: ഉന്നാവോ കേസില്‍ ശക്തമായ ഇടപെടലുമായി സുപ്രീംകോടതി. സംഭവവുമായി ബന്ധപ്പെട്ട അഞ്ച് കേസുകളും ലക്‌നൗ സിബിഐ കോടതിയില്‍നിന്ന് ഡല്‍ഹിയിലെ സിബിഐ കോടതിയിലേക്ക് മാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടു. ഇരയായ പെണ്‍കുട്ടിക്ക് 25 ലക്ഷം രൂപ ഇടക്കാല നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു. ഇത് വെള്ളിയാഴ്ച തന്നെ നല്‍കണം.

ഡല്‍ഹിയില്‍ പ്രത്യേക ജഡ്ജി വിചാരണ നടത്തണം. ദിനംപ്രതി വിചാരണ നടത്തി വിധി പ്രസ്താവിക്കണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിയുടെ അധ്യക്ഷതയിലുള്ള ബെഞ്ച് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കുടുംബം ആഗ്രഹിക്കുന്നെങ്കില്‍ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെയും അഭിഭാഷകനെയും ചികിത്സയ്ക്കായി ഡല്‍ഹിയിലേയ്ക്കു മാറ്റാമെന്ന് കോടതി ഉത്തരവില്‍ പറയുന്നു. ഇക്കാര്യം പെണ്‍കുട്ടിയുടെ കുടുംബത്തോട് സംസാരിക്കാന്‍ അമിക്കസ് ക്യൂറിയോട് ആവശ്യപ്പെട്ടു.

പെണ്‍കുട്ടിക്കുണ്ടായ അപകടം സംബന്ധിച്ച കേസിലെ അന്വേഷണം ഏഴ് ദിവസത്തിനകം പൂര്‍ത്തീകരിക്കണം. 45 ദിവസത്തിനകം അന്വേഷണവും വിചാരണ നടപടികളും പൂര്‍ത്തിയാക്കി വിധി പുറപ്പെടുവിക്കണമെന്നും കോടതി വിധിച്ചു. സിആര്‍പിഎഫിന്റെ സംരക്ഷണം കുടുംബത്തിന് നല്‍കണം. സുരക്ഷ സംബന്ധിച്ച റിപ്പോര്‍ട്ട് സിആര്‍പിഎഫ് കോടതിക്കു നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

കേസിന്റെ വിചാരണയ്ക്കിടെ സുപ്രീം കോടതി ജഡ്ജുമാര്‍ വൈകാരികമായി പ്രതികരിച്ചു. പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചപ്പോള്‍ നിയമത്തില്‍ പറയുന്ന തുക നല്‍കാമെന്നായിരുന്നു സി.ബി.ഐ അഭിഭാഷകന്റെ മറുപടി. ഇത്തരം കേസുകളില്‍ നിയമം മാത്രം നോക്കിയാണോ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതെന്ന് ചോദിച്ച സുപ്രീം കോടതി ഈ രാജ്യത്ത് എന്താണ് നടക്കുന്നതെന്നും ചോദിച്ചു.

Top