ജെഡിഎസ് എംഎൽഎമാർ എംഎൽഎമാര്‍ കർണാടകത്തിൽ നിന്ന് കൊച്ചിയിലേക്ക് രാത്രിയിൽ എത്തിക്കും

ബംഗളൂരു:കര്‍ണ്ണാടകയില്‍ നിന്ന് കോണ്‍ഗ്രസ് – ജെ.ഡി.എസ് എം.എല്‍.എമാര്‍ കൊച്ചിയിലേക്ക്.കർണാടകയിൽ ബിജെപി അധികാരമേറ്റതോടെ കോണ്‍ഗ്രസ്, ജെഡിഎസ് എംഎൽഎമാരെ കൊച്ചിയിലേക്കു മാറ്റാൻ തീരുമാനമായി. ഇതിനായി ഇരുപാർട്ടികളും ചാർട്ടേഡ് വിമാനങ്ങൾ സജ്ജമാക്കി. എംഎൽഎമാരെ രാത്രിയോടെ കേരളത്തിലെത്തിക്കാനാണ് ധാരണയെന്ന് ഒരു ഉന്നത കോൺഗ്രസ് നേതാവ് പറഞ്ഞു. ബെംഗളുരുവിൽ എംഎൽഎമാരെ നിര്‍ത്തുന്നത് സുരക്ഷിതമല്ലെന്ന വിലയിരുത്തലിലാണ് കോൺഗ്രസ്–ജെഡിഎസ് നേതൃത്വം സുരക്ഷിത സ്ഥാനങ്ങൾ തേടിയത്. ആന്ധ്ര, പഞ്ചാബ് സംസ്ഥാനങ്ങളിലെ ചില നഗരങ്ങൾ ഇതിനായി പരിഗണിച്ചെങ്കിലും കർണാടകയിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു ചുമതല വഹിച്ച കെ.സി.വേണുഗോപാൽ, പി.സി.വിഷ്ണുനാഥ് എന്നിവരുടെ നിർദ്ദേശവും ഇതിനായി പരിഗണിച്ചെന്നാണ് സൂചന.

എംഎൽഎമാരെ കേരളത്തിൽ സുരക്ഷിതമായി നിർത്താനുളള സാഹചര്യങ്ങൾ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് കേരളത്തിലെ ഉന്നത കോൺഗ്രസ് നേതാക്കളുമായി ചർച്ച ചെയ്തിരുന്നു. ഇക്കാര്യത്തിൽ രാത്രി എട്ടു മണിക്കു ചേരുന്ന നേതൃയോഗം തീരുമാനമെടുക്കും. എം.എല്‍.എമാര്‍ മറുകണ്ടം ചാടാതിരിക്കാന്‍ ഇരുപാര്‍ട്ടികളും കിണഞ്ഞുപരിശ്രമിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് എല്ലാവരെയും സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റാന്‍ തീരുമാനമായിരിക്കുന്നത്. കൊച്ചിയിലേക്ക് പോകാന്‍ തീരുമാനിച്ചെന്ന് ജെഡിഎസ് നേതാവ് ബസവരാജ് പറഞ്ഞു. പ്രത്യേക വിമാനം കിട്ടാത്തതിനാലാണ് യാത്ര വൈകുന്നതെന്നും ജെഡിഎസ് നേതാക്കള്‍ അറിയിച്ചു. കൊച്ചിയിലെ സ്വകാര്യഹോട്ടലിലേക്ക് എം.എല്‍.എമാരെ എത്തിക്കുമെന്നാണ് സൂചന.

എം.എല്‍.എമാരെ ഇപ്പോള്‍ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലിന് ഏര്‍പ്പെടുത്തിയിരുന്ന സുരക്ഷാ സന്നാഹങ്ങള്‍ യെദ്യൂരപ്പ സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് സുരക്ഷിത സ്ഥാനമെന്ന നിലയില്‍ കേരളത്തിലേക്ക് മാറാന്‍ കോണ്‍ഗ്രസും ജെ.ഡി.എസും ആലോചിച്ചത്. ബിഡദിയിലെ റിസോര്‍ട്ടിലാണ് ഇപ്പോള്‍ എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്.അര്‍ദ്ധരാത്രിയില്‍ സുപ്രീംകോടതി തുറന്ന് നടത്തിയ മാരത്തണ്‍ വാദത്തിനൊടുവിലാണ് കോണ്‍ഗ്രസിന്‍റെ ആവശ്യം തള്ളി യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചത്. രാത്രി പതിനൊന്ന് മണിയോടെ കോണ്‍ഗ്രസ് നേതാക്കള്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ കണ്ടതിന് പിന്നാലെയാണ് ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ മൂന്നംഗബെഞ്ചിനെ കോണ്‍ഗ്രസിന്‍റെ ഹര്‍ജി പരിഗണിക്കാന്‍ ചീഫ് ജസ്റ്റിസ് ചുമതലപ്പെടുത്തിയത്.

കോണ്‍ഗ്രസ് നേതാവ് കൂടിയായ മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് സിംഗ് വി കോണ്‍ഗ്രസിന് വേണ്ടി വാദിച്ചപ്പോള്‍ അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ കേന്ദ്രസര്‍ക്കാരിന് വേണ്ടിയും മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി ബിജെപിയ്ക്ക് വേണ്ടിയും അര്‍ധരാത്രിയില്‍ കോടതിയിലെത്തി.മണിക്കൂറുകള്‍ നീണ്ട വാദത്തിനൊടുവില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് സത്യപ്രതിജ്ഞ ചടങ്ങ് സ്റ്റേ ചെയ്യാനോ ഗവര്‍ണറുടെ നടപടി റദ്ദാക്കാനോ തയ്യാറാവില്ലെന്ന് വ്യക്തമാക്കി സുപ്രീംകോടതി നടപടികള്‍ അടുത്ത ദിവസത്തേയ്ക്ക് മാറ്റിവച്ചത്.

Top