കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയെന്ന ചെയര്‍മാന്‍ ഡോ ബി അശോകിന്റെ ആരോപണങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുന്‍ വൈദ്യുത വകുപ്പ് മന്ത്രി എംഎം മണി രംഗത്ത്. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്‍ അശോകന്‍ അങ്ങനെ പറഞ്ഞത് എന്തടിസ്ഥാനത്തിലാണെന്നും മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞതെന്നും അതോ മന്ത്രിക്ക് പറയാനുള്ളത് പുള്ളിയെ കൊണ്ട് പറയിപ്പിച്ചതാണോയെന്നും സിപിഎം സംസ്ഥാന സമിതി അംഗം കൂടിയായ എംഎം മണി ചോദിച്ചു.
മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തില്‍ പ്രതികരണം നടത്താം. അല്ലാതെ പറഞ്ഞതിനെല്ലാം ഇപ്പോള്‍ മറുപടി പറയാനില്ല. താന്‍ മന്ത്രിയായിരിക്കെ വൈദ്യുതി ബോര്‍ഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തി.
വൈദ്യുതി ഉല്‍പ്പാദനം ഉയര്‍ത്തി. ഇടത് മന്ത്രിമാരില്‍ സാമാന്യം ഭേദപ്പെട്ട നിലയില്‍ പ്രവര്‍ത്തിച്ചു. നാലര വര്‍ഷമാണ് താന്‍ മന്ത്രിയായിരുന്നത്. അത് കെഎസ്ഇബിയുടെ സുവര്‍ണകാലമായിരുന്നുവെന്നും മണി പറഞ്ഞു.
കെ എസ് ഇ ബി ചെയര്‍മാനും സിഐടിയു ആഭിമുഖ്യത്തിലുള്ള സമരസമിതിയും തമ്മിലുള്ള പോരാണ് ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക് കാരണം. ചെയര്‍മാന്‍ ഡോ.ബി.അശോക് അധികാര ദുര്‍വിനിയോഗം നടത്തി കെഎസ്ഇബിക്ക് സാമ്പത്തിക ദുര്‍വ്യയമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ഇടതു യൂണിയനുകള്‍ അനിശ്ചിതകാല പ്രക്ഷോഭം നടത്തുന്നത്.
അംഗീകൃത തൊഴിലാളി സംഘടനകളെ അവഗണിച്ച് തീരുമാനമെടുക്കുന്നുവെന്നും ആക്ഷേപമുണ്ട്. ചെയര്‍മാന്‍ അധികാര ദുര്‍വിനിയോഗം നടത്തി പുറത്തിറക്കിയ ഉത്തരവുകള്‍ പിന്‍വലിക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നാണ് സമര സമിതിയുടെ നിലപാട്.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇടതു യൂണിയനുകളാണ് അധികാര ദുര്‍വിനിയോഗവും സാമ്പത്തിക ദുര്‍വ്യയവും നടത്തിയതെന്ന് കെഎസ്ഇബിയുടെ ഫേസ്ബുക്ക് പേജിലൂടെ ചെയര്‍മാന്‍ തിരിച്ചടിച്ചതോടെയാണ് വിവാദത്തിന്റെ രണ്ടാം ഘട്ടം തുടങ്ങിയത്.
എംഎം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടതു യൂണിയനുകള്‍ ബോര്‍ഡിന് കോടികളുടെ ബാധ്യതയുണ്ടാക്കുന്ന തീരുമാനത്തിന് കൂട്ടുനിന്നുവെന്നാണ് ചെയര്‍മാന്റെ പ്രധാന ആക്ഷേപം. സര്‍ക്കാരിന്റ മുന്‍കൂര്‍ അനുമതി തേടാതെ 1200 കോടി അധിക ബാധ്യത വരുത്തുന്ന ശമ്പള പരിഷ്‌കരണം നടപ്പിലാക്കി. ഇതിപ്പോള്‍ ഏജിയുടെ വിശദീകരണം തേടലില്‍ എത്തിയിരിക്കുന്നു.
ടൂറിസം വികസനത്തിന് പല സൊസൈറ്റികള്‍ക്കും ബോര്‍ഡിന്റെ അനുമതിയോ സര്‍ക്കാര്‍ അനുമതിയോ ഇല്ലാതെ നൂറു കണക്കിന് ഏക്കര്‍ സ്ഥലം പാട്ടത്തിന് നല്‍കി. ചട്ടവിരുദ്ധമായി നിലപാട് ഫയലില്‍ എഴുതി ചേര്‍ത്ത് ഒപ്പിടാന്‍ ചീഫ് എഞ്ചിനിയര്‍ക്കുമേല്‍ യൂണിയനുകള്‍ സമ്മര്‍ദ്ദം ചെലുത്തി. സമരം ചെയ്യുന്ന സംഘടനയുടെ നേതാവ് ഉപയോഗിക്കാന്‍ അര്‍ഹതയില്ലാത്ത ഔദ്യോഗിക വാഹനം ആയിരക്കണക്കിന് കിലോമീറ്റര്‍ ദുരുപയോഗം ചെയ്തു.
കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ നിര്‍ദേശമനുസരിച്ചാണ് വൈദ്യുതി ഭവനില്‍ സംസ്ഥാന വ്യവസായ സുരക്ഷ സേനയെ നിയോഗിച്ചത്. അതിനെ പോലീസ് രാജ് എന്നു കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണെന്നും ചെയര്‍മാന്‍ കെഎസ്ഇബിയുടെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ പറയുന്നു. ഇടതുയൂണിയനുകളും ചെയര്‍മാനും നിലപാടുകളില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തില്‍ ഇനി മന്ത്രിയുടേയും സര്‍ക്കാരിന്റേയും ഇടപെടല്‍ നിര്‍ണായകമായേക്കും.