തിരുവനന്തപുരം: കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവന്‍ വളപ്പില്‍ നടന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു. മുതിര്‍ന്ന സിപിഎം നേതാക്കളും മുഖ്യമന്ത്രി പിണറായി ഉള്‍പ്പെടെയുള്ള മന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തു. സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കുന്നതിനായി മണിയുടെ കുടുംബാഗംങ്ങളും നാട്ടുകാരും എത്തിയിരുന്നു.
വിവാദ ബന്ധുനിയമനത്തില്‍ ഇ.പി.ജയരാജന്‍ രാജിവച്ച ഒഴിവിലാണു മണി മന്ത്രിയാകുന്നത്. മണിക്കു വൈദ്യുതിയും എ.സി.മൊയ്തീനു വ്യവസായവും കടകംപള്ളി സുരേന്ദ്രനു വൈദ്യുതിക്കു പകരം സഹകരണവും ടൂറിസവും ലഭിക്കുമെന്നാണു സൂചന. കടകംപള്ളി നിലവില്‍ കൈകാര്യം ചെയ്യുന്ന ദേവസ്വം വകുപ്പ് അദ്ദേഹത്തിന്റെ കൈവശം തുടരും. അഞ്ചുമാസം പിന്നിടുന്ന പിണറായി മന്ത്രിസഭയിലെ ആദ്യ അഴിച്ചുപണിയാണിത്.
സത്യപ്രതിജ്ഞക്കു ശേഷം എം.എം.മണി സെക്രട്ടറിയേറ്റ് സൗത്ത് ബ്ലോക്ക് 619 നമ്പര്‍ റൂമില്‍ എത്തി ചുമതലയേല്‍ക്കും. നിലവില്‍ മന്ത്രി എ.സി.മൊയ്തീന്‍ ഉപയോഗിക്കുന്ന മുറിയാണിത്.