ന്യൂഡല്‍ഹി : വാഹനമോടിക്കുമ്പോള്‍ ഇനി മുതല്‍ ഫോണില്‍ സംസാരിക്കാം. വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നത് ഇന്ത്യയില്‍ ഉടന്‍ നിയമവിധേയമാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി.
എന്നാല്‍ ചില നിബന്ധനകളോടെയാണ് ഇത് പ്രാവര്‍ത്തികമാകുകയെന്നും അദ്ദേഹം പറഞ്ഞു. ഹാന്‍ഡ്‌സ് ഫ്രീ ഉപകരണവുമായി ഫോണ്‍ കണക്റ്റ് ചെയ്താല്‍ മാത്രമേ ഫോണില്‍ സംസാരിക്കാന്‍ അനുവാദമുണ്ടാവൂ എന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
മാത്രമല്ല ഈ സാഹചര്യത്തില്‍ ഫോണ്‍ പോക്കറ്റിലാണ് ഉണ്ടായിരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ട്രാഫിക് പൊലീസ് ഇതിന്റെ പേരില്‍ ചുമത്തുന്ന നടപടികളെ കോടതിയില്‍ ചോദ്യം ചെയ്യാമെന്നും അദ്ദേഹം ലോക്സഭയില്‍ പറഞ്ഞു.
ഇത് രാജ്യത്ത് ഉടന്‍ നിയമവിധേയമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം കാറുകളില്‍ മുന്നിലേക്ക് തിരിഞ്ഞിട്ടുള്ള ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും നല്‍കിയിരിക്കണമെന്ന് വാഹന നിര്‍മാതാക്കള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു.
കാറിന്റെ പിന്‍നിരയിലെ മധ്യഭാഗത്തെ സീറ്റിനും ഈ മാനദണ്ഡം ബാധകമാകുമെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞിരുന്നു.
അതേസമയം പുതിയ നിബന്ധന എന്നാണ് നിലവില്‍ വരുന്നതെന്ന് അദ്ദേഹം പറഞ്ഞില്ല. നിലവില്‍, മിക്ക കാറുകളിലും മുന്‍ സീറ്റുകളിലും രണ്ട് പിന്‍ സീറ്റുകളിലും മാത്രമാണ് ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ ഉള്ളത്. ഈ വര്‍ഷം ഒക്ടോബര്‍ മുതല്‍ യാത്രക്കാരുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനായി എട്ട് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന മോട്ടോര്‍ വാഹനങ്ങളില്‍ കുറഞ്ഞത് ആറ് എയര്‍ബാഗുകളെങ്കിലും നല്‍കണമെന്ന് കാര്‍ നിര്‍മ്മാതാക്കളോട് പറയുമെന്ന് ഗതാഗത മന്ത്രാലയം കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.
രാജ്യത്ത് ഓരോ വര്‍ഷവും അഞ്ച് ലക്ഷം റോഡപകടങ്ങളിലായി ഒന്നര ലക്ഷം പേര്‍ മരിക്കുന്നുണ്ടെന്നും റോഡ് സുരക്ഷാ നടപടികളെക്കുറിച്ച് വ്യാപകമായ അവബോധം സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഗഡ്കരി പറഞ്ഞിരുന്നു. സുരക്ഷ മെച്ചപ്പെടുത്തുന്നതിനുള്ള മാനദണ്ഡങ്ങളും പ്രോട്ടോക്കോളും അടിസ്ഥാനമാക്കി വാഹനങ്ങള്‍ക്ക് സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്നതിനുള്ള സംവിധാനവും നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.