മോദി – അമിത് ഷാ കൂട്ടുകെട്ടിനെതിരെ ബിജെപിയിൽ അമർഷം പുകയുന്നു..!! ജാർഖണ്ഡ് തെരഞ്ഞെടുപ്പ് നിർണ്ണായകം

മഹാരാഷ്ട്രയിൽ ഭൂരിപക്ഷമില്ലെന്ന് സമ്മതിച്ചുകൊണ്ട് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രാജി വച്ചത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും നിർദ്ദേശത്തെ തുടർന്ന്. വിശ്വാസവോട്ടെടുപ്പ് നടത്തണം എന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള സുപ്രീം കോടതി വിധി വന്ന് മണിക്കൂറുകൾക്കുള്ളിൽ ഷായും മോദിയും ഫഡ്‌നാവിസും കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രി സ്ഥാനത്തുനിന്നും രാജിവയ്ക്കുന്നത്. സുപ്രീം കോടതിയുടെ വിധി വന്ന സ്ഥിതിക്ക് ഇനി മുൻപിലുള്ള വഴികൾ എന്തൊക്കെയാണെന്ന് ആലോചിക്കാനാണ് മൂവരും തമ്മിൽ കണ്ടത്.

ഇതിനിടെ കര്‍ണാടകയ്ക്ക് പിന്നാലെ മഹാരാഷ്ട്രയിലും ബി.ജെ.പി നേതൃത്വത്തിന്റെ ചാണക്യബുദ്ധി പിഴച്ചത് പാർട്ടിയിലും അസ്വസ്ഥതയ്ക്ക് കാരണമാകുകയാണ്. മോദി അമിത് ഷാ കൂട്ടുകെട്ടിനെതിരെയുള്ള അണികളുടെ വികാരം കൂടുതല്‍ രൂക്ഷമായേക്കും. നിലവില്‍ ബി.ജെ.പി. അധ്യക്ഷന്‍ അമിത് ഷായ്ക്കും നരേന്ദ്രമോഡിക്കും പാര്‍ട്ടിയില്‍ എതിര്‍വാക്കില്ലെങ്കിലും ഇനിയും പരാജയം തുടര്‍ന്നാല്‍ അസ്വസ്ഥവിഭാഗം സമ്മര്‍ദ്ദശക്തിയായി മാറുമോയെന്നും നേതൃത്വം ആശങ്കപ്പെടുന്നുണ്ട്. 80 മണിക്കൂര്‍മാത്രം അധികാരത്തിലിരുന്ന് രാജിവച്ചൊഴിയേണ്ടി വന്ന മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെതിരെയും സംസാരമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്ര നേതൃത്വത്തെ കുറ്റപ്പെടുത്താതെ പരാജയം സ്വയം ഏറ്റെടുക്കാനാണ് ഫട്‌നാവിസ് ശ്രമിച്ചതെങ്കിലും വാക്കില്‍ അസ്വസ്ഥത പ്രകടമായിരുന്നു. അജിത് പവാറുമായി കൂട്ടുചേര്‍ന്നത് ദോഷമായോയെന്നത് ഭാവിയില്‍ പരിശോധിക്കപ്പെടുമെന്ന അദ്ദേഹത്തിന്റെ പ്രതികരണവും ഇതുതന്നെയാണ് സൂചിപ്പിക്കുന്നത്. കര്‍ണാടകത്തില്‍ ആദ്യവട്ടം അധികാരത്തിലേറി പരാജയപ്പെട്ട ശ്രമങ്ങള്‍ക്ക് പുര്‍ണമായും ചരടുവലിച്ചത് മുഖ്യമന്ത്രി യെദിയൂരപ്പയായിരുന്നെങ്കില്‍ മഹാരാഷ്ട്രയിലെ പാതിരാനാടകത്തിന് ചരടുവലിച്ചത് മോഡി-ഷാ ടീം തന്നെയായിരുന്നു.

പണവും വഴിവിട്ട അധികാര പ്രകടനവും കൊണ്ടാണ് ബിജെപി അധികാരം പിടിക്കുന്നതെന്ന് ജനങ്ങൾക്ക് ബോധ്യമായിട്ടുണ്ട്.  പാര്‍ട്ടിക്കകത്ത് തന്നെ ഈ രീതിയ്‌ക്കെതിരേ അഭിപ്രായവ്യത്യാസമുള്ളവരുമുണ്ട്. പക്ഷേ, മോഡി- ഷാ കൂട്ടുകെട്ട് അത്രമേല്‍ ശക്തമായിരിക്കെപരസ്യമായി പ്രകടിപ്പിക്കാന്‍ സാഹചര്യമില്ലെന്നുമാത്രം. പാര്‍ട്ടിയുടെ അധികാരഘടനയില്‍നിന്ന് മാറ്റിനിര്‍ത്തപ്പെട്ട എല്‍.കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാഭാരതി, ശിവ്‌രാജ് സിങ് ചൗഹാന്‍ തുടങ്ങിയ നേതാക്കളൊക്കെ അവസരം ഒത്തുകിട്ടിയാല്‍ മോഡി- ഷാ കൂട്ടുകെട്ടിനെതിരേ രംഗത്തെത്തുമെന്ന് ഉറപ്പ്.

എന്നാല്‍ തെരഞ്ഞെടുപ്പുകളില്‍ വലിയ വിജയങ്ങള്‍ സമ്മാനിക്കുന്നുവെന്നതാണ് മോഡിയുടെ അപ്രമാദിത്വത്തിനു കാരണം. ഹരിയാനയില്‍ കഷ്ടിച്ച് അധികാരം നിലനിര്‍ത്താന്‍ സാധിച്ചെങ്കിലും മഹാരാഷ്ട്രയില്‍ കൈവിട്ടത് മോഡി-ഷാ കൂട്ടുകെട്ടിനെ പ്രതിസന്ധിയിലാക്കും. നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡ് തെരഞ്ഞെടുപ്പിലെ ഫലം അതുകൊണ്ട് തന്നെ ഇവര്‍ക്ക് നിര്‍ണായകവുമാണ്. സഖ്യകക്ഷികളെല്ലാം ഉപേക്ഷിച്ച ജാർഖണ്ഡിൽ തെരഞ്ഞെടുപ്പ് തോൽവി ഉറപ്പിച്ച അവസ്ഥയിലാണ് ബിജെപി നിലകൊള്ളുന്നത്.

മോഡിക്കുശേഷം ആരെന്നതിന് ഉത്തരമായി ഫട്‌നാവിസിനു നേരേയും ആര്‍.എസ്.എസിന്റെ വിരല്‍ ചൂണ്ടിയേക്കാമെന്ന സംശയമാണ് ഷായ്ക്കും ഗഡ്ക്കരിക്കും ആശങ്കയ്ക്കു കാരണം. എന്നാല്‍ അപ്രതീക്ഷിത നീക്കമായ പാതിരാ നാടകത്തിലൂടെ ഫട്‌നാവിസ് അധികാരത്തിലേറിയത് കേന്ദ്ര നേതൃത്വത്തിന്റെ നിശബ്ദ ഇടപെടലുകളുടെ ഫലമായി വിലയിരുത്തപ്പെട്ടു.എന്നാല്‍ എണ്‍പത് മണിക്കൂര്‍മാത്രം അധികാരത്തിലുന്ന് പടിയിറങ്ങേണ്ടിവന്നതോടെ നഷ്ടമാകുന്നത് ഫട്‌നാവിസിന്റെ ക്ലീൻ ഇമേജ് കൂടിയാണ്. ഷായും ഗഡ്ക്കരിയും ആഗ്രഹിച്ചതും ഇതുതന്നെയാണോയെന്ന സംശയവും ഉയരുന്നതും പാര്‍ട്ടിയിലെ അധികാരവടംവലിയുടെ പശ്ചാത്തലത്തില്‍ തന്നെയാണ്.

എന്‍.സി.പിയിലാണെങ്കില്‍ മകളും മരുമകനും തമ്മിലുള്ള അധികാര വടംവലിയില്‍ അസ്വസ്ഥനായിരുന്നു ശരദ് പവാര്‍. മരുമകന്‍ അജിത് പവാറിനാണ് പാര്‍ട്ടിയില്‍ സ്വാധീനമെന്നായിരുന്നു പൊതു വിലയിരുത്തലും. എന്നാല്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടും അജിത് പവാറിനൊപ്പം രണ്ട് എം.എല്‍.എമാര്‍ മാത്രമാണ് പോയതെന്നതിലൂടെ സ്വാധീനം ആര്‍ക്കാണെന്ന് തെളിയിക്കാനും പവാറിനായി. പവാറിന് ശേഷം പാര്‍ട്ടിയുടെ നിയന്ത്രണം ആര്‍ക്കെന്ന ഉത്തരത്തിലേക്ക് നീട്ടുന്ന ചോദ്യ ചിഹ്‌നമായി അജിത് പവാറിന്റെ രാജി മാറുന്നതോടെ മഹാരാഷ്ട്രാ നാടകത്തിലെ അരങ്ങിലെത്താത്ത രംഗങ്ങള്‍ കൂടുതല്‍ സങ്കീര്‍ണവുമാകും.

തീവ്ര ഹിന്ദുത്വ പാര്‍ട്ടിയായ ശിവസേനയുമായുള്ള കൂട്ടുകെട്ടിനെ എങ്ങിനെ ന്യായീകരിക്കുമെന്നറിയാത്ത അവസ്ഥയിലായിരുന്ന കോണ്‍ഗ്രസിന് നിലനില്‍പ്പിനുള്ള അവസരവും ഒത്തുകിട്ടി. രാഷ്ട്രീയ ധാര്‍മികത കാറ്റില്‍പറത്തി അധികാരത്തിലേറിയ ബി.ജെ.പിയെ മാറ്റിനിര്‍ത്താന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗവുമില്ലെന്ന് ഇനി കോണ്‍ഗ്രസിന് ചൂണ്ടിക്കാട്ടാം. മാത്രമല്ല, മഹാരാഷ്ട്രയിലെ പ്രതിപക്ഷ ഐക്യം പാര്‍ലമെന്റിലും പുറത്തും കൂടുതല്‍ ശക്തിയോടെ പ്രകടമാകുമെന്ന് ഉറപ്പായതോടെ ബി.ജെ.പിക്ക് വിയര്‍ക്കേണ്ടിവരും. നിര്‍ണായകമായ ഒട്ടേറെ ബില്ലുകള്‍ ഈ പാര്‍ലമെന്റ് സമ്മേളന കാലയളവില്‍ പാസാക്കിയെടുക്കാന്‍ ഒരുങ്ങുന്ന ബി.ജെ.പിയ്ക്ക് രാജ്യസഭയിലെ ഭുരിപക്ഷമില്ലായ്മ തികഞ്ഞ വെല്ലുവിളിയാണ്. ഇതിനൊപ്പം പ്രതിപക്ഷ ഐക്യവും ശക്തിപ്പെട്ടാല്‍ സര്‍ക്കാര്‍ സഭയില്‍ കുഴങ്ങുമെന്നും ഉറപ്പ്.

Top