ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ട്വിറ്ററില്‍ പേരുമാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി. കൂടെ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയും പെരുമാറ്റത്തില്‍ പ്രധാനമന്ത്രിക്കൊപ്പമുണ്ട്. മേം ഭി ചൗക്കിദാര്‍ (ഞാനും കാവല്‍ക്കാരനാണ്) എന്നാണ് ട്വിറ്ററിലെ പുതിയ പേര്. മേം ഭി ചൗക്കിദാര്‍ എന്ന പേരില്‍ ബിജെപി ക്യാമ്പെയിന്‍ ആരംഭിച്ച് രണ്ടാം ദിനമാണ് പേര് മാറ്റിയിരിക്കുന്നത്.
ട്വിറ്റര്‍ അക്കൗണ്ടിലെ പേര് ചൗക്കിദാര്‍ നരേന്ദ്ര മോദി എന്നാണിപ്പോള്‍. പിന്നാലെ കേന്ദ്രമന്ത്രിമാരായ പിയൂഷ് ഗോയല്‍, ജെ.പി.നഡ്ഡ, ഹര്‍ഷ് വര്‍ധന്‍, ധര്‍മേന്ദ്ര പ്രധാന്‍ എന്നിവരൊക്കെ ട്വിറ്റര്‍ അക്കൗണ്ടിലെ പേരിനു മുമ്പ്് ചൗക്കിദാര്‍ എന്നു ചേര്‍ത്തു. ചൗക്കീദാര്‍ ചോര്‍ ഹേ (കാവല്‍ക്കാരന്‍ കള്ളനാണ്) എന്ന രാഹുല്‍ ഗാന്ധിയുടെ ആവര്‍ത്തിച്ചുള്ള പ്രയോഗം തന്റെ തെരഞ്ഞെടുപ്പു വിജയത്തിനു മുദ്രാവാക്യമായി മാറ്റാനാണു ക്യാമ്പെയിനിലൂടെ മോദി ശ്രമിച്ചത്.
മേം ഭീ ചൗക്കീദാര്‍ എന്ന പ്രതിജ്ഞ എടുക്കാന്‍ അനുയായികളോട് ശനിയാഴ്ച രാവിലെ മോദി ട്വിറ്ററില്‍ ആവശ്യപ്പെട്ടു. ട്വിറ്റര്‍ പോസ്റ്റിന് മറുപടിയുമായി പിന്നാലെ രാഹുല്‍ ഗാന്ധി രംഗത്തെത്തി. ട്വിറ്ററിലൂടെതന്നെ മറുപടി നല്‍കുകയും ചെയ്തു. ‘നിങ്ങള്‍ പ്രതിരോധത്തിലാണു മോദീ. കുറ്റബോധം തോന്നുന്നുണ്ട്, അല്ലേ’ എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. വിജയ് മല്യ, നീരവ് മോദി, മെഹുല്‍ ചോക്സി, അനില്‍ അംബാനി, ഗൗതം അദാനി എന്നിവരുടെ മധ്യത്തില്‍ മോദി നില്‍ക്കുന്ന ചിത്രവും രാഹുല്‍ പോസ്റ്റിനൊപ്പം ഇട്ടു.