മോദി സര്‍ക്കാര്‍ പരസ്യത്തിലൂടെയാണ് അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതെന്ന ആക്ഷേപം വ്യാപകമാണ്. ഇപ്പോള്‍ മോദി ഇതിനായി ചെലവാക്കിയ ഭീമമായ തുകയുടെ കണക്കുകള്‍ പുറത്ത് വന്നിരിക്കുകയാണ്. അധികാരത്തിലേറി മൂന്നര വര്‍ഷത്തിനുള്ളില്‍ മോഡി സര്‍ക്കാര്‍ പരസ്യത്തിനായി ചെലവഴിച്ചത് 3,755 കോടി രൂപയാണെന്നാണ് കണക്കുകള്‍ പറയുന്നത്.
2014 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ 2017 വരെയുള്ള കാലയളവിലെ കണക്കാണ് പുറത്ത് വന്നിരിക്കുന്നത്. വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് വിവരങ്ങള്‍ ലഭ്യമായത്.ഗ്രേറ്റര്‍ നോയ്ഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സാമൂഹ്യ പ്രവര്‍ത്തകനായ രാംവീര്‍ തന്‍വര്‍ ആണ് അപേക്ഷ നല്‍കിയത്.
ഇലക്ട്രോണിക്, അച്ചടി മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങള്‍ എന്നിവയില്‍ പരസ്യം ചെയ്യുന്നതിന് 37,54,06,23,616 രൂപ ചെലവഴിച്ചതായി വാര്‍ത്താവിനിമയ മന്ത്രാലയം വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കി. സര്‍ക്കാറിന്റെ പ്രധാന പദ്ധതികള്‍ക്കുള്ള ബജറ്റിനേക്കാള്‍ കൂടുതലാണ് കേന്ദ്രം പരസ്യ പ്രചാരണത്തിന് ചെലവിടുന്ന തുക.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ മലിനീകരണ നിയന്ത്രണത്തിനായി സര്‍ക്കാര്‍ വകയിരുത്തിയ തുക 56.8 കോടി രൂപ മാത്രമായിരുന്നു. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ ”മന്‍ കി ബാതിന്റെ” പരസ്യം പത്രത്തില്‍ നല്‍കാനായി മാത്രം 2015ല്‍ 8.5 കോടി ചെലവഴിച്ചതായി മറ്റൊരു വിവരാവകാശ രേഖയില്‍ വെളിപ്പെടുത്തിയിരുന്നു. ഇലക്ട്രോണിക് പരസ്യങ്ങള്‍ക്കായി 1,656 കോടി രൂപയാണ് ചെലവായത്. കമ്മ്യൂണിറ്റി റേഡിയോ, ഡിജിറ്റല്‍ സിനിമ, ദൂരദര്‍ശന്‍, ഇന്റര്‍നെറ്റ്, എസ്.എം.എസ്, ടി.വി എന്നിവയിലൂടെയായിരുന്നു പരസ്യം.
അച്ചടി മാധ്യമങ്ങള്‍ക്കായി ചെലവഴിച്ചത് 1698 കോടിയാണ്. പോസ്റ്ററുകള്‍, ലഘുലേഖകള്‍, കലണ്ടറുകള്‍ എന്നിവ അടങ്ങുന്ന പൊതുസ്ഥലങ്ങളിലെ പരസ്യങ്ങള്‍ക്കായി 399 കോടിയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ ചുരുങ്ങിയ കാലയളവില്‍ ചെലവഴിച്ചത്.
ഇന്ത്യയുടെ ഏറ്റവും വലിയ ബഹിരാകാശ പദ്ധതിയായ ചന്ദ്രയാന്‍ നിര്‍മ്മാണത്തിന് 386 കോടി രൂപയാണ് ആകെ ചെലവായത്. ഒന്‍പത് ചന്ദ്രയാന്‍ പദ്ധതിക്കുള്ള പണമാണ് പരസ്യത്തിലൂടെ മാത്രം മോദി സര്‍ക്കാര്‍ കളഞ്ഞതെന്നും വിമര്‍ശനം ഉയരുന്നു