യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതി നരേന്ദ്രമോദിക്ക്; വിമര്‍ശകര്‍ക്ക് കിട്ടുന്ന അടിയാണെന്ന് വിലയിരുത്തല്‍

അബുദാബി: യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ സയിദ് മെഡല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്. യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫാ ബിന്‍ സയിദ് അല്‍ നഹ്യാനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. യുഎഇയുമായുള്ള ബന്ധവും സഹകരണവും മെച്ചപ്പെടുത്തിയത് മുന്‍നിര്‍ത്തിയാണ് ബഹുമതി നല്‍കുന്നത്. രാഷ്ട്രത്തലവന്മാര്‍ക്കും രാജാക്കന്മാര്‍ക്കും സമ്മാനിക്കുന്ന ബഹുമതിയാണിത്.

ഇരുരാജ്യങ്ങളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദം നിലനിര്‍ത്തുന്നതിന് നരേന്ദ്രമോദി വഹിച്ച പങ്ക് വലുതാണെന്നും എല്ലാ ഇസ്ലാമിക രാജ്യങ്ങളുമായും ഇന്ത്യയ്ക്ക് ഇപ്പോള്‍ അടുത്ത ബന്ധമാണ് ഉള്ളതെന്നും യുഎഇ പ്രസിഡന്റ് പറഞ്ഞു. മുസ്ലീം വിഭാഗങ്ങളോട് അതൃപ്തി പുലര്‍ത്തുന്ന വ്യക്തിയായിട്ടാണ് മോദിയെ വിമര്‍ശകര്‍ വിലയിരുന്നതുന്നത്. അവര്‍ക്ക് ലഭിക്കുന്ന വലിയ അടിയാകും ഈ ബഹുമതി.

സുഹൃത്തായ നരേന്ദ്ര മോദിക്ക് സായിദ് മെഡല്‍ സമ്മാനിക്കുന്നതിലൂടെ യുഎഇയും ഇന്ത്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് അദ്ദേഹം വഹിച്ച പങ്ക് അംഗീകരിക്കുകയാണ് ചെയ്യുന്നതെന്ന് അബുദാബി കിരീടവാകാശിയും യുഎഇ ഉപസര്‍വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍ പറഞ്ഞു.

റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ്, ഫ്രഞ്ച് നേതാവ് നിക്കോളാസ് സര്‍ക്കോസി, ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ തുടങ്ങിയവരാണ് ഇതിനു മുന്‍പ് സയിദ് മെഡലിന് അര്‍ഹരായ പ്രമുഖര്‍.

Top