പ്രവാസി ഇന്ത്യക്കാര്‍ക്ക് എല്ലാ എംബസികളിലും ക്ഷേമനിധി; തീവ്രവാദത്തിനെതിരെ ഒന്നിച്ചു നീങ്ങാന്‍ ആഹ്വാനം;ദുബായില്‍ തരംഗം തീര്‍ത്ത് നരേന്ദ്രമോദി

ദുബായ് : പ്രവാസി ഭാരതീയര്‍ക്ക് വേണ്ടി എല്ലാ എംബസികളിലും ക്ഷേമനിധി സംവിധാനം ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അന്‍പതിനായിരത്തോളം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം . മലയാളികള്‍ക്ക് മലയാളത്തില്‍ പുതുവല്‍സരാശംസ നേര്‍ന്നാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്.

അമ്പതിനായിരത്തോളം പേരാണ് പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍ക്കാന്‍ സ്‌റ്റേഡിയത്തില്‍ എത്തിയത്. മാഡിസണ്‍ സ്‌ക്വയറിന് സമാനമായി ഉജ്ജ്വല പ്രസംഗത്തിലൂടെ ദുബായിലെ ജനക്കൂട്ടത്തേയും മോദി കൈയിലെടുത്തു. യുഎഇ എത്രത്തോളം പ്രധാനപ്പെട്ട പങ്കാളിയാണെന്ന് മോദി വ്യക്തമാക്കി. തീവ്രവാദത്തെ എതിരിടാന്‍ യുഎഇയുടെ പിന്തുണ അനിവാര്യമാണെന്ന് അടിവരയിട്ടാണ് മോദി സംസാരിച്ചത്. ഓരോ വാചകങ്ങള്‍ക്കും നിര്‍ത്താത്ത കൈയടിയും കിട്ടി.

ഐക്യരാഷ്ട്രസഭയുടെ സ്ഥിരാംഗത്വത്തിന് ഇന്ത്യ നടത്തുന്ന ശ്രമങ്ങള്‍ക്ക് യുഎഇ പിന്തുണ അറിയിച്ചെന്നും വിശദീകരിച്ചു.അണ്വായുധ പരീക്ഷണം നടത്തിയതിന് ഭാരതം സാമ്പത്തിക ഉപരോധം നേരിട്ടപ്പോള്‍ രാഷ്ട്രത്തെ താങ്ങി നിര്‍ത്തിയത് പ്രവാസികളാണ് . ഇന്നും സമ്പദ് ഘടനയുടെ നട്ടെല്ല് പ്രവാസി സഹോദരങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അയല്‍ രാജ്യങ്ങളോടുള്ള ഭാരതത്തിന്റെ സൗഹാര്‍ദ്ദ സമീപനം പ്രധാനമന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചു. നേപ്പാളിലും അഫ്ഗാനിലും നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം വിശദീകരിച്ചു . ഇന്ന് ലോക രാഷ്ട്രങ്ങളെല്ലാം ഭാരതത്തെ ബഹുമാനിക്കുന്നുണ്ടെങ്കില്‍ അതിനു കാരണം നൂറ്റിയിരുപത്തഞ്ച് കോടി ഭാരതീയരുടെ ശക്തിയാണെന്ന് അദ്ദേഹം പറഞ്ഞു .

നരേന്ദ്രമോദിയില്‍ ലോകം ദര്‍ശിക്കുന്നത് നൂറ്റിയിരുപത്തഞ്ച് കോടി ഭാരതീയരെ ആണെന്നും ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ അദ്ദേഹം വ്യക്തമാക്കി.

നല്ല ഭീകരവാദം ചീത്ത ഭീകരവാദം എന്നൊന്നില്ലെന്നും മാനവികതയ്‌ക്കൊപ്പമാണോ ഭീകരതയ്‌ക്കൊപ്പമാണോ തങ്ങള്‍ നില്‍ക്കേണ്ടതെന്ന് ലോക രാഷ്ട്രങ്ങള്‍ ഉറച്ച തീരുമാനമെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അക്ഷരാര്‍ത്ഥത്തില്‍ ഭാരതത്തിന്റെ ചെറുപതിപ്പായിരുന്നു ദുബായി സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം വീക്ഷിക്കാനെത്തിയത്.

പ്രാവാസികള്‍ മാതൃരാജ്യത്തിനു നല്‍കുന്ന സംഭാവനകള്‍ എടുത്തു പറഞ്ഞ മോദി ഭാരതത്തില്‍ തന്റെ സര്‍ക്കാര്‍ നടപ്പിലാക്കിയ വികസന പദ്ധതികളെ കുറിച്ചും പറഞ്ഞു. വിശപ്പടക്കുന്നതിനും സമ്പാദിക്കാന്‍ വേണ്ടിയും ഇവിടെയത്തെിയ ഇന്ത്യക്കാര്‍ കഠിനാധ്വാനികളാണ്. പ്രവാസികള്‍ ഇന്ത്യയുടെ അഭിമാനമാണ്.

പ്രവാസികളുടെ സ്‌നേഹവും പെരുമാറ്റവും ഇന്ത്യക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വീകരണ സമ്മേളനത്തിലേക്കുള്ള പ്രവേശനത്തിനായി വൈകീട്ട് 4.30 മുതല്‍ മുന്‍ കൂട്ടി രജിസ്റ്റര്‍ചെയ്തവര്‍ സ്റ്റേഡിയത്തിലത്തെി. ദുബൈ ഇന്റര്‍നെറ്റ് സിറ്റി മെട്രോ സ്റ്റേഷനില്‍ നിന്ന് സൗജന്യ ബസ് സര്‍വീസും ഏര്‍പ്പെടുത്തിയിരുന്നു.

പ്രവാസികളുടെ പരാതി അറിയിക്കാന്‍ ഇമൈഗ്രേറ്റ് പോര്‍ട്ടലായ മഡാഡ് തുടങ്ങി. വിദേശത്തേക്കുള്ള റിക്രൂട്ട്‌മെന്റ് നടപടി ക്രമങ്ങള്‍ക്കുള്ള പോര്‍ട്ടിലിനെ കുറിച്ചും വിശദീകരിച്ചു. ഇതിലെ അപാകതകള്‍ സമയബന്ധിതമായി പരിഹരിക്കുമെന്ന ഉറപ്പും നല്‍കി. വിദേശത്തുള്ളവരുടെ സഹായത്തിനായി എല്ലാ എംബസികള്‍ക്കും പ്രത്യേക ക്ഷേമ ഫണ്ട് അനുവദിച്ചിട്ടുണ്ട്.

ജയിലില്‍ കഴിയുന്ന ഇന്ത്യാക്കാര്‍ അടക്കമുള്ളവരുടെ പ്രശ്‌ന പരിഹാരത്തിന് ഈ ഫണ്ട് ഉപയോഗിച്ച് പരിഹാരമുണ്ടാക്കാം. ചെറിയ പിഴ അടയ്ക്കാന്‍ കഴിയാത്തതിനാല്‍ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മോചനമൊരുക്കാനും ഈ ഫണ്ട് വിനിയോഗിക്കുമെന്നും മോദി പറഞ്ഞു.


ദുബായ് മിനി ഇന്ത്യയല്ല. മിനി വേള്‍ഡ് ആയി മാറിയിരിക്കുന്നു. ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെയെത്താന്‍ 34 വര്‍ഷം വേണ്ടിവന്നു. ഇന്ത്യയില്‍നിന്നു ദുബായിലേക്ക് 700 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ട്. എന്നിട്ടും ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെ വരാന്‍ 34 വര്‍ഷം വേണ്ടിവന്നു. തീവ്രവാദത്തിനെതിരെ ഇന്ത്യയും യുഎഇയും ഒന്നിച്ചുനിന്നു പോരാടും.

തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നവര്‍ ശിക്ഷിക്കപ്പെടണം. ഇന്ത്യ മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിക്കു തുടക്കമിട്ടു. ലോകം ഇന്ത്യയെ നിര്‍മ്മിക്കണം. നിരവധി നിക്ഷേപ സാധ്യതകള്‍ ഇന്ത്യയിലുണ്ട്. ഇന്ത്യയുടെ മാറ്റം ജനങ്ങളുടേത്. ഇന്ത്യ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണു ലോകം കാണുന്നത്. ഈ മാറ്റത്തിനു കാരണം ഇന്ത്യയിലെ 125 കോടി ജനങ്ങളാണ്.

തീവ്രവാദത്തിനെതിരെ ലോകം ഒന്നിച്ചു നീങ്ങണം. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവര്‍ക്ക് ഒപ്പമാണോ അതിനെതിരെ ഉള്ളവര്‍ക്കൊപ്പമാണോ നില്‍ക്കേണ്ടതെന്നു ലോകം തീരുമാനിക്കണം. തീവ്രവാദത്തിനെതിരായ നിര്‍ണായക പോരാട്ടത്തിന്റെ സമയമാണിപ്പോള്‍.

അക്രമങ്ങള്‍ ആര്‍ക്കും നല്ലതു ചെയ്യുന്നില്ല. അക്രമപാതയിലുള്ളവര്‍ അത് അവസാനിപ്പിക്കണം. അവര്‍ രാജ്യത്തിന്റെ മുഖ്യധാരയിലേക്കെത്തണം.അയല്‍ രാജ്യങ്ങളുമായി നല്ല സൗഹൃദം നിലനിര്‍ത്തുകയെന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. വികസനത്തിനുവേണ്ടി തോളോടുതോള്‍ ചേര്‍ന്നു പ്രവര്‍ത്തിക്കണം. ബംഗ്ലാദേശുമായി കഴിഞ്ഞ ഒന്നിന് ലാന്‍ഡ് ബോര്‍ഡര്‍ കരാര്‍ നിലവില്‍വന്നു. നേപ്പാള്‍ കരയുമ്പോള്‍ നമുക്കു സന്തോഷിക്കാനാവില്ല. ഇന്ത്യയില്‍നിന്നു നേപ്പാളിലേക്കു കഷ്ടിച്ച് 70 മിനിറ്റ് യാത്രയേ വേണ്ടൂ. പക്ഷേ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഇവിടെയെത്താന്‍ 17 വര്‍ഷം വേണ്ടിവന്നു.
തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇക്കാര്യത്തില്‍ യു.എ.ഇ. ഇന്ത്യയുമായി യോജിച്ച് പ്രവര്‍ത്തിക്കും. ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍ സ്ഥിരാംഗത്വം നേടുക എന്ന ഇന്ത്യയുടെ എക്കാലത്തെയും വലിയ ആഹ്രഹത്തിന് യു.എ.ഇ പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രവാസികള്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ത്തിയെന്നും മോദി പറഞ്ഞു.

പൊഖ്‌റാന്‍ ആണവ പരീക്ഷണത്തിനുശേഷം ഇന്ത്യ ഒരുപാട് വിലക്കുകള്‍ നേരിട്ടു. ഇത് മറികടക്കാന്‍ അന്നത്തെ പ്രധാനമന്ത്രി വാജ്‌പേയി പ്രവാസികളുടെ സഹായമാണ് തേടിയത്. ഇന്നും പ്രവാസികളുടെ സംഭാവന തന്നെയാണ് ഇന്ത്യന്‍ സമ്പദ്ഘടനയുടെ നട്ടെല്ലെന്ന് പറയാന്‍ എനിക്ക് അഭിമാനമേ ഉള്ളൂപ്രധാനമന്ത്രി പറഞ്ഞു.

നേരത്തെ ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ യു.എ.ഇയിലുള്ള നിക്ഷേപകരെയും മോദി ക്ഷണിച്ചിരുന്നു. രാജ്യത്ത് ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപ സാദ്ധ്യതകളുണ്ടെന്ന് മോദി പറഞ്ഞു. മസ്ദാര്‍ പട്ടണത്തില്‍ നിക്ഷേപകരെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

വളരെ വേഗത്തില്‍ വികസിക്കുന്ന സമ്പദ്ഘടനയാണ് ഇന്ത്യയുടേത്. ഇന്ത്യ അവസരങ്ങളുടെ നാടാണ്. ഇവിടെയുള്ള 125 കോടി ജനങ്ങള്‍ വിപണിയല്ല, എന്നാല്‍ അവര്‍ ശക്തിയുടെ ശ്രോതസാണ്. ഇവിടെ ധാരാളം നിക്ഷേപം ആവശ്യമുള്ള റിയല്‍ എസ്റ്റേറ്റ് മേഖലയിലും അടിസ്ഥാന സൗകര്യ മേഖലയിലും അനവധി അവസരങ്ങളുണ്ടെന്ന്
മേദി ചൂണ്ടികാട്ടി

 

Top