കാമുകിയെ സ്വന്തമാക്കാന്‍ കാമുകിയുടെ ഭര്‍ത്താവായ ഉറ്റ സുഹൃത്തിനെ കൊന്ന് കത്തിച്ചു

ദുബൈ: കൂട്ടുകാരന്റെ ഭാര്യയെ സ്വന്തമാക്കാന്‍ ദുബൈയില്‍ അരുംകൊല നടത്തിയ കേസിലെ പ്രതിയുടെ അപ്പീല്‍ കോടതി തള്ളി. കാമുകിയെ സ്വന്തമാക്കാന്‍ കാമുകിയുടെ ഭര്‍ത്താവായ ഉറ്റ സുഹൃത്തിനെ കൊന്ന് കത്തിച്ച കേസില്‍ പ്രതിയായ കോമറോസ് ദ്വീപ് പൗരന്റെ വധശിക്ഷ റദ്ദാക്കാന്‍ സമര്‍പ്പിച്ച അപ്പീലാണ് തള്ളിയത്. 32കാരനായ പ്രതിക്ക് കീഴ്‌കോടതിയാണ് വധശിക്ഷ വിധിച്ചത്. അപ്പീല്‍ തളളിയതോടെ ഇയാളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കാനാണ് സാധ്യത. കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യയും പ്രതിയുടെ കാമുകിയുമായ 23 വയസ്സുള്ള യുവതിയുടെ അപ്പീലും കോടതി തള്ളി. 15 വര്‍ഷം ശിക്ഷയെന്നത് ജീവപര്യന്തമാക്കി കോടതി ഉയര്‍ത്തിയിരുന്നു. 2016 ഒക്ടോബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള്‍ തന്നെ പ്രസീഡിങ് ജഡ്ജി അബ്ദുല്‍ അസീസ് അബ്ദുല്ല പ്രതികളുടെ അപ്പീല്‍ തള്ളുകയായിരുന്നു.

തങ്ങള്‍ കുറ്റം ചെയ്തിട്ടില്ലെന്നായിരുന്നു പ്രതികളുടെ വാദം. പിന്നീട് കൊല്ലപ്പെട്ട വ്യക്തിയുടെ ഭാര്യയാണ് തന്നെ കൃത്യത്തിന് പ്രകോപിപിച്ചതെന്ന് പ്രതി പറഞ്ഞു. ശിക്ഷയ്ക്കുശേഷം യുവതിയെ നാടുകടത്താനും ഉത്തരവായി. കൊല്ലപ്പെട്ട വ്യക്തിയും കൃത്യം നടത്തിയ ആളും ആത്മാര്‍ഥ സുഹൃത്തുക്കളായിരുന്നു. അതിനിടയില്‍ സുഹൃത്തിന്റെ ഭാര്യയുമായി പ്രണയത്തിലായ പ്രതി കാമുകിയെ സ്വന്തമാക്കാനായി സൃഹൃത്തിനെ തലയ്ക്കിടിച്ച് കൊലപ്പെടുത്തിയശേഷം ശരീരം വെട്ടിമുറിക്കുകയും തുടര്‍ന്ന് കാറില്‍ ഉപേക്ഷിച്ച് പെട്രോള്‍ ഉപയോഗിച്ച് കത്തിക്കുകയുമായിരുന്നു. പ്രതിയും കാമുകിയും തമ്മില്‍ നടത്തിയ ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകം നടന്നതെന്ന് കോടതി കണ്ടെത്തി. കേസില്‍ ശിക്ഷിക്കപ്പെട്ടയാളും കൊല്ലപ്പെട്ടയാളുടെ ഭാര്യയുമായ സ്ത്രീയും തമ്മില്‍ രണ്ടു വര്‍ഷത്തിലധികമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കി.

കൊല്ലപ്പെട്ടയാളും ഭാര്യയും തമ്മില്‍ നിരന്തരം പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഒടുവില്‍ കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊല്ലാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി വലിയ പദ്ധതി തന്നെ ഇരുവരും തയാറാക്കിയിരുന്നു. കൊല്ലപ്പെട്ട വ്യക്തിയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു കൃത്യം നടത്തിയത്. സംഭവദിവസം വീട്ടില്‍ ഭര്‍ത്താവുമായി യുവതി മനപൂര്‍വം പ്രശ്‌നം ഉണ്ടാക്കി. ഇത് പരിഹരിക്കാന്‍ കാമുകനും ഭര്‍ത്താവിന്റെ സുഹൃത്തുമായ വ്യക്തിയെ വിളിച്ചുവരുത്തി. രാത്രി മൂന്നു മണിയോടെ വീട്ടില്‍ എത്തിയ ഇയാള്‍ ഭര്‍ത്താവിനെയും കൂട്ടി പുറത്തേക്ക് പോവുകയായിരുന്നു. സുഹൃത്തിനെ പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയ പ്രതി കല്ലുകൊണ്ട് തലയ്ക്കിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ആക്രമണത്തിന് ഇരയായ വ്യക്തി മരിച്ചിട്ടില്ലെന്ന് മനസിലാക്കിയതോടെ തല കാറിന്റെ വിവിധ ഭാഗങ്ങളില്‍ ഇടിപ്പിക്കുകയും ദേഹത്തുകൂടെ കാറുകയറ്റുകയും ചെയ്തു.

ഇതിലും അവസാനിപ്പിക്കാതെ അടുത്ത കൂട്ടുകാരന്റെ മൃതദേഹം ഉള്‍പ്പെട്ട കാര്‍ ഒഴിഞ്ഞ പ്രദേശത്ത് പോയി പെട്രോള്‍ ഒഴിച്ചു കത്തിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മൂവരും കോംറോസ് ദ്വീപില്‍ നിന്നുള്ളവരാണ്.സംഭവത്തിനു ശേഷം ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ അല്‍ ഗൗസിസില്‍ വെയര്‍ ഹൗസിന് സമീപം ഒരാളുടെ ശരീരം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തുകയായിരുന്നു. പിന്നീട്ട പോലീസെത്തി വിശദമായ പരിശോധന നടത്തിയപ്പോള്‍ ആണ് പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം കോംറോസ് ദ്വീപില്‍ നിന്നുള്ള വ്യക്തിയുടേതാണെന്ന് തിരിച്ചറിഞ്ഞത്. പൊലീസിന്റെ ആദ്യഘട്ട അന്വേഷണത്തില്‍ തന്നെ മരിച്ച വ്യക്തിയുടെ ഭാര്യയും കാമുകനും കുടുങ്ങിയിരുന്നു. ചോദ്യം ചെയ്യലില്‍ ഇരുവരും കുറ്റം നിഷേധിച്ചു. ഒടുവില്‍ യുവതി പറഞ്ഞത് അനുസരിച്ചാണ് കൃത്യം നടത്തിയതെന്ന് പ്രതി മൊഴി നല്‍കി.

Top