യുഎഇ യുടെ സഹായം 700 കോടിക്കും മേലെ…

ദുബായ്: കേരളത്തെ മുക്കിക്കളഞ്ഞ ജലപ്രളയം തീര്‍ത്ത ദുരിതത്തെ ശക്തമായി തന്നെ നേരിട്ടുകൊണ്ടിരിക്കുന്ന കേരളത്തെ യുഎഇ യുടെ സഹായവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പിന്നെയും പ്രതിസന്ധിയിലാക്കുന്നതായിരുന്നു. ഗള്‍ഫ് വ്യവസായിയില്‍ നിന്നും കിട്ടിയ വിവരം എന്ന രീതിയില്‍ 700 കോടിയുടെ വാഗ്ദാനം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചെന്ന വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെ വിദേശസഹായം സ്വീകരിക്കാനാകില്ലെന്ന് കേന്ദ്രം നിലപാട് എടുത്തതോടെ വലിയ ചര്‍ച്ചയിലേക്കും വിവാദത്തിലേക്കുമാണ് സംഭവം എത്തിയതും.

എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്ന റിപ്പോര്‍ട്ടുകള്‍ യുഎഇ യുടെ സഹായം നേരത്തേ കേട്ട 700 കോടിക്കും മേലെ പോകും എന്നതാണ്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. കേരളത്തിലെ ദുരിതബാധിതരെ സഹായിക്കുന്നതിനായി തിരക്കിട്ട ധനസമാഹരണങ്ങള്‍ യുഎഇ യില്‍ പുരോഗമിക്കുകയാണെന്നും 700 കോടി ശേഖരിക്കാന്‍ തന്നെയാണ് യുഎഇ ലക്ഷ്യമിടുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സഹായം ഈ രീതിയിലായാല്‍ ചിലപ്പോള്‍ നേരത്തേ പുറത്തു വന്ന തുകയ്ക്ക് മേലെ ആകാനും മതിയെന്നും ഈ വാര്‍ത്തകള്‍ പറയുന്നു.

എമിറേറ്റ്‌സ് റെഡ്ക്രസന്റ്, ശൈഖ് ഖലീഫ ഫൗണ്ടേഷന്‍, മുഹമ്മദ് ബിന്‍ റാഷിദ് ഫൗണ്ടേഷന്‍ എന്നിവ വഴിയാണ് ധനസമാഹരണം നടക്കുന്നത്. സ്വദേശികളും വിദേശികളും വന്‍ വ്യവസായ സ്ഥാപനങ്ങളും അടക്കം നിരവധി പേരാണ് കേരളത്തെ സഹായിക്കാന്‍ മുന്നോട്ട് വരുന്നത്. കേവലം ഒരാഴ്ച കൊണ്ട് തന്നെ ഒരാഴ്ചയ്ക്കിടെ റെഡ് ക്രസന്റിന്റെ ദുബായ് ശാഖയിലേക്ക് മാത്രം എത്തിയത് 38 കോടി രൂപയാണ് വന്നതെന്നും പറയപ്പെടുന്നുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഉടന്‍ ഈ സാധനങ്ങള്‍ കേരളത്തിലേക്ക് എത്തിക്കുമെന്ന് റെഡ്ക്രസന്റ് മാനേജര്‍ മുഹമ്മദ് അബ്ദുള്ള അല്‍ഹജ് അല്‍ സറോണി വ്യക്തമാക്കി. ദുബായ് കൂടാതെ മറ്റ് ആറ് എമിറേറ്റുകളിലെ റെഡ് ക്രസന്റിന്റെ ശാഖകളിലൂടെയുള്ള ധനസമാഹരണം ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ നൂറ് കോടിയായെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതിനൊപ്പം ദുരിതബാധിതര്‍ക്കായി നാല്‍പത് ടണ്‍ അവശ്യ സാധനങ്ങളും ഒരാഴ്ചയ്ക്കിടെ റെഡ് ക്രസന്റിന്റെ ദുബായ് ശാഖ സ്വീകരിച്ചതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. കേരളത്തിലെ ദുരിത ബാധിതര്‍ക്ക് വേണ്ടി ധന-വിഭവ സമാഹരണം ഒരു മാസം കൂടി നടത്താനാണ് റെഡ് ക്രസന്റ് തീരുമാനം.

Top