ന്യൂഡല്‍ഹി: ഇന്ത്യയിലെ ദരിദ്രര്‍ക്ക് പത്തുശതമാനം സംവരണം ഉറപ്പാക്കാനുള്ള തീരുമാനത്തിലൂടെ ദരിദ്ര ജനതയുടെ ആത്മവിശ്വാസം വളർത്താൻ കഴിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാർക്ക് സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ അംബേദ്കറിന്‍റെ സ്വപ്നമാണ് ബിജെപി സർക്കാർ നടപ്പാക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഒരു അഴിമതിയില്‍ പോലും പങ്കാളിയാവാതെ രാജ്യം ഭരിക്കാനാകുമെന്ന് തെളിയിച്ച സര്‍ക്കാരാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിയുടെ ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു മോദി.
കഴിഞ്ഞ സര്‍ക്കാര്‍ അഴിമതിയിലും ആരോപണങ്ങളിലും മുങ്ങിക്കുളിച്ചു നില്‍ക്കുകയായിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാരിനെതിരെ അഴിമതിക്കുറ്റം ചുമത്താത്തതെന്നും മോദി പറഞ്ഞു. റഫാല്‍ കരാറില്‍ അഴിമതിയില്ല, അക്കാര്യം കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമെന്ന് മോദി പറഞ്ഞു.
യുവാക്കള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശവും സൗകര്യങ്ങളും നല്‍കിയാല്‍ നിലനില്‍പ്പിനായി അവര്‍ക്ക് മറ്റൊന്നും നല്‍കേണ്ടതില്ല മോദി പറഞ്ഞു.
നമുക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന രാജ്യത്തെ കര്‍ഷകരെ പ്രതിപക്ഷ കക്ഷികള്‍ വെറും വോട്ടുബാങ്ക് മാത്രമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അധികാരത്തില്‍ വന്നതു മുതല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുതാര്യമാണ്. എന്നാല്‍ 2014 ന് മുമ്പ് രാജ്യത്തെ സാധാരണ നികുതിദായകന് ഒരു വിലയും ഇല്ലാത്ത സ്ഥിതിയായിരുന്നു.
ഞങ്ങളുടെ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ വായ്പ കിട്ടാന്‍ രാജ്യത്ത് രണ്ട് നടപടിക്രമങ്ങളാണ് ഉണ്ടായിരുന്നത്. ഒന്ന് സാധാരണ പ്രക്രിയ, രണ്ട് കോണ്‍ഗ്രസ് പ്രക്രിയ. ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ വായ്പയ്ക്ക് വേണ്ടിയുള്ള കോണ്‍ഗ്രസ് പ്രക്രിയ അവസാനിപ്പിച്ചു മോദി പറഞ്ഞു.
യുപിഎയുടെ പദ്ധതികള്‍ പേരുമാറ്റി ഞങ്ങള്‍ നടപ്പാക്കുകയാണെന്നാണ് മറ്റൊരു ആരോപണം. നിങ്ങള്‍ പറയണം, ഞാന്‍ അധികാരത്തില്‍ വന്ന ശേഷം മോദിയുടെ പേരില്‍ എത്ര പദ്ധതികള്‍ വന്നുവെന്ന് അദ്ദേഹം ചോദിച്ചു.
ആരൊക്കെ ബഹളം വച്ചാലും കാവല്‍ക്കാരന്‍ ജോലി നിര്‍ത്തില്ലെന്ന് നരേന്ദ്രമോദി പറഞ്ഞു. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ ആഘോഷിക്കാന്‍ മുങ്ങുന്ന സേവകനെയാണോ വേണ്ടതെന്നും രാഹുലിനെ പരിഹസിച്ച് മോദി ചോദിച്ചു. വിശാലസഖ്യം ജനങ്ങളോടുള്ള വഞ്ചനയാണെന്നും മോദി ആരോപിച്ചു.
അയോധ്യതര്‍ക്കം പരിഹരിച്ചുകാണാന്‍ കോണ്‍ഗ്രസ് ആഗ്രഹിക്കുന്നില്ല. വിശാലസഖ്യം ജനങ്ങളോടുള്ള വഞ്ചനയാണ്, കോണ്‍ഗ്രസ് വിരോധികള്‍ അവരോട് കീഴടങ്ങിയെന്നും ബിജെപി ദേശീയ കൗണ്‍സില്‍ യോഗത്തില്‍ മോദി പറഞ്ഞു. അതേസമയം ബിജെപിക്കെതിരെ മായാവതിയും അഖിലേഷ് യാദവും സഖ്യപ്രഖ്യാപനം നടത്തി.
എന്നാല്‍ എസ്.പി ബിഎസ്പി സഖ്യം രാജ്യതാല്‍പര്യം മുന്‍നിര്‍ത്തിയല്ല നിലനില്‍പ്പിന് വേണ്ടിയുള്ളതാണെന്ന് ബിജെപി ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥിരതയുള്ള സത്യസന്ധനായ നേതാവും നേതാവില്ലാത്ത അവസരവാദ കൂട്ടുകെട്ടും തമ്മിലെന്ന് ബിജെപി ദേശീയ കൗണ്‍സിലില്‍ അവതരിപ്പിച്ച രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നു.
സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിക്ഷത്തിനു നേരെ ശക്തമായ പ്രത്യക്രമണം നടത്തി ഭരണത്തുടര്‍ച്ച നേടുക എന്നതാണ് ലക്ഷ്യമെന്ന് ഇന്നലെ ദേശീയ കൗണ്‍സില്‍ ഉദ്ഘാടനം ചെയ്ത് ബി ജെ പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്. നരേന്ദ്ര മോദിയെ മാത്രം കേന്ദ്രീകരിച്ചാകും പ്രചാരണം.
തെരഞ്ഞെടുപ്പില്‍ നേതാക്കള്‍ക്കുള്ള ചുമതലകള്‍ കൗണ്‍സിലില്‍ വീതിച്ച് നല്‍കും.ഹിന്ദി ഹൃദയ ഭൂമിയിലെ തിരിച്ചടികളുടെ പശ്ചാത്തലത്തില്‍ ഏറെ ആസൂത്രിതമായ പ്രചാരണതന്ത്രങ്ങളാണ് ബിജെപി ആവിഷ്‌ക്കരിക്കുന്നത്.