ന്യൂഡല്‍ഹി: വേദാന്തപണ്ഡിതനും ആര്‍ഷ വിദ്യാഗുരുകുലം സ്ഥാപകനുമായ സ്വാമി ദയാനന്ദ ഗിരി (85) അന്തരിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഗുരുവാണ് ഇദ്ദേഹം. ഋഷികേശിലെ ആശ്രമത്തില്‍ ബുധനാഴ്ച രാത്രി 10.20 ഓടെയായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് നാളുകളായി ചികിത്സയിലായിരുന്നു.
വിദേശ പര്യടത്തിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാമിയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ആത്മീയതയുടേയും സേവനത്തിന്‍െറയും വറ്റാത്ത ഉറവയായിരുന്നു സ്വാമി എന്നും അദ്ദേഹത്തിന്‍െറ വിയോഗം തന്‍െറ വ്യക്തിപരമായ നഷ്ടമാണെന്നും മോദി ന്യൂയോര്‍ക്കില്‍ നിന്നും ട്വിറ്ററില്‍ കുറിച്ചു.
തമിഴ്‌നാട്ടിലെ കുംഭകോണത്തിലുള്ള മഞ്ചക്കുടി എന്ന അഗ്രഹാരത്തില്‍ ഗോപാലയ്യര്‍, വാലാംബാള്‍ ദന്പതിമാരുടെ മകനായി 1930 ആഗസ്ത് 15നാണ് ജനനം. നടരാജന്‍ എന്നായിരുന്നു ആദ്യപേര്. 1962ല്‍ ചിന്മയാനന്ദ സ്വാമിയില്‍നിന്ന് സന്ന്യാസം സ്വീകരിച്ചു. പിന്നീട് ചിന്മയാനന്ദ സ്വാമിയുടെ സെക്രട്ടറിയും ‘തപോവന്‍ പ്രസാദ്’ എന്ന പേരിലറിയപ്പെടുന്ന മാസികയുടെ ആദ്യകാല എഡിറ്ററായും പ്രവര്‍ത്തിച്ചു.
1965ന് ശേഷം ചിന്മയാനന്ദ സ്വാമിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായപ്പോള്‍ ‘ചിന്മയ സാന്ദീപനിയുടെ’ ആചാര്യസ്ഥാനം ഏറ്റെടുത്തു. അമേരിക്കയിലെ സൈലോസ് ബര്‍ഗിലും ഋഷികേശിലും ആനക്കട്ടിയിലും വേദാന്തപഠനത്തിനുള്ള ആര്‍ഷവിദ്യാഗുരുകുലങ്ങളും ഇദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്.ഈ മാസം 11 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഋഷികേശിലെ ആശ്രമത്തിലത്തെി ദയാനന്ദ ഗിരിയെ കണ്ടിരുന്നു.