കൊച്ചി: ആലുവയിൽ ഭർത്താവിന്റെ വീട്ടിൽ ആത്മഹത്യ ചെയ്ത മൊഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്ന സി ഐ സുധീർ മുൻപും ഗുരുതരമായ ആരോപണങ്ങളിൽ പെട്ടിരുന്ന ഉദ്യോഗസ്ഥനായിരുന്നതായി റിപ്പോർട്ടുകൾ. ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് പാമ്പിനെ കൊണ്ട് ഉത്രയെ കടിപ്പിച്ചുകൊന്നതാണെന്ന് തെളിയുന്ന ഘട്ടമെത്തിയപ്പോൾ അന്വേഷണത്തിൽ സുധീർ വീഴ്ച വരുത്തിയതായി കണ്ടെത്തിയിരുന്നു. ഇത് പരാതിയായതോടെ ഇയാളെ ആലുവയിലേക്ക് സ്ഥലം മാറ്റി. കേസിന്റെ വകുപ്പുതല അന്വേഷണം ഈ മാസം 19നാണ് പൂർത്തിയായത്.
2020ൽ അഞ്ചലിൽ മരിച്ച ദമ്പതികളുടെ കേസിലും സുധീറിനെതിരെ കടുത്ത ആരോപണം ഉയർന്നിരുന്നു. മരിച്ചവരുടെ ഇൻക്വസ്റ്റ് റിപ്പോർട്ട് ഒപ്പിടാനായി സ്വന്തം വീട്ടിലേക്ക് മൃതദേഹം കൊണ്ടുവരാൻ ആവശ്യപ്പെട്ടതിനെ തുടർന്നായിരുന്നു അന്വേഷണം നേരിട്ടത്. അന്ന് അഞ്ചൽ സി ഐയായിരുന്നു സുധീർ. കൊല്ലം റൂറൽ എസ് പിയായിരുന്ന ഹരിശങ്കറാണ് പരാതി അന്വേഷിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയത്. സുധീറിന്റെ ഭാഗത്ത് ഗുരുതര കൃത്യവിലോപം കണ്ടെത്തുകയും അച്ചടക്ക നടപടി വേണമെന്നുമായിരുന്നു ശുപാർശ.
പരാതി നൽകാൻ സ്റ്റേഷനിലെത്തിയപ്പോൾ തന്നോടും പിതാവിനോടും സി ഐ വളരെ മോശമായി പെരുമാറിയെന്നാണ് മൊഫിയ ആത്മഹത്യാക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. സി ഐയ്‌ക്കെതിരെ നടപടിയെടുക്കണമെന്നും കുറിപ്പിൽ പറയുന്നുണ്ട്. ‘ആലുവ സി.ഐ. ഞങ്ങളോട് മോശമായാണ് പെരുമാറിയത്. സ്റ്റേഷനിലേക്കു കയറിച്ചെന്നപ്പോൾ താൻ തന്തയാണോടോ എന്നാണ് സി.ഐ. ചോദിച്ചത്. മരുമകന്റേയും അവരുടെ വീട്ടുകാരുടേയും മുന്നിൽവെച്ച് തന്നോടും മകളോടും മോശമായി സംസാരിച്ചു.’ എന്ന് മൊഫിയയുടെ പിതാവ് ഇർഷാദും സുധീറിനെതിരെ ആരോപണം ഉന്നയിച്ചിട്ടുണ്ട്.