കൊച്ചി: ആലുവയിൽ ഭർത്താവിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിയമ വിദ്യാർത്ഥിനി മോഫിയ ആത്മഹത്യ ചെയ്ത കേസിൽ പ്രതികൾ പിടിയിൽ. മോഫിയയുടെ ഭർത്താവ് സുഹൈൽ, ഇയാളുടെ പിതാവ് യുസൂഫ്, മാതാവ് റുഖിയ എന്നിവരാണ് പിടിയിലായത്. കോതമംഗലത്തെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്ന ഇവരെ ഇന്ന് പുലർച്ചെയാണ് പൊലീസിന്റെ പിടിയിലായത്.
ആത്മഹത്യാ പ്രേരണ കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. ഉച്ചയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും. വൈകിട്ട് കോടതിയിൽ ഹാജരാക്കും. ആലുവ കീഴ്മാട് എടയപ്പുറം കക്കാട്ടില്‍ പ്യാരിവില്ലയില്‍ മൊഫിയ പര്‍വീണ്‍ ചൊവ്വാഴ്ചയാണ് സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ചത്. കെ. ദില്‍ഷാദിന്റെയും ഫാരിസയുടെയും മകളാണ്. ഭര്‍ത്താവിനെതിരേയും ഭര്‍ത്തൃവീട്ടുകാര്‍ക്കെതിരേയും ആലുവ സി.ഐ. സി.എല്‍. സുധീറിനെതിരേയും ഗുരുതര ആരോപണങ്ങളുമായി മൊഫിയ എഴുതിയ കുറിപ്പും കണ്ടെടുത്തിരുന്നു.
അതേ സമയം സിഐക്കെതിരെ കാര്യമായ നടപടിയൊന്നും ഇതുവരെ എടുത്തിട്ടില്ല. സ്റ്റേഷന്‍ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തിയെന്ന് പറയുന്നുണ്ടെങ്കിലും ഇന്നലെ രാത്രി പത്ത് മണിവരെ സിഐ ഔദ്യോഗിക ചുമതലയിലുണ്ടായിരുന്നുവെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത് ആരോപിച്ചു. പരാതി ബോധിപ്പിക്കാനെത്തിയ മകളെ സിഐ അവഹേളിച്ചുവെന്നും കുടുംബം ആരോപിച്ചിട്ടുണ്ട്.
അതേസമയം മോഫിയയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്ന സി ഐ സുധീറിനെതിരെ കൂടുതൽ നടപടികൾ ഉണ്ടായേക്കും. ഗാർഹിക പീഡനത്തിനെതിരെ പരാതി നൽകാൻ എത്തിയ മോഫിയയോട് സി ഐ മോശമായി പെരുമാറിയെന്നാണ് ആരോപണം. മോഫിയയുടെ പരാതി പരിഗണിച്ച സമയത്ത് ആലുവ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ സംഭവിച്ച കാര്യങ്ങളിൽ അന്വേഷണ സംഘം ഇന്ന് വ്യക്തത വരുത്തും.