തിരുവനന്തപുരം :സമൂഹത്തില്‍ കുട്ടികള്‍ക്കെതിരെ ഉണ്ടാകുന്ന ക്രൂരതകള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ മോഹന്‍ലാലിന്റെ പുതിയ ബ്ലോഗ്. കുട്ടികള്‍ക്കെതിരെ ലൈംഗിക അതിക്രമങ്ങള്‍ നടക്കുന്നത് നമ്മുടെ ചുറ്റുവട്ടത്തുതന്നെയാണെന്നും ഇതൊന്തൊരു ലോകമാണെന്നും മോഹന്‍ലാല്‍ ബ്ലോഗിലൂടെ പറയുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ പീഡനത്തിനിരയാകുന്നതില്‍ ദുഃഖവും അമര്‍ഷവും പങ്കുവെച്ച് മോഹന്‍ലാല്‍. “കുട്ടികള്‍ക്ക് കണ്ണീരോടെ “എന്ന തലക്കെട്ടില്‍ തന്റെ ബ്ലോഗില്‍ എഴുതിയ കുറിപ്പിലാണ് കൊച്ചുകുട്ടികള്‍ പീഡനത്തിനിരയാകുന്ന അവസ്ഥയെക്കുറിച്ചുള്ള മോഹന്‍ലാലിന്റെ പ്രതികരണം.
ബ്ലോഗിന്റെ പ്രസക്ത ഭാഗം വായിക്കാം…
പീഡനങ്ങള്‍ക്ക് ഇരയായ കുട്ടികള്‍ക്കുവേണ്ടി ചെയ്ത പ്രവര്‍ത്തനങ്ങളെ മാനിച്ച് കൈലാഷ് സത്യാര്‍ത്ഥിക്ക് നോബല്‍ സമ്മാനം കിട്ടിയ വാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ കുട്ടികള്‍ക്കുവേണ്ടി എന്താണ് ഇത്രമാത്രം ചെയ്യാനുള്ളത് എന്ന് താന്‍ മനസ്സ് കൊണ്ട് കരുതിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ കേരളത്തില്‍ ജീവിക്കുമ്പോള്‍ കുട്ടികള്‍ക്ക് വേണ്ടിയാണ് നമുക്ക് ഏറെ ചെയ്യാനുള്ളതെന്ന് മനസ്സിലാകുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.
എല്ലാം ഏറ്റവുമധികം സഹിക്കുന്നത് കുട്ടികളാണ്. “കഴിഞ്ഞ ഒരു മാസത്തെ വാര്‍ത്തകള്‍ എടുത്ത് നോക്കൂ …പല തരത്തില്‍ പീഡിപ്പിക്കപ്പെടുന്ന കുട്ടികള്‍ , ആത്മഹത്യ ചെയ്യുന്ന കുട്ടികള്‍ , കൊലചെയ്യപ്പെടുന്ന കുട്ടികള്‍ എത്ര എത്ര സംഭവങ്ങളാണ്. നാം കണ്ടതും കേട്ടതും വിദൂരദേശത്തെ കഥകളല്ല .ഇവയെല്ലാം സംഭവിച്ചത് നമ്മുടെ ചുറ്റുവട്ടത്തിലാണ് നമ്മുടെ അയല്‍പക്കങ്ങളിലും കണ്ണും കാതുമെത്തുന്ന ദൂരത്തുമാണ്. മൂന്നും ആറും പത്തും വയസ്സുള്ള കുട്ടികള്‍വരെ പീഡിപ്പിക്കപ്പെടുന്നു. അതിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ കഴിയാതെ അവര്‍ തകര്‍ന്നു പോകുന്നു. ചിലര്‍ ആത്മഹത്യചെയ്യുന്നു. ” ഇതെന്തൊരു ലോകമാണ് ? എന്ന് മോഹല്‍ലാല്‍ ബ്ലോഗിലൂടെ ചോദിക്കുന്നു.
കുഞ്ഞുങ്ങളെ ഉപദ്രവിക്കുന്നവരോട് തനിക്ക് ഒന്നും പറയാനില്ലെന്നും അവര്‍ ഉപദേശിക്കപ്പെടാന്‍ പോലും അര്‍ഹത ഇല്ലാത്തവരാണെന്നും മോഹന്‍ലാല്‍ തുടര്‍ന്ന് എഴുതുന്നു. “എത്രയും വേഗത്തില്‍ കഠിനമായ ശിക്ഷ അവര്‍ക്ക് നല്‍കുക എന്നത് മാത്രമാണ് പ്രതിവിധി. “താന്‍ പീഡിപ്പിക്കപ്പെടുന്ന വിവരം പുറം ലോകത്തോട് പറയാന്‍ പോലുമാകാതെ ഉള്ളം നീറിക്കഴിയുന്ന കൊച്ചുകുട്ടികളുടെ മുഖം എന്റെയുള്ളില്‍ നിറയുന്നുണ്ട്. അവരെ ആരാണ് രക്ഷിക്കുക ? അവര്‍ക്ക് ആരാണ് വെളിച്ചവും സാന്ത്വനവുമാവുക ?? ഞാന്‍ എന്നോട് തന്നെ ഈ ചോദ്യങ്ങള്‍ ചോദിക്കുന്നു. പക്ഷേ ഉത്തരം ലഭിക്കുന്നില്ല.