തന്റെ സ്വന്തം മണ്ണിലൂടെ സൈക്കിളോടിക്കുക എന്നത് സാധാരണക്കാര്‍ക്ക് വലിയ കാര്യമല്ല. എന്നാല്‍ നടന്‍ മോഹന്‍ലാല്‍ തിരുവനന്തപുരം നഗരത്തിലൂടെ സൈക്കിളോടിക്കുക എന്നത് അത്ര ചെറിയകാര്യമല്ല. മോഹന്‍ലാലിന്റെ വളരെക്കാലത്തെ ആഗ്രഹമായിരുന്നു ഈ സൈക്കിള്‍ സവാരി. ഇപ്പോഴത് യാഥാര്‍ത്ഥ്യമായിരിക്കുകയാണ്. പുലര്‍ച്ചെ നാലരയ്ക്ക് തിരുവനന്തപുരത്താണ് താരം നഗരം ചുറ്റാനിറങ്ങിയതെന്ന്.
വെള്ളയുടുപ്പും വെള്ളിക്കരയുള്ള മുണ്ടുമുടുത്ത് ഒരൊത്ത പുരുഷന്‍ സൈക്കിളില്‍ സ്റ്റാച്യുവിലെ മാധവരായരുടെ പ്രതിമ ചുറ്റി എം.ജി റോഡിലൂടെ വടക്കോട്ട് പോകുന്നു. വെളുപ്പിന് 4.30 ആയതിനാല്‍ അധികമാരും നടനെ തിരിച്ചറിയുന്നില്ല. കോഫീ ഹൗസിലേക്കായിരുന്നു സൈക്കിള്‍ യാത്ര. സിനിമയില്‍ മോഹന്‍ലാല്‍ അരങ്ങേറ്റം കുറിച്ചത് തിരനോട്ടം എന്ന സിനിമയിലൂടെയായിരുന്നു. ഈ സിനിമ ഇനിയും റിലീസ് ചെയ്തിട്ടില്ല. ഈ സിനിമയില്‍ സൈക്കിള്‍ ഓടിക്കുന്നതായിരുന്നു ലാലിന്റെ ആദ്യ ഷോട്ട്. അതിനെ അനുസ്മരിപ്പിക്കും വിധം സൈക്കിളില്‍ കോഫീ ഹൗസിലേക്ക്.
പണ്ട് കോഫി ഹൗസ് യാത്ര മോഹന്‍ലാലിന് നിത്യവും ഉള്ള ഒരു സൈക്കിള്‍യജ്ഞമായിരുന്നു. സൈക്കിളിലും ബസിലും സ്‌കൂട്ടറിലും മറ്റുമായി അവര്‍ ഒരുകൂട്ടം കൂട്ടുകാര്‍ അവിടെ കൂട്ടം കൂടിയിരുന്നാണ് പകല്‍ സ്വപ്നങ്ങള്‍ കണ്ടിരുന്നത്. മോഹന്‍ലാലും പ്രിയദര്‍ശനും അടക്കമുള്ളവരുടെ ഒരുമിക്കല്‍ കേന്ദ്രം. പഴയകാല ജീവിത വഴിയിലൂടെ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നില്‍ സൈക്കിളോടിച്ചപ്പോള്‍ ദീര്‍ഘനാളായി മോഹന്‍ലാലിന്റെ മനസില്‍ അടക്കി വച്ച ഒരാഗ്രഹമാണ് നടപ്പിലായത്. തിരുവനന്തപുരത്തെ ഷൂട്ടിംഗിനുശേഷം എറണാകുളത്തേക്ക് തിരിച്ചുപോകുന്നതിന് അല്പം മുമ്പാണ് നഗരത്തിലൂടെ സൈക്കിളോടിച്ചത്.
4.30ന് മാധവരായര്‍ പ്രതിമയെ ഒന്ന് വലം വച്ച് പഴയ കോഫി ഹൗസ് വരെ സൈക്കിളില്‍ മെല്ലെ യാത്ര ചെയ്തു. അതിരാവിലെ നടക്കാനിറങ്ങിയവരും പത്രവിതരണക്കാരും അപ്രതീക്ഷിതമായി മോഹന്‍ലാലിനെ കണ്ട് അദ്ഭുതപ്പെട്ടു നിന്നു. അവര്‍ക്കൊക്കെ ചെറിയ ചിരി നല്‍കി അദ്ദേഹം മുന്നോട്ട് ചവിട്ടി. കോഫി ഹൗസിന് മുന്നില്‍ കുറച്ച് സമയം ചെലവഴിച്ചു. അന്നത്തെ കുസൃതികള്‍ കൂടെയുണ്ടായിരുന്ന സുഹൃത്ത് എം.ബി. സനല്‍കുമാറുമായി പങ്കുവച്ചു. അന്ന് സ്വന്തം സ്‌കൂട്ടറിലും ചിലപ്പോള്‍ കൂട്ടുകാരുടെ സൈക്കിളിന്റെ പിറകിലും മുന്‍പിലുമായാണ് വീട്ടിലേക്ക് പാതിരാത്രിയില്‍ തിരിച്ചുപോകുന്നത്.
റോഡില്‍ ഒച്ചയും ബഹളവുമുണ്ടാക്കി ആഘോഷത്തോടെയാണ് തിരിച്ചു പോക്കെന്ന് പറഞ്ഞ് ലാല്‍ ചിരിച്ചു. പിന്നെ കോഫി ഹൗസിന് മുന്നിലൂടെ സൈക്കിള്‍ തള്ളിക്കൊണ്ട് നടന്നു. 5 മണിക്ക് പിരിഞ്ഞു. മോഹന്‍ലാലിന് നഗരത്തിലൂടെ സൈക്കിള്‍ ചവിട്ടണമെന്ന് ഏതോ ഒരു സുഹൃദ് സംഗമത്തില്‍ പറഞ്ഞതിന്റെ ഓര്‍മ്മകള്‍ വച്ചാണ് സനല്‍കുമാര്‍ ഈ ഒരു ദൗത്യം ഏറ്റെടുത്തത്. കുറേ ദിവസങ്ങളായി ബി. ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ഇവിടെ നടക്കുകയായിരുന്നു. കുറച്ച് വര്‍ഷം മുന്‍പ് മറ്റൊരു സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് ലാല്‍ എത്തിയപ്പോള്‍ ഈ ആഗ്രഹം നടപ്പിലാക്കാന്‍ പറ്റിയിരുന്നില്ല. ഇപ്രാവശ്യം സനല്‍കുമാര്‍ അത് യാഥാര്‍ത്ഥ്യമാക്കി.