ബ്ലൂവെയില്‍ ചാലഞ്ചിന് ശേഷം മറ്റൊരു അപകടകരമായ ഗെയിം ചാലഞ്ച് കൂടി. കുട്ടികളെയും കൗമാരക്കാരെയും ആത്മഹത്യയിലേക്ക് നയിക്കുന്ന ഗെയിമിനെകുറിച്ചുള്ള മുന്നറിയിപ്പുമായി വിവിധ രാജ്യങ്ങളിലെ പൊലീസ് സേനകള്‍ രംഗത്തെത്തി. ‘മോമോ ചാലഞ്ച്’ എന്നാണ് ഇതിന്റെ പേര്. കഴിഞ്ഞ ആഴ്ചകളിലാണ് മോമോ ചാലഞ്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സൈബര്‍ ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടത്.
വാട്‌സാപ്പ് വഴിയാണ് ഈ ഗെയിം പ്രചരിക്കുന്നത്. ജപ്പാനീസ് ആര്‍ട്ടിസ്റ്റ് ആയ മിഡോരി ഹയാഷിയുടെ പ്രശസ്തമായ ശില്‍പത്തിന്റെ മുഖമാണ് ഈ ഗെയിമിലെ മോമോയുടെ മുഖചിത്രമായി ഉപയോഗിച്ചിരിക്കുന്നത്. ഉണ്ടക്കണ്ണുകളും മെലിഞ്ഞ ശരീരവും വിളറിയ നിറവുമുള്ള കഥാപാത്രം ആദ്യ ഗെയിമില്‍ തന്നെ കുട്ടികളില്‍ ഭീതി ജനിപ്പിക്കുന്നു. ഗെയിമില്‍ താത്പര്യമുള്ള ഉപയോക്താക്കളോട് ആദ്യം മോമോ എന്ന പേരിലുള്ള ആളെ ബന്ധപ്പെടണം എന്ന് പറഞ്ഞാണ് ഗെയിം തുടങ്ങുന്നത്.
മെസ്സേജുകളും മറ്റും പേടിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും മോമോ തിരിച്ചയ്ക്കും. പലരിലും ആത്മഹത്യാ പ്രവണത തന്നെ ഇതുണ്ടാക്കും. പേഴ്‌സണലൈസ്ഡ് ഗെയിമായതിനാല്‍ തന്നെ സ്വാധീന ശക്തിയും കൂടുതലാണ്. മെക്‌സിക്കന്‍ കമ്പ്യൂട്ടര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ടീം നടത്തിയ അന്വേഷണ പ്രകാരം ഫെയ്‌സ്ബുക്കിലാണ് ഇത് ആദ്യം ആരംഭിച്ചതെന്ന് പറയുന്നു.
സ്‌പെയിന്‍ അര്‍ജന്റീന മെക്‌സിക്ക തുടങ്ങിയ രാജ്യങ്ങള്‍ മോമോയ്‌ക്കെതിരേ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്. അടുത്തിടെ അര്‍ജന്റീനയില്‍ 12കാരി ദുരൂഹസാഹചര്യത്തില്‍ മരിച്ചിരുന്നു. ഇതിന് കാരണം മോമോ ചാലഞ്ച് ആണോ എന്ന അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.