ബംഗളുരു : സാധാരണയായി മനുഷ്യന്മാരാണ് വെള്ളമടിച്ച് കോപ്രായത്തരങ്ങള്‍ ഒക്കെ കാട്ടിക്കൂട്ടുന്നത്. പക്ഷേ, ബംഗളുരുവില്‍ ഇന്നലെ ഒരു കുരങ്ങനാണ് വെള്ളമടിച്ച് പാമ്പായി ആക്രമണം അഴിച്ചുവിട്ടത്. ബംഗളുരുവിലെ കമ്മനഹള്ളിയിലുള്ള ദിവാകര്‍ ബാര്‍ ആന്‍ഡ് റസ്‌റ്റോറന്റിലാണ് സംഭവം നടന്നത്. ബാര്‍ ഹോട്ടലിലെ പതിവുകാരനാണ് കുരങ്ങന്‍. ഹോട്ടലിലെത്തുന്നവര്‍ കഴിച്ച് ബാക്കിയാകുന്ന ഭക്ഷണവും, മദ്യവും കഴിക്കാന്‍ പതിവായി എത്താറുള്ളതാണ് കുരങ്ങന്‍. എന്നാല്‍ ഇത്തവണ കഴിച്ച അളവു കൂടിപ്പോയതോടെ കുരങ്ങന്റെ നില തെറ്റി അക്രമണം അഴിച്ചു വിടുകയായിരുന്നു. കുരങ്ങന്‍ ആളുമാറിയതോടെ ബാറിലുണ്ടായിരുന്ന കുറച്ചുപേര്‍ പേടിച്ച് ഓടി. കുരങ്ങന് പഴവും മറ്റു ശീതള പാനീയങ്ങളും നല്‍കി അനുനയിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും കുരങ്ങന്‍ ഒന്നിലും വഴങ്ങിയില്ല. കുരങ്ങന്റെ അക്രമണത്തില്‍ ബാറിലെത്തിയ നാലു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് പോലീസും, അഗ്‌നിശമന സേനയും എത്തി വലയുപയോഗിച്ചാണ് കുരങ്ങനെ പിടികൂടിയത്. അതേസമയം കുരങ്ങന് മദ്യം കൊടുത്തതിനെ തുടര്‍ന്ന് ബാറിനെതിരെ വന്യമൃഗ സംരക്ഷണ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തിട്ടുണ്ട്.
https://youtu.be/gB0GCZ05oeg