മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണ സംഘം വിപുലീകരിച്ച് ഡിജിപിയുടെ ഉത്തരവ്.മോൻസൺ ഏഴ് വരെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

കൊച്ചി:സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കലിന്റെ കേസ് അന്വേഷണ സംഘം വിപുലീകരിച്ച് ഡിജിപിയുടെ ഉത്തരവ്. കൊച്ചി സൈബർ സ്റ്റേഷൻ എസ്എച്ച്ഒ അടക്കം 10 ഉദ്യോഗസ്ഥരെ കൂടി സംഘത്തിൽ ഉൾപ്പെടുത്തി. അന്വേഷണത്തിന്റെ ഭാഗമായി മോൻസന്റെ വീട്ടിലെ സിസിടിവി ദൃശ്യങ്ങളും, ഫോൺ രേഖകളും പരിശോധിക്കും. ഇതിനിടെ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി സ്പർജ്ജൻ കുമാർ എറണാകുളം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി.

ശാസ്ത്രീയവും കുറ്റമറ്റതുമായ അന്വേഷണം ലക്ഷ്യമിട്ടാണ് കൊച്ചി സൈബർ സ്റ്റേഷൻ എസ്എച്ച്ഒ അടക്കം 10 ഉദ്യോഗസ്ഥരെ കൂടി പ്രത്യേക സംഘത്തിൽ ഉൾപ്പെടുത്തിയത്. തെളിവ് ശേഖരണത്തിന്റെ ഭാഗമായി മോൻസന്റെ ഫോൺ രേഖകളും, സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും. വീട്ടിലെ നിത്യ സന്ദർശകരുടെ വിശദാംശങ്ങൾ അറിയുന്നതിനൊപ്പം ഉന്നത ബന്ധങ്ങൾ സ്ഥിരീകരിക്കുന്നതിനാണ് ഈ നടപടി.ഇതിനിടെ കേസിന്റെ അന്വേഷണ പുരോഗതി വിലയിരുത്താൻ ഐജി സ്പർജ്ജൻ കുമാർ എറണാകുളം ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി. ഉദ്യോഗസ്ഥരിൽ നിന്നും ഐജി കേസിന്റെ വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. പരാതിക്കാരൻ സന്തോഷും ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി മൊഴി നൽകി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് മോൻസൺ മാവുങ്കൽ നൽകിയ ജാമ്യ ഹർജി എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. പാല മീനച്ചിൽ സ്വദേശി രാജീവ് ശ്രീധരിൽ നിന്ന് ഒരു കോടി 62 ലക്ഷം തട്ടിയെന്ന കേസിലാണ് ജാമ്യാപേക്ഷ സമർപ്പിച്ചത്.
അതേസമയം മോൻസൺ മാവുങ്കലിനെ ഒക്ടോബർ ഏഴ് വരെ എറണാകുളം എസിജെഎം കോടതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് പാട്ടത്തിന് നൽകാമെന്ന് വാഗ്ദാനം നൽകി പണം തട്ടിയെന്ന പാലാ സ്വദേശി രാജീവിന്റെ പരാതിയിലുള്ള അന്വേഷണത്തിനാണ് മോൻസണിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ വാങ്ങിയത്.

വിശദമായി ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷൻ ആവശ്യം അംഗീകരിച്ചാണ് കോടതി കസ്റ്റഡി അനുവദിച്ചത്. മോൻസൺ മാവുങ്കലിന്റെ സാമ്പത്തിക ഇടപാടുകൾ ദുരൂഹമാണെന്നും മറ്റുള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ ഉപയോഗിച്ചാണ് പണമിടപാട് നടത്തിയതെന്നും ക്രൈംബ്രാഞ്ച് സംഘം കോടതിയെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു. ഇതെല്ലാം അംഗീകരിച്ചാണ് മോൻസണെ വ്യാഴാഴ്ച വരെ കസ്റ്റഡിയിൽ വിട്ട് ഉത്തരവിട്ടത്.

അതേസമയം മോൻസണുമായി ബന്ധപ്പെട്ട വിഷയത്തിൽ പൊലീസിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചു. എന്ത് അടിസ്ഥാനത്തിലാണ് മോൻസണ് പൊലീസ് സംരക്ഷണം നൽകിയതെന്നായിരുന്നു കോടതി ചോദിച്ചത്. മോൻസണുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിലുണ്ട്. ആനക്കൊമ്പ് കാണുമ്പോൾ അതിനെ കുറിച്ച് പൊലീസ് അന്വേഷിക്കണ്ടേ എന്നും കോടതി ചോദിച്ചു. വിഷയത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ഹൈക്കോടതി ഡിജിപിക്ക് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം മോൻസൺ വിഷയം നിയമസഭയിലും ചർച്ചയായി. വിഷയം സഭയിൽ ഉന്നയിച്ച പ്രതിപക്ഷത്തിനെതിരെ ഒളിയമ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ മറുടി. മോൻസന്റെ അടുത്ത്‌ ആരെല്ലാമാണ്‌ ചികിത്സയ്ക്ക്‌ പോയതെന്ന്‌ പൊതുജനത്തിന് അറിയാമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു. പൊലീസ് ഉദ്യോഗസ്ഥർ മോൻസന്റെ വീട്ടിൽ പോയത് സുഖചികിത്സയ്ക്കല്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. പുരാവസ്തു തട്ടിപ്പുകേസിൽ പ്രതിപക്ഷം നിയമസഭയിൽ നൽകിയ അടിയന്തര പ്രമേയത്തിന് നോട്ടീസിന്‌ മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. പുരാവസ്തു കച്ചവടത്തിന്റെ പേരിൽ സാമ്പത്തിക തട്ടിപ്പു നടത്തിയ മോൻസൺ മാവുങ്കലുമായി ചേർന്ന് പൊലീസുകാർ ചട്ടവിരുദ്ധവും അവിഹിതവുമായ കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ഒരു ദാക്ഷിണ്യവും ഇല്ലാതെ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അന്വേഷണം ആരിലാണോ എത്തേണ്ടത് അവരിൽതന്നെ എത്തും. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും തട്ടിപ്പുകാർ ആരും രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോൻസന്റെ വീട്ടിൽ ആരൊക്കെ എന്തിനൊക്കെയാണ് പോയതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഡിജിപി സന്ദർശിച്ച ശേഷം മോൻസനെപ്പറ്റി അന്വേഷിക്കാൻ ഇന്റലിജൻസിന് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

Top