
ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ എംജി യൂണിവേഴ്സിറ്റിയിലെ പിജി വിദ്യാർഥിനിക്കുനേരെ സദാചാര ഗുണ്ടാ ആക്രമണം. എംജി യൂണിവേഴ്സിറ്റി ഗാന്ധിയൻ സ്റ്റഡീസ് വിഭാഗം പിജി വിദ്യാർഥിനി അൽഫോൻസയ്ക്കാണ് (22) മർദനമേറ്റത്. ഞായറാഴ്ച രാത്രി 7.30നു മാന്നാനത്തെ ഹോട്ടലിലാണ് സംഭവം. അൽഫോൻസയും മറ്റു രണ്ടു വിദ്യാർഥിനികളുമാണ് ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. ഇവിടെ ഭക്ഷണം കഴിക്കാനെത്തിയ നാലു യുവാക്കൾ ഇവരോടു മോശമായി പെരുമാറി. ഇതു ചോദ്യം ചെയ്ത അൽഫോൻസയെ യുവാക്കൾ മർദിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ അൽഫോൻസയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാന്ധിനഗർ പോലീസ് കേസെടുത്തു.