ഏഴുവയസ്സുകാരിയെ റോഡു മുറിച്ചുകടക്കാന്‍ സഹായിച്ച തമിഴുനാട്ടുകാരനെ ആള്‍ക്കൂട്ടം അക്രമിച്ചു…

മലപ്പുറം: മലപ്പുറം തിരൂരില്‍ മദ്രസ്സ വിട്ടു വരികയായിരുന്ന ഏഴു വയസ്സുകാരിയെ റോഡു മുറിച്ചുകടക്കാന്‍ സഹായിച്ച തമിഴുനാട്ടുകാരനെ ആള്‍ക്കൂട്ടം അക്രമിച്ചു. തിരൂര്‍ ചേന്നരയില്‍ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന മണികണ്ഠനെ (55)നെയാണ് പ്രദേശത്തെ ഒരു പ്രമുഖ നേതാവിന്റെ നേതൃത്വത്തിലുള്ള ആള്‍ക്കൂട്ടം അക്രമിച്ചത്. ഇക്കഴിഞ്ഞ 23ന് നടന്ന സംഭവം ഒതുക്കി തീര്‍ത്തതിനാല്‍ മാധ്യമ പ്രവര്‍ത്തകര്‍ പോലും വിവരം അറിഞ്ഞില്ല. ആലിങ്ങല്‍ മംഗലം റോഡില്‍ രാവിലെ ഒമ്പതിനായിരുന്നു സംഭവം.ഞാറക്കാട്ട് അന്‍വര്‍ എന്നയാളിന്റെ മകള്‍ മംഗലം എ എം എല്‍.പി.സ്‌കൂളില്‍ പഠിക്കുന്ന പെണ്‍കുട്ടി മദ്രസ്സ വിട്ടു വരുമ്പോഴാണ് വീടിനു സമീപം വച്ച് കുട്ടിയെ റോഡു മുറിച്ചുകടക്കാന്‍ സഹായിക്കുന്നതിന് കൈ പിടിച്ചത്.കുട്ടി കുതറി ഓടിയതോടെ തമിഴുനാട്ടുകാരന്‍ കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്നു പറഞ്ഞ് ആളുകള്‍ ഓടിക്കൂടി സദാചാര പോലീസ് ചമയുകയായിരുന്നു. പ്രദേശത്തെ രാഷ്ട്രീയ നേതാവിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍.ഇതിനിടെ കുട്ടിയുടെ പിതാവ് ഉള്‍പ്പെടെയുള്ളവര്‍ മണികണ്ഠനെ തല്ലിയതായി നാട്ടുകാര്‍ പറഞ്ഞു.ഇയാള്‍ ഏറെ കാലമായി കുടുംബസമേതം ചേന്നരയില്‍ താമസിക്കുന്ന ണ്ട്.കൂലിപ്പണിക്കാരനായ മണികണ്ഠനെ എല്ലാവര്‍ക്കും പരിചിതവുമാണ്. തുടര്‍ച്ചയായി ശബരിമലക്ക് എല്ലാവര്‍ഷവും മാലയിട്ടു പോകാറുള്ള മണികണ്ഠന്‍ നാട്ടുകാര്‍ക്കിടയില്‍ ഭക്തനാണ്.

വാഹനങ്ങള്‍ നിരന്തരം പോകുന്നതിനാല്‍ കുട്ടിയെ റോഡു മുറിച്ചുകടക്കാന്‍ സഹായിക്കുകയാണ് താന്‍ ചെയ്ത തെന്നു പറഞ്ഞിട്ടും ആള്‍ക്കൂട്ടം കനിഞ്ഞില്ല. തുടര്‍ന്ന് ആള്‍ക്കൂട്ട വിചാരണക്ക് നേതൃത്വം നല്‍കിയ നേതാവിന്റെ സ്വകാര്യ സ്ഥാപനത്തില്‍ കൊണ്ടു പോയിട്ടും ചോദ്യം ചെയ്തു. ഏറ്റവും ഒടുവിലാണ് പോലീസിനെ അറിയിച്ചത്. പോലീസ് മണികണ്ഠനെ സ്റ്റേഷനില്‍ എത്തിച്ച് ചോദിച്ചറിഞ്ഞപ്പോഴാണ് ആള്‍ക്കൂട്ടം തെറ്റിദ്ധരിച്ചതാണെന്നു മനസ്സിലായത്. വൈകുന്നേരത്തോടെ വിട്ടയച്ചു.അതിനിടെ നിരപരാധിയെ ആള്‍ക്കൂട്ട വിചാരണ നടത്തി അക്രമിച്ച സംഭവത്തെക്കുറിച്ച് കേസെടുത്ത് അന്വേഷണം നടത്തി മണികണ്ഠ നെ അക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് മംഗലം എ.എം.എല്‍.പി.സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് റുയേഷ് കോഴിശ്ശേരി ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നാട്ടില്‍ ജീവിക്കാന്‍ കഴിയില്ലെന്നു ഭയന്നിട്ടാണ് അക്രമത്തിനിരയായ മണികണ്ഠന്‍ പരാതി നല്‍കാത്തതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ തട്ടിക്കൊണ്ടു പോവാന്‍ ശ്രമിച്ചതാണെന്നു കരുതി തടഞ്ഞുവെച്ചയാളെ മര്‍ദ്ദിച്ചതായി ആക്ഷേപമില്ലെന്ന് തിരൂര്‍ എസ്.എച്ച്.ഒ സുമേഷ് സുധാകര്‍ പറഞ്ഞു. കൂട്ടായി ആലിന്‍ ചുവട്ടില്‍ ഡ്യൂട്ടിക്കിടയിലാണ് വിവരം ലഭിച്ചത്. ഉടനെ സ്ഥലത്തെത്തി മണികണ്ഠനെ സ്റ്റേഷനിലേക്ക് കൊണ്ടുവന്നുവെന്നും നിരപരാധിത്വം ബോദ്ധ്യപ്പെട്ടതിനെ തുടര്‍ന്ന് വിട്ടയച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം ഭരണത്തിന്റെ മറവില്‍ ഒരു സംഘമാളുകള്‍ നിയമം കയ്യിലെടുത്ത് പോലീസു ചമയുന്നത് അധികൃതര്‍ ശ്രദ്ധിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.

Top