തിരുവനന്തപുരം: പൊലീസിലെ ദാസ്യപ്പണിയുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍. ക്യാമ്പ് ഫോളോവര്‍മാരാണ് ഡിജിപി ലോക്നാഥ് ബെഹ്‌റയെ സമീപിച്ചത്. എസ്എപി ഡപ്യൂട്ടി കമ്മാന്റന്റ് പിവി രാജുവിന്റെ വീടിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ടൈല്‍ പണിക്ക് നിയമിച്ചെന്നാണ് ആരോപണം.
നിലവില്‍ പിവി രാജുവിനെതിരെ വിജിലന്‍സ് അന്വേഷണം നിലവിലുണ്ട്. അതേസമയം വീഡിയോ ദൃശ്യങ്ങള്‍ അടക്കമാണ് ക്യാമ്പ് ഫോളോവര്‍മാര്‍ ഡിജിപിയെ സമീപിച്ചിരിക്കുന്നത്. നാല് ജീവനക്കാരെയാണ് ഇത്തരത്തില്‍ ദാസ്യപ്പണിക്ക് നിയോഗിച്ചത്.
അതേസമയം മുതിര്‍ന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പൊലീസിലെ ദാസ്യപ്പണി വിവാദത്തില്‍ പ്രതിസ്ഥാനത്താണ്. കഴിഞ്ഞ യുപിഎ സര്‍ക്കാരിന്റെ കാലത്ത് മന്ത്രിസഭയില്‍ അംഗങ്ങളായിരുന്ന കെസി വേണുഗോപാല്‍, കെവി തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവര്‍ മന്ത്രിമായിരുന്ന കാലത്തെ ഗണ്‍മാന്മാരെ ഇപ്പോഴും നിലനിര്‍ത്തിയിരിക്കുകയാണ്.
സംസ്ഥാനത്ത് എണ്‍പതിലേറെ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരാണ് പൊലീസുദ്യോഗസ്ഥരെ തങ്ങളുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. ഇതുവഴി സര്‍ക്കാര്‍ ഖജനാവിന് കോടികളുടെ നഷ്ടമാണ് പ്രതിവര്‍ഷം ഉണ്ടാകുന്നത്.
എഡിജിപി ആയിരുന്ന സുദേഷ് കുമാറിന്റെ ഭാര്യയും മകളും അദ്ദേഹത്തിന്റെ ഡ്രൈവറായിരുന്ന ഗവാസ്‌കറിനെ മര്‍ദ്ദിച്ചതാണ് സംസ്ഥാനത്ത് വലിയ വിവാദത്തിന് തിരികൊളുത്തിയിരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ കീഴുദ്യോഗസ്ഥരെ അടിമപ്പണി ചെയ്യിക്കുന്നതിന്റെ വലിയ തെളിവുകളാണ് പുറത്തുവരുന്നത്. ഇതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാനത്ത് ഇത്തരത്തില്‍ ജോലി ചെയ്യുന്ന പൊലീസുദ്യോഗസ്ഥരുടെ കണക്ക് ആവശ്യപ്പെട്ടത്.