പുതിയ ഇനം നിശാശലഭത്തെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. സൈക്കിഡേ കുടുംബത്തില്‍പ്പെടുന്ന ‘യുമാസിയ വെനിഫിക്ക’ എന്നു പേരുള്ള നിശാശലഭത്തെയാണ് കണ്ടെത്തിയത്. ഇടുക്കി കട്ടപ്പനയിലെ നരിയംപാറയിലാണ് ഇതിനെ കണ്ടത്. ഇന്ത്യയില്‍ നിന്നുള്ള നാലാമത്തെ യുമാസിയ ജനുസില്‍പ്പെട്ട ഇനമാണിത്. തൃശൂര്‍ സെന്റ് തോമസ് കോളേജ് സുവോളജി വിഭാഗത്തിലെ ഗവേഷക വിദ്യാര്‍ത്ഥികളാണ് ഗവേഷണം നടത്തിയത്. എ യു ഉഷ, അധ്യാപികയും റിസര്‍ച്ച് ഗൈഡുമായ ഡോ ജോയ്സ് ജോര്‍ജ്, ജര്‍മന്‍ ഗവേഷകനായ തോമസ് സോബിക്‌സ്, മാള കാര്‍മല്‍ കോളേജിലെ അധ്യാപകന്‍ ഡോ ടി ജെ റോബിന്‍ എന്നിവരടങ്ങുന്ന സംഘമാണ് കണ്ടെത്തല്‍ നടത്തിയത്.
‘മന്ത്രവാദിനിത്തൊപ്പി’ എന്നര്‍ത്ഥം വരുന്ന ‘വെനിഫിക്കസ്’ എന്ന വാക്കില്‍ നിന്നാണ് ഇവയ്ക്ക് ‘വെനിഫിക്ക’ എന്ന സ്പീഷീസ് നാമം ലഭിച്ചത്. ഈ ശലഭത്തിന്റെ ചിറകുകളുടെ നീളം 89 മില്ലി മീറ്ററും ശരീരത്തിന്റെ നീളം മൂന്ന് മില്ലി മീറ്ററും ആണ്. ലൈക്കണുകളുമായുള്ള സഹവാസമാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത.ഇവയെ കൂടുതലും കണ്ടു വരുന്നത് ലൈക്കണുകള്‍ പറ്റിപ്പിടിച്ചു വളരുന്ന പാറകളിലാണ്. ഇവ ലൈക്കണുകളെ ഭക്ഷണമാക്കുകയും അവയുടെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് ശരീരത്തിനു ചുറ്റും കൂടുകള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നു. അതിനാല്‍ ഇവയെ ലൈക്കണുകളില്‍ നിന്നും തിരിച്ചറിയുക ബുദ്ധിമുട്ടാണ്.ശത്രുക്കളില്‍ നിന്ന് രക്ഷ നേടാനും ഈ സാഹചര്യം ഇവയെ സഹായിക്കുന്നു.