പരീക്ഷയ്ക്കിടെ പിഞ്ചുകുഞ്ഞിനെ പരിപാലിച്ച് യുവതി; കുഞ്ഞിനെ മടിയില്‍വെച്ച് നിലത്തിരുന്ന് പരീക്ഷയെഴുതി

രണ്ട് മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ മടിയിലിരുത്തി പരീക്ഷയെഴുതി ഒരമ്മ. അഫ്ഗാനിസ്ഥാനിലാണ് യൂണിവേഴ്‌സിറ്റി പ്രവേശന പരീക്ഷ എഴുതാന്‍ പിഞ്ചുകുഞ്ഞുമായി യുവതി എത്തിയത്. ജഹാന്‍ താബ് എന്ന 22കാരിയാണ് ഇത്തരത്തില്‍ പരീക്ഷയ്‌ക്കെത്തിയത്. അഫ്ഗാനിലെ ദായ്കുന്ദി പ്രവിശ്യയിലെ ഒരു സ്വകാര്യ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷയായിരുന്നു യുവതി എഴുതിയത്. പരീക്ഷ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോഴേക്കും കുഞ്ഞ് കരയാന്‍ തുടങ്ങി. ഇതോടെ യുവതി കുഞ്ഞിനെ എടുത്ത് കസേരിയില്‍ നിന്ന് എഴുന്നേറ്റ് നിലത്തിരുന്നു. തുടര്‍ന്ന് കുഞ്ഞിനെ മടിയില്‍ കിടത്തിയ ശേഷം പരീക്ഷ എഴുതാന്‍ തുടങ്ങി. കുഞ്ഞിനെ മടിയിലിരുത്തി പരീക്ഷ എഴുതിയ ഈ അമ്മയുടെ ചിത്രം സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അധ്യാപകന്‍ യാഹ്യ ഇര്‍ഫാനാണ് യുവതിയുടെ ഫോട്ടോ എടുക്കുകയും പിന്നീട് അത് സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തത്. യുവതിയെ പുകഴ്ത്തി നിരവധി പേരാണ് ഫോട്ടോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. പിഞ്ചുകുഞ്ഞിനെയും കൊണ്ട് പരീക്ഷ എഴുതിയ താബിന്റെ ശ്രമത്തിനെ നിരവധി പേര്‍ പ്രോത്സാഹിപ്പിച്ചു. 20 വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിലെ കുട്ടി ഈ ഫോട്ടോ കാണുമ്പോള്‍ അഫ്ഗാനിസ്ഥാന്‍ വളരെ മുന്നേറിയിട്ടുണ്ടാകുമെന്ന് ചിലര്‍ പറയുന്നു. ഹൃദയം തൊടുന്ന കാഴ്ചയെന്നും യുവതി ഒരു താരമാണെന്നുമൊക്കെ മറ്റു ചിലരും കമന്റ് ചെയ്തിട്ടുണ്ട്. അഫ്ഗാനിലെ യുവതിക്ക് പ്രചോദനമാകട്ടെ എന്നു കരുതി മാത്രമാണ് അധ്യാപകന്‍ ഫോട്ടോ പകര്‍ത്തുകയും സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തത്. എന്നാല്‍ അധ്യാപകന്റെ കണക്കുകൂട്ടലുകളെ മറികടന്ന് ചിത്രം ലോകമെമ്പാടും വൈറലായി. മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ താബ് ആറ് മണിക്കൂര്‍ യാത്ര ചെയ്താണ് പരീക്ഷയ്‌ക്കെത്തിയത്. കര്‍ഷകനാണ് താബിന്റെ ഭര്‍ത്താവ്. യുവതി ആഗ്രഹിക്കുന്നിടത്തോളം പഠിപ്പിക്കാന്‍ തയ്യാറായി ഭര്‍ത്താവ് ഉണ്ടെങ്കിലും ഇവരുടെ സാമ്പത്തിക അവസ്ഥ അതിനെല്ലാം തടസ്സമാണ്. ഇവരുടെ അവസ്ഥ അറിഞ്ഞ് നിരവധി സംഘടനകള്‍ സഹായിക്കാന്‍ എത്തിയിട്ടുണ്ട്. അഫ്ഗാന്‍ യൂത്ത് അസോസിയേഷന്‍ ഗോ ഫണ്ട് മി എന്ന പേരില്‍ ഒരു ധനസമാഹരണ പരിപാടി ആരംഭിച്ചുകഴിഞ്ഞു. ആയിരക്കണിക്കിന് അഫ്ഗാന്‍ യുവതികള്‍ക്ക് താബ് ഒരു മാതൃകയാണെന്നാണ് ഇവരുടെ അഭിപ്രായം.

Top