ഗള്‍ഫില്‍ ജോലി ചെയ്യുന്ന യുവാവിന് കുരുക്കായത് അമ്മ നാട്ടില്‍ നിന്നും അയച്ച പാഴ്‌സലാണ്. നല്ല കനമുള്ള പെട്ടിയാണ് നാട്ടില്‍ നിന്നും വിമാനത്തിലെത്തിയത്. കനം കണ്ട കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നി. പെട്ടി കൂടുതല്‍ പരിശോധനയ്ക്കായി വിട്ടു. തുറന്ന് നോക്കിയപ്പോള്‍ ഉദ്യോഗസ്ഥര്‍ അന്തം വിട്ടു. മന്ത്രവാദത്തിനുള്ള വസ്തുക്കൾ പെട്ടിക്കുള്ളില്‍ മന്ത്രവാദത്തിന് ഉപയോഗിക്കുന്ന പലതരം വസ്തുക്കള്‍. മന്ത്രത്തകിടുകളും ഏലസ്സും തുണിക്കഷണത്തില്‍ എഴുതിയ വസ്തുക്കളും എന്ന് വേണ്ട, പെട്ടി നിറയെ മന്ത്രവാദമായിരുന്നു. അറബിക്കില്‍ പലതും കുറിച്ച ലിഖിതങ്ങളുമുണ്ട്. മന്ത്രവാദം നിയമവിരുദ്ധമാണ് രാജ്യത്ത്. ഇതോടെ പോലീസ് ഇടപെട്ടു. യുവാവിന് ശിക്ഷ പെട്ടിയിലെ വിലാസം നോക്കി ഉടമയെ പോലീസ് പൊക്കി. കേസുമെടുത്തു. മാത്രമല്ല അല്‍ഐന്‍ ക്രിമിനല്‍ കോടതി യുവാവിന് അയ്യായിരം ദിര്‍ഹം പിഴയും നാടുകടത്തലും ശിക്ഷ വിധിക്കുകയും ചെയ്തു. യഥാര്‍ത്ഥത്തില്‍ ആഭിചാര ക്രിയ ചെയ്യാനൊന്നുമായിരുന്നില്ല ആ അമ്മ മകന് പാഴ്‌സല്‍ അയച്ചത്. സംഭവം ഇങ്ങനെയാണ്. രോഗശാന്തിക്ക് വേണ്ടി അയച്ചത് മുപ്പതുകാരനായ പ്രവാസി യുവാവിന് ചില ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഉറക്കത്തില്‍ ഞെട്ടി ഉണരുക, മാനസിക പിരിമുറുക്കം എന്നിവയായിരുന്നു യുവാവിന്. നാട്ടിലുള്ള അമ്മയോട് ഈ വിവരം യുവാവ് ഇടയ്ക്ക് പറയാറുണ്ടായിരുന്നു. നാട്ടിന്‍പുറത്തുകാരിയായ അമ്മയാകട്ടെ മകന്റെ രോഗശാന്തിക്ക് ആദ്യം പോയി കണ്ടത് നാട്ടിലെ മന്ത്രവാദിയെ ആയിരുന്നു. നിയമം അറിയാത്ത അമ്മ മന്ത്രവാദിയാകട്ടെ രോഗശാന്തിക്ക് ജപിച്ച ചരടും തകിടും എന്ന് വേണ്ട സകലമാന സാധനങ്ങളും കൊടുത്തയച്ചു. ഇതാണ് ഗള്‍ഫിലെ നിയമത്തെക്കുറിച്ചൊന്നും ഒരു ധാരണയുമില്ലാത്ത അമ്മ മകന് പൊതി കെട്ടി അയച്ചത്. കടുത്ത ശിക്ഷ വിധിച്ച അല്‍ഐന്‍ ക്രിമിനല്‍ കോടതി ഉത്തരവിന് എതിരെ യുവാവ് അപ്പീല്‍ കോടതിയെ സമീപിക്കുകയുണ്ടായി. യുവാവിനെ കുറ്റവിമുക്തനാക്കി പാഴ്‌സലായി എത്തിയ വസ്തുക്കള്‍ മതകാര്യ വകുപ്പിലെ പണ്ഡിതന്മാരുടെ സാന്നിധ്യത്തില്‍ കോടതി പരിശോധിച്ചു. മാതാവ് അയച്ച് കൊടുത്ത വസ്തുക്കളില്‍ മകന്‍ തെറ്റുകാരനല്ലെന്ന് കോടതി പ്രതിനിധി റിപ്പോര്‍ട്ട് നല്‍കി. മാത്രമല്ല മറ്റ് ലക്ഷ്യങ്ങളൊന്നും ഇയാള്‍ക്കില്ലെന്നും കോടതിയില്‍ ചൂണ്ടിക്കാട്ടപ്പെട്ടു. ഇതോടെ അപ്പീല്‍ കോടതി യുവാവിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.