ഇഷ്ടപ്പെട്ട സ്ത്രീയെ ആകര്‍ഷിക്കാന്‍ ആഭിചാര കര്‍മ്മങ്ങള്‍ക്കായി മൂങ്ങയെ അതിക്രൂരമായി കൊലപ്പെടുത്തി; നാല്‍പതുകാരന്‍ പൊലീസ് പിടിയില്‍

ഇഷ്ടപ്പെട്ട സ്ത്രീയെ ആകര്‍ഷിക്കുന്നതിനായി ആഭിചാര കര്‍മ്മങ്ങള്‍ക്ക് മൂങ്ങയെ കൊന്ന് നാല്‍പ്പതുകാരന്‍. വിവാഹിതനും മൂന്ന് മക്കളുടെ പിതാവുമായ കനയ്യ എന്ന ആളാണ് ഇഷ്ടപ്പെട്ട സ്ത്രീയെ ആകര്‍ഷിക്കാന്‍ മൂങ്ങയെ കൊലപ്പെടുത്തി ആഭിചാര കര്‍മ്മങ്ങള്‍ ചെയ്തത്. ഡല്‍ഹിയിലാണ് സംഭവം നടന്നത്. മൃഗങ്ങളോടുള്ള ക്രൂരതയുടെ പേരില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം പൊലീസ് കനയ്യുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കൂളറില്‍നിന്ന് മൂങ്ങയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു.

മൂങ്ങയെ കൊന്നാല്‍ ആഗ്രഹം സാധിക്കുമെന്നാണ് ഇയാള്‍ വിശ്വസിച്ചിരുന്നത്. ആഭിചാര കര്‍മ്മത്തിനായി ആദ്യം കത്തി ഉപയോഗിച്ച് മൂങ്ങയുടെ നഖങ്ങളാണ് ഇയാള്‍ വെട്ടിമാറ്റിയത്. പിന്നീട് ആന്തരികാവയവങ്ങളില്‍ സൂചികള്‍ കുത്തിയിറക്കി. അതേസമയം കനയ്യയ്ക്ക് എങ്ങനെയാണ് മൂങ്ങയെ കിട്ടിയതെന്നും അതിന് എത്ര തുക ഇയാള്‍ മുടക്കിയെന്നതിനെ കുറിച്ചും പൊലീസ് അന്വേഷിച്ച് വരികയാണ്. ആഭിചാര കര്‍മ്മങ്ങള്‍ നടത്തുന്നതിന്റെ യൂട്യൂബ് വീഡിയോ അറസ്റ്റിലായ കനയ്യ പൊലീസിന് കാണിച്ചു. താന്‍ ഇഷ്ടപ്പെട്ട സ്ത്രീ തന്നെയും ഇഷ്ടപ്പെടാന്‍ വേണ്ടിയാണ് ആ വീഡിയോയ്ക്ക് സമാനമായ പൂജകള്‍ ചെയ്തതെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

Top