ആ അമ്മമാരുടെ കാല്‍ തൊട്ട് വന്ദിച്ച് പ്രതിരോധ മന്ത്രി

കൊല്ലപ്പെട്ട സൈനികരുടെ അമ്മമാരുടെ കാല്‍ തൊടുന്ന പ്രതിരോധമന്ത്രിയുടെ വീഡിയോ സമൂഹമാധ്യങ്ങളില്‍ വൈറലാകുകയാണ്. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ജവാന്മാരുടെ അമ്മമാരെയും ഭാര്യമാരെയും ആദരിക്കുന്ന ചടങ്ങിലാണ് ജവാന്മാരുടെ അമ്മമാരുടെ കാല്‍ പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ തൊട്ടു വന്ദിച്ചത്. തിങ്കളാഴ്ചയാണ് ഡെറാഡൂറിലെ ഹത്തിബര്‍കലയില്‍ വീരമൃത്യു വരിച്ച സൈനികരുടെ ഭാര്യമാരെയും അമ്മമാരെയും ആദരിക്കുന്ന ശൗര്യ സമ്മാന്‍ സമാരോഹ് ചടങ്ങ് സംഘടിപ്പിച്ചത്. ഇവരെ ഷാള്‍ അണിയിച്ചും ബൊക്ക നല്‍കിയുമായിരുന്നു ആദരിച്ചത്. എന്നാല്‍ ഓരോ അമ്മമാരെയും വേദിയിലേയ്ക്ക് ക്ഷണിക്കുമ്പോള്‍ മന്ത്രി അവരുടെ കാലുകള്‍ തൊട്ടു വന്ദിക്കുന്നത് വീഡിയോയില്‍ കാണാം. കഴിഞ്ഞ 60 വര്‍ഷമായി യുദ്ധ സ്മാരകം നടപ്പാകാതെ കിടക്കുകയായിരുന്നുവെന്നും നാല് സുപ്രധാന യുദ്ധങ്ങളില്‍ മരിച്ച സൈനികര്‍ക്കായി ഒരു ചെറു യുദ്ധസ്മാരകം പോലും ദേശീയതലത്തില്‍ ഉണ്ടായിരുന്നില്ലെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ഈ ഫെബ്രുവരിയില്‍ നമ്മുടെ പട്ടാളക്കാര്‍ക്കായി യുദ്ധസ്മാരകം നിര്‍മിക്കാന്‍ കഴിഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തിനെതിരെ നിര്‍മലാ സീതാരാമന്‍ ചടങ്ങിനിടെ വിമര്‍ശനം നടത്തി. യുപിഎ കാലത്ത് മുന്‍സൈനികര്‍ക്കായി 500 രൂപയാണ് നീക്കി വെച്ചതെങ്കില്‍ നരേന്ദ്ര മോദി സര്‍ക്കാരിന്റെ കാലത്ത് 35000 കോടി രൂപ മാറ്റി വെച്ചിട്ടുണ്ടെന്ന് അവര്‍ അവകാശപ്പെട്ടു.

Top