മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ച ഡ്രൈവര്‍ക്ക് വിചിത്രമായ ശിക്ഷ നല്‍കി മോട്ടോര്‍ വകുപ്പ്. ലൈസന്‍സ് സസ്‌പെന്റു ചെയ്തതിനൊപ്പം എറണാകുളം ജനറല്‍ ആശുപത്രിയിലെ ശുചീകരണ വിഭാഗത്തിലോ ഭക്ഷണവിതരണ വിഭാഗത്തിലോ പ്രതിഫലമില്ലാതെ സേവനം ചെയ്യണമെന്നാണ് വെങ്ങോല സ്വദേശി കെ.എസ് രാജീവിനോട് മോട്ടോര്‍ വാഹന വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്.
14 ദിവസം വരെ ഈ സേവനം ചെയ്യണം. ഒട്ടേറെപ്പേര്‍ക്ക് ഇതിനോടകം ഈ ശിക്ഷ ഏറ്റുവാങ്ങിയതായാണ് റിപ്പോര്‍ട്ട്. കളക്‌ട്രേറ്റിന് സമീപം അത്താണി ജങ്ഷനിലാണ് മരണപ്പാച്ചിലിനിടെ രാജീവ് ഓടിച്ചിരുന്ന ടിപ്പര്‍ പിടികൂടിയത്.
അമിത വേഗത്തില്‍ പായുന്ന ടിപ്പര്‍ ശ്രദ്ധയില്‍പ്പെട്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എല്‍ദോ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള സ്വകാഡാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസം ടിപ്പര്‍ അപകടത്തില്‍ ജില്ലയില്‍ മൂന്നുപേര്‍ മരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിശോധന വ്യാപകമാക്കിയത്.