കൊച്ചി: പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനും ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവുമായ എം എസ് സ്വാമിനാഥന്‍ (98) അന്തരിച്ചു. ചെന്നൈയിലായിരുന്നു അന്ത്യം. ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്ക് നയിച്ച പ്രതിഭയായിരുന്നു അദ്ദേഹം.
ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കിലെ മങ്കൊമ്പില്‍ 1925 ഓഗസ്റ്റ് 7നു ജനിച്ച മങ്കൊമ്പ് സാംബശിവന്‍ സ്വാമിനാഥന്‍ എന്ന എം എസ് സ്വാമിനാഥന്‍ ഇന്ത്യന്‍ ഹരിതവിപ്ലവത്തിന്റെ പിതാവായാണ് അറിയപ്പെടുന്നത്. ഇരുപതാം നൂറ്റാണ്ടില്‍ ഏഷ്യ കണ്ട ഏറ്റവും സ്വാധീനശക്തിയുള്ള 20 പേരില്‍ ഒരാളായിരുന്നു അദ്ദേഹമെന്ന് ടൈംസ് മാഗസിന്‍ വിശേഷിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെ കൂടാതെ മഹാത്മാ ഗാന്ധിയും രവീന്ദ്രനാഥ ടഗോറും മാത്രമാണ് ഇന്ത്യയില്‍നിന്ന് 20 പേരില്‍ ഉള്‍പ്പെട്ടിരുന്നത്. ഭക്ഷ്യസുരക്ഷയ്ക്ക് ഫലപ്രദമാകുന്ന സുസ്ഥിര കൃഷിക്കുവേണ്ടി ഹരിതവിപ്ലവം, നിത്യഹരിതവിപ്ലവം ആക്കേണ്ടതുണ്ടെന്ന അദ്ദേഹത്തിന്റെ ശുപാര്‍ശ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്.